For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദക്ഷിണാമൂര്‍ത്തി : ഒരു സുന്ദരരാഗം പോലെ

By Lakshmi
|

മലയാള ചലച്ചിത്ര സംഗീതശാഖയുടെ ഗുരുസ്ഥാനീയനാണ് സംഗീതജ്ഞന്‍ വി ദക്ഷിണാമൂര്‍ത്തി. ആറു പതിറ്റാണ്ടു നീണ്ട സംഗീതസപര്യയില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ആചാര്യനാണ് അദ്ദേഹം.ചലച്ചിത്രഗാനങ്ങളില്‍ ശാസ്ത്രീയ സംഗീതത്തെ സന്നിവേശിപ്പിച്ച് പുതിയ ചലച്ചിത്രസംഗീതരീതിയ്ക്കു തുടക്കമിട്ടത് സ്വാമിയാണ്. പ്രണയവും വിരഹവും എന്നുവേണ്ട വിപ്ലവവും വാത്സല്യവും തുളുമ്പുന്ന എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്. തലമുറകള്‍ക്കിപ്പുറം സംഗീതമത്സരവേദികളില്‍ സ്വാമിയുടെ സംഗീതമില്ലാതെ മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നില്ല.സ്വാമി സംഗീതം ചെയ്ത മികച്ച ഗാനങ്ങള്‍ പാടിഫലിപ്പിച്ചാല്‍ ആ ഗായകന്‍, അല്ലെങ്കില്‍ ഗായികയുടെ കഴിവിനെ സംഗീതലോകവും ആസ്വാദകരും അംഗീകരിക്കുന്നു.

1948ല്‍ നല്ലതങ്കയെന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി രംഗത്തെത്തിയ അദ്ദേഹം ചലച്ചിത്രസംഗീതരംഗത്തുനിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത് 1987ല്‍ ആയിരുന്നു. ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന ചിത്രത്തിന് വേണ്ടി സംഗീതം നല്‍കിയതിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ 2008ല്‍ പ്രിയപ്പെട്ടവരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി മിഴികള്‍ സാക്ഷിയെന്ന ചിത്രത്തിന് വേണ്ടി വീണ്ടും രംഗത്തെത്തി.

സ്വാമിയുടെ ഗാനങ്ങളില്‍ നിന്നും മികച്ചത് തിരഞ്ഞെടുക്കുകയെന്ന് സാധിയ്ക്കാത്ത കാര്യമാണ്. അവയില്‍ അതിമനോഹരമായ ചില ഗാനങ്ങള്‍ ഇവിടെ.

ഒരു സുന്ദരരാഗം പോലെ

ഹൃദയസരസിലേ പ്രണയപുഷ്‌മേ

ഇനിയും നിര്‍കഥ പറയൂ, നീ പറയൂ....

മൂന്നു തലമുറകള്‍ക്കിപ്പുറവും മനസിനെ പ്രണയാര്‍ദ്രമാക്കുന്നു ഗാനമാണിത്. 1968ല്‍ പാടുന്ന പുഴയെന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം അദ്ദേഹം ചിട്ടപ്പെടുത്തിയത്. ശ്രീകുമാരന്‍ തമ്പി രചിച്ച ഈ ഗാനം യേശുദാസാണ് ആലപ്പിച്ചത്. ആഭേരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനം സിനിമയില്‍ പാടി അഭിനയിച്ചത് പ്രേംനസീറും ഷീലയുമായിരുന്നു. അന്നത്തെ തലമുറയും ഇന്നത്തെ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗാനമാണ്.

ഒരു സുന്ദരരാഗം പോലെ

സ്വപ്‌നങ്ങള്‍...സ്വപ്‌നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ

നിങ്ങളീ ഭൂമയില്‍ ഇല്ലായിരുന്നെങ്കില്‍.....

കാവ്യമേളയെന്ന(1965) ചിത്രത്തിന് വേണ്ടി സ്വാമി ചിട്ടപ്പെടുത്തിയ ഗാനമാണിത്. വയലാറിന്റേതാണ് വരികള്‍. യേശുദാസും പി ലീലയും ചേര്‍ന്നാലപിച്ച ഈ ഗാനം താരതമ്യമില്ലാത്ത ശ്രവ്യസുഖം നല്‍കുന്നു.

ഒരു സുന്ദരരാഗം പോലെ

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂം പൈതലേ......

കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ.....

1960ല്‍ പുറത്തിറങ്ങിയ സീതയെന്ന ചിത്രത്തിന് വേണ്ടി അഭയദേവ് രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ ഈ ഗാനം മലയാളത്തിന്റെ ആദ്യകാല താരാട്ടാപാട്ടുകളില്‍ ഒന്നാണ്. വാത്സല്യവും വിഷാദവും അലിയിച്ച് പി സുശീല ആലപിച്ച ഈ ഗാനം ഹൃദയസ്പര്‍ശിയാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല.

ഒരു സുന്ദരരാഗം പോലെ

ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍

പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു....അതിമനോഹരമാണ് ഈ ഗാനം, 1970ല്‍ പുറത്തിറങ്ങിയ സ്ത്രീയെന്ന ചിത്രത്തിന് വേണ്ടിയാണ് സ്വാമി ഈ ഗാനം ചിട്ടപ്പെടുത്തിയത്. പി ഭാസ്‌കരന്റേതാണ് വരികള്‍. യേശുദാസ് ആലപിച്ച ഈ ഗാനരംഗത്ത് സത്യനാണ് അഭിനയിച്ചിരിക്കുന്നത്. ഇന്നും ചലച്ചിത്രസംഗീതവേദികളില്‍ ഏറെ സ്വീകരിക്കപ്പെടുന്ന ഗാനങ്ങളിലൊന്നാണിത്.

ഒരു സുന്ദരരാഗം പോലെ

പുലയനാര്‍ മണിയമ്മ പൂമുല്ല കാവിലമ്മ

കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ...... 1976ല്‍ പുറത്തിറങ്ങിയ പ്രസാദം എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്‌കരന്‍ രചിച്ച് സ്വാമി സംഗീതം നല്‍കിയ ഗാനമാണിത്. യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു സുന്ദരരാഗം പോലെ

ഉത്തരാസ്വയംവരം കഥകളി കാണുവാന്‍

ഉത്രാടരാത്രിയില്‍ പോയിരുന്നു....

കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവള്‍........കേട്ടാലും കേട്ടാലും മതിവരാത്ത ഈ ഗാനം 1969ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ ബിസ്‌കറ്റ് എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച് സ്വാമി സംഗീതം നല്‍കിയഗാനമാണ്. യേശുദാസ് ആലപിച്ച ഈ ഗാനരംഗത്ത് പ്രേം നസീറും സാധനയുമാണ് അഭിനയിച്ചിരിക്കുന്നത്.

ഒരു സുന്ദരരാഗം പോലെ

പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു

സ്വര്‍ണ പീതാംബരമുലഞ്ഞു വീണു.....

നൃത്തശാലയെന്ന ചിത്രത്തിന് വേണ്ടിയാണ് സ്വാമി ഈ ഗാനം ചിട്ടപ്പെടുത്തിയത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് രചന. യേശുദാസാണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്.

ഒരു സുന്ദരരാഗം പോലെ

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും

പാട്ടിന്റെ പാലാഴി തീര്‍ത്തവളേ

ആനന്ദ കാരിണീ, അമൃതഭാഷിണി അമ്പരപ്പിക്കുന്ന സംഗീതമാണ് ഈ ഗാനത്തിന്റേത്. യേശുദാസിന്റെ മനോഹരമായ ആലാപനം കൂടിയായപ്പോള്‍ സ്വാമി സംഗീതം നല്‍കിയ ഈ ഗാനം മലയാളത്തിലെ ക്ലാസിക് ഗാനങ്ങളില്‍ ഒന്നായിമാറുകയായിരുന്നു. പി ഭാസ്‌കരന്‍ രചിച്ച ഈ ഗാനം 1971ല്‍ പുറത്തിറങ്ങിയ വിലയ്ക്കുവാങ്ങിയ വീണ എന്ന ചിത്രത്തിലേതാണ്. സ്വാമി ചിട്ടപ്പെടുത്തിയ അര്‍ധശാസ്ത്രീയഗാനങ്ങളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നാണിത്.

ഒരു സുന്ദരരാഗം പോലെ

താരകരൂപിണീ നീയെന്നുമെന്നുടെ..

ഭാവനാരോമാഞ്ജമായിരിക്കും എന്ന മനോഹരഗാനം 1973ല്‍ പുറത്തിറങ്ങിയ ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലേതാണ്. സ്വാമി സംഗീതം ചിട്ടപ്പെടുത്തിയ ഈ ഗാനം രചിച്ചത് ശ്രീകുമാരന്‍ തമ്പിയാണ്. കെ പി ബ്രഹ്മാനന്ദന്‍ പാടിയ ഈ ഗാനം മലയാളത്തിലെ അനശ്വര പ്രമേഗാനങ്ങളില്‍ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. നസീര്‍, ജയഭാരതി എന്നിവരാണ് ഗാനരംത്തില്‍ അഭിനയിച്ചത്.

ഒരു സുന്ദരരാഗം പോലെ

വാതില്‍ പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം

വാരിവിതറും ത്രിസന്ധ്യ പോകേ

അതിലോലമെന്‍ ഇടനാഴിയില്‍..... ഇടനാഴിയിലൊരു കാലൊച്ച എന്ന ചിത്രത്തിന് വേണ്ടി ഒഎന്‍വി രചിച്ച ഈ ഗാനവും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സംഗീതംകൊണ്ട് അനശ്വരമായി മാറിയ ഗാനമാണ്. യേശുദാസ് പാടിയ ഈ ഗാനം ആസ്വാദക മനസുകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്.

English summary
V Dakshinamurthy, Top-notch music director of South India, composed music over 125 films, here is a music tribute to the music maestro.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more