»   » ഗദ്ദാമ ദുബൈയില്‍ തുടങ്ങി

ഗദ്ദാമ ദുബൈയില്‍ തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
ഒരിടവേളയ്ക്ക് ശേഷം കാവ്യ വീണ്ടും മുസ്ലീം വേഷത്തിലെത്തുന്ന ഗദ്ദാമയുടെ ഷൂട്ടിങിന് ദുബൈയില്‍ തുടക്കമായി. മുതിര്‍ന്ന സംവിധായകനായ കമല്‍ ഒരുക്കുന്ന ഗദ്ദാമയില്‍ ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമ്മൂട്, ബിജു മേനോന്‍, ജാഫര്‍ ഇടുക്കി, മുരളി ഷ്ണന്‍, സുകുമാരി, ലെന, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കമലിന്റെ തന്നെ പെരുമഴക്കാലത്തിന് ശേഷം കാവ്യയ്ക്ക് ലഭിയ്ക്കുന്ന ശക്തമായ ഒരു കഥാപാത്രമാണ് ഗദ്ദാമയിലേത്. അറബിനാടുകളിലെ വീടുകളില്‍ വേലയ്‌ക്കെത്തുന്നവരെയാണ് ഗദ്ദാമ എന്നുവിളിയ്ക്കുന്നത്. ചിത്രത്തില്‍ അഭ്യസ്തവിദ്യയായ അശ്വതി എന്ന ഗദ്ദാമയായാണ് കാവ്യ വേഷമിടുന്നത്.

സ്വന്തം കുടുംബം പോറ്റാനായി ഗള്‍ഫിലെത്തുന്ന ആയിരക്കണക്കിന് പ്രവാസികളുടെ പ്രതിനിധിയാണ് അശ്വതി. ഗള്‍ഫിലെ സമ്പന്നതയില്‍ ആരും ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നവരുടെ കഥയാണ് കമല്‍ ഗദ്ദാമയിലൂടെ പറയുന്നത്.

ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന റസാഖ് കൊട്ടേക്കാട് എന്ന കഥാപാത്രത്തെയാണ് ശ്രീനി അവതരിപ്പിയ്ക്കുന്നത്. ഗള്‍ഫിലെ ധനികനും സാമൂഹ്യപ്രവര്‍ത്തകനും ബിസ്സിനസ്സുകാരനുമാണ് ഈ കഥാപാത്രം.

പത്രപ്രവര്‍ത്തകനായ കെയു ഇഖ്ബാലിന്റെ കഥയെ ആസ്പദമാക്കി കെ ഗിരീഷ് കുമാറാണ് ഗദ്ദാമയുടെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. അനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവി പ്രദീപാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam