»   » ബോഡിഗാര്‍ഡ് ഡിസംബര്‍ നാലിന്

ബോഡിഗാര്‍ഡ് ഡിസംബര്‍ നാലിന്

Posted By:
Subscribe to Filmibeat Malayalam
Bodyguard
മലയാളത്തിലെ അപരാജിത സംവിധായകന്‍ സിദ്ദിഖും ദിലീപും ആദ്യമായൊന്നിയ്ക്കുന്ന ബോഡിഗാര്‍ഡ് ഡിസംബര്‍ നാലിന് റിലീസാകും. തെന്നിന്ത്യന്‍ ഗ്ലാമാര്‍ റാണി നയന്‍താര നായികയാവുന്ന ചിത്രം റംസാനോടനുബന്ധിച്ച് റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാക്കളായ ജോണി സാഗരിക നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീടത് ക്രിസ്മസിലേക്ക് ചാര്‍ട്ട് ചെയ്‌തെങ്കിലും ഡിസംബര്‍ ആദ്യം തന്നെ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ പ്ലാന്‍.

ഗ്യാരണ്ടി താരമെന്ന ലേബല്‍ ദിലീപിന് കൈമോശം വന്ന സാഹചര്യത്തില്‍ ബോഡിഗാര്‍ഡിന്റെ റിലീസ് ജോണി സാഗരികയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മോസ് ആന്‍ഡ് ക്യാറ്റ്, സ്വലേ എന്നീ സിനിമകള്‍ക്കേറ്റ തിരിച്ചടി ബോഡിഗാര്‍ഡിന് പ്രതികൂലമാവുമോയെന്നാണ് അവര്‍ ഭയക്കുന്നത്.

ഇയൊരു സാഹചര്യത്തില്‍ മറ്റു ക്രിസ്മസ് റിലീസുകളായ മമ്മൂട്ടിയുടെ ചട്ടമ്പിനാട്, മോഹന്‍ലാലിന്റെ ഇവിടം സ്വര്‍ഗമാണ് എന്നീ വമ്പന്‍ സിനിമകളോട് എതിരിടാന്‍ നില്‍ക്കാതെ റിലീസ് നേരത്തെയാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

കേരളത്തില്‍ ഏറെ ആരാധകരുള്ള വിജയ്‌യുടെ വേട്ടൈക്കാരന്‍, അമീര്‍ ഖാന്റെ ത്രീ ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങളും ക്രിസ്മസിനോടനുബന്ധിച്ച് തിയറ്ററുകളിലെത്തുന്നുണ്ട്. ഇവ ഉയര്‍ത്തുന്ന ഭീഷണി പോലും നേരിടുകയെന്ന റിസ്‌ക്കും ഇതോടെ ജോണി സാഗരിക ഒഴിവാക്കുകയാണ്. തന്ത്രപരമായ ഈ നീക്കത്തിലൂടെ മൂന്നാഴ്ചയോളം ബോഡിഗാര്‍ഡിന് തിയറ്ററുകളില്‍ എതിരാളികളില്ലാതെ പ്രദര്‍ശിപ്പിയ്ക്കാന്‍ സാധിയ്ക്കും. നൂറ് തിയറ്ററുകളില്‍ റിലീസ് നിശ്ചയിച്ചിരിയ്ക്കുന്ന ബോഡിഗാര്‍ഡിന് ആദ്യം വെല്ലുവിളി ഉയര്‍ത്തി തിയറ്ററുകളിലെത്തുക ഡിസംബര്‍ 18ന് റിലീസ് നിശ്ചയിച്ചിരിയ്ക്കുന്ന വേട്ടൈക്കാരനാണ്.

മുന്‍ ചിത്രമായ മോസ് ആന്‍ഡ് ക്യാറ്റസിന്റെ പരാജയമേല്‍പ്പിച്ച നഷ്ടം നികത്തുകയെന്ന ലക്ഷ്യം കൂടി ബോഡിഗാര്‍ഡിന്റെ റിലീസിലുടെ ജോണി സാഗരിക ലക്ഷ്യമിടുന്നുണ്ട്. പ്രതികൂലമായ പല സാഹചര്യങ്ങളുണ്ടെങ്കിലും മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് മേക്കറായ സിദ്ദിഖ് അണിയിച്ചൊരുക്കുന്ന ബോഡിഗാര്‍ഡ് വിജയ ചരിത്രം ആവര്‍ത്തിയ്ക്കുമെന്ന് തന്നെയാണ് വിപണി പ്രതീക്ഷിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam