For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തിന്റെ മുഖശ്രീ

  By Super
  |

  നാല് പതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ശ്രീവിദ്യ മലയാളത്തിന്റെ മുഖശ്രീയായിരുന്നു. നിറഞ്ഞൊഴുകുന്ന സൗന്ദര്യവും ആഴമേറിയ കണ്ണുകളുമായി മലയാളിയുടെ സൗന്ദര്യസങ്കല്പത്തിന്റെ പ്രതീകമായിരുന്നു ശ്രീവിദ്യ. 53-ാം വയസില്‍ വിട പറയുമ്പോള്‍ മകളായും സഹോദരിയായും കാമുകിയായും ഭാര്യയായും അമ്മയായും മുത്തശിയായും വൈവിധ്യമേറിയ വേഷങ്ങളാണ് ശ്രീവിദ്യ ചെയ്തത്.

  കടലിന്റെ പരപ്പും ആഴവുമുള്ള കണ്ണുകള്‍ ഒരു കാലത്ത് സിനിമാപ്രേക്ഷകരുടെ ഹൃദയങ്ങളെയാണ് വേട്ടയാടിയിരുന്നത്. പ്രേക്ഷകരുടെ ഉറക്കം കെടുത്തിയ ആ സൗന്ദര്യത്തിന്റെ ഉടമയ്ക്ക് ജീവിതം വല്ലാതെ സങ്കീര്‍ണമായിരുന്നു. താന്‍ നേരിട്ട ജീവിതത്തിലെ ഉള്‍പ്പിരിവുകള്‍ സിനിമയിലും സങ്കീര്‍ണമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ അവരെ അംഗീകാരങ്ങളും തേടിയെത്തി.

  1953 ജൂലൈ 24-ാം തീയതിയാണ് തമിഴിലെ ഹാസ്യനടന്‍ ആര്‍. കൃഷ്ണമൂര്‍ത്തിയുടെയും ഗായിക എം.എല്‍. വസന്തകുമാരിയുടെയും മകളായി ശ്രീവിദ്യ മദ്രാസില്‍ ജനിച്ചത്. സമ്പന്നതയുടെയും ആഡംബരത്തിന്റെയും കളിത്തൊട്ടിലിലാണ് അവര്‍ ജനിച്ചുവീണത്. പക്ഷേ സ്നേഹം വേണ്ടുവോളം അനുഭവിക്കാന്‍ കഴിയാതെ പോയ ബാല്യമായിരുന്നു അവരുടേത്.

  വീട്ടില്‍ അച്ഛനും അമ്മയും തമ്മില്‍ എന്നും വഴക്കായിരുന്നു. അതിനിടയില്‍ ആ കുരുന്ന് മനസ് വല്ലാതെ വേദനിച്ചു.

  അഞ്ച് വയസ് മുതല്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ അമ്മയില്‍ നിന്ന് സംഗീതവും അഭ്യസിച്ചു. പതിനൊന്നാം വയസില്‍ അരങ്ങേറ്റം. നൃത്തത്തോടൊപ്പം സിനിമാലോകവും ശ്രീവിദ്യക്കു മുന്നില്‍ വാതില്‍ തുറന്നു.

  മെട്രിക്കുലേഷന്‍ കഴിഞ്ഞതോടെ പഠനം മതിയാക്കി. തിരുവരുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലെത്തിയത്. അന്ന് 13 വയസായിരുന്നു. ചെണ്ട എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.

  1969ല്‍ എന്‍. ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് ശ്രീവിദ്യ ആദ്യം നായികയാവുന്നത്. അന്ന് പതിനാറുകാരിയായ ശ്രീവിദ്യയുടെ നായകന്‍ സത്യനായിരുന്നു. തുടര്‍ന്ന് 850ലേറെ ചിത്രങ്ങളിലാണ് ശ്രീവിദ്യ അഭിനയിച്ചത്.

  രാജഹംസം, ബാബുമോന്‍, അംബ അംബിക അംബാലിക, ഹൃദയം ഒരു ക്ഷേത്രം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വേനലില്‍ ഒരു മഴ, റൗഡി രാജമ്മ, എന്റെ സൂര്യപുത്രിയ്ക്, നക്ഷത്രത്താരാട്ട്, ഇരകള്‍, ദൈവത്തിന്റെ വികൃതികള്‍ തുടങ്ങിയവ പ്രമുഖ ചിത്രങ്ങളാണ്.

  മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് മൂന്നു തവണ ശ്രീവിദ്യയെ തേടിയെത്തി. 1979ല്‍ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ അവാര്‍ഡ്. 1983ല്‍ രചന, 1992ല്‍ ദൈവത്തിന്റെ വികൃതികള്‍ എന്നീ ചിത്രങ്ങളും ശ്രീവിദ്യയ്ക്ക് അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ആദാമിന്റെ വാരിയെല്ല്, ഇരകള്‍ എന്നീ കെ.ജി.ജോര്‍ജ് ചിത്രങ്ങളും ശ്രീവിദ്യയുടെ അഭിനയമികവ് കാട്ടിത്തന്നു.

  മധുവിനോടൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. പ്രശസ്തമായ താരജോഡിയായിരുന്നു അവര്‍. പില്‍ക്കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്‍മാരോടൊപ്പവും അഭിനയിച്ച ശ്രീവിദ്യ മമ്മൂട്ടിയുടെ ഭാര്യയായും മോഹന്‍ലാലിന്റെ അമ്മയായും വേഷമിട്ടിട്ടുണ്ട്.

  അഭിനയത്തിനൊപ്പം പാട്ടിലും ശ്രദ്ധിച്ച ശ്രീവിദ്യ പല ചിത്രങ്ങള്‍ക്കും വേണ്ടി പാടിയിട്ടുണ്ട്. അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ പിന്നണിഗായികയുമായി. കന്നഡ ഒഴികെയുള്ള എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സിനിമയ്ക്കായി പാടി. ഒട്ടേറെ കാസറ്റുകള്‍ക്കു വേണ്ടിയും പാടിയിട്ടുണ്ട്.

  മലയാളം, തമിഴ്, കന്നട, ഹിന്ദി ഉള്‍പ്പടെ ആറ് ഭാഷകളില്‍ അഭിനയിച്ചു. ഋഷികേശ് മുക്കര്‍ജി സംവിധാനം ചെയ്ത അര്‍ജുന്‍ പണ്ഡിറ്റാണ് ആദ്യ ഹിന്ദി ചിത്രം.

  1978ല്‍ ചലച്ചിത്ര നിര്‍മ്മാതാവ് ജോര്‍ജ് തോമസിനെ വിവാഹം കഴിച്ചു. അച്ഛനമ്മമാര്‍ക്ക് താത്പര്യമില്ലാതിരുനന വിവാഹമാണിത്. വിവാഹം കഴിഞ്ഞ് താമസിയാതെ ഇരുവരും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി. വിവാഹത്തിനു ശേഷവും ശ്രീവിദ്യ അഭിനയം തുടര്‍ന്നു. 1999 ഏപ്രിലില്‍ വിവാഹമോചനം നേടി. ആ വിവാഹബന്ധത്തില്‍ മക്കളുണ്ടായില്ല.

  അര്‍ബുദം ശരീരത്തില്‍ മരണത്തിന്റെ വിത്തുകള്‍ പാകിത്തുടങ്ങിയപ്പോള്‍ അസാധാരണമായ ഇച്ഛാശക്തിയാണ് അവര്‍ പ്രകടിപ്പിച്ചത്. രോഗത്തിനടിപ്പെട്ട് കിടക്കയില്‍ വിശ്രമിക്കാന്‍ വിസമ്മതിച്ച് അവര്‍ അഭിനയിക്കാനായെത്തി. ജീവിതത്തില്‍ പലപ്പോഴും കൈവിട്ട മനസ്വാസ്ഥ്യം സായി ഭക്തിയിലൂടെയാണ് ശ്രീവിദ്യ എത്തിപ്പിടിച്ചത്. അഭിനയവും അവര്‍ക്ക് ശാന്തിമാര്‍ഗമായിരുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X