twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങള്‍ക്ക് കടിഞ്ഞാണ്‍; ചെലവ് കുറക്കണം

    By Staff
    |

    കൊച്ചി: നഷ്ടക്കച്ചവടമായി മാറിയ മലയാള സിനിമയെ കൈപിടിച്ചുയര്‍ത്താന്‍ അണിയറയില്‍ നീക്കങ്ങള്‍. മലയാളത്തില്‍ ഇനി മൂന്നര കോടിയ്‌ക്കകത്ത്‌ ഒതുങ്ങുന്ന സിനിമകള്‍ മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ തീരുമാനിച്ചു. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഈ ധാരണ ഉണ്ടായിരിക്കുന്നത്‌. സിനിമാ ചിത്രീകരണം 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌. ഇതുള്‍പ്പെടെ സിനിമാ നിര്‍മാണ ചെലവുകള്‍ പരമാവധി കുറയ്‌ക്കാനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

    ഷൂട്ടിങ്‌ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന താരങ്ങളുടെ മൊബൈല്‍ വിളി കര്‍ശനമായി നിയന്ത്രിയ്‌ക്കാനും തീരുമാനമായിട്ടുണ്ട്‌. സെറ്റില്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ തടയാനാണ്‌ തീരുമാനം. ലൊക്കേഷനുകളില്‍ നിര്‍മാതാവിനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. എന്നാല്‍ ഷൂട്ടിങ്ങിന്റെ ഇടവേളകളിലും മറ്റും താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഫോണ്‍ ഉപയോഗിക്കാന്‍ തടസ്സമുണ്ടാവില്ലെന്നു ഫെഫ്‌ക സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണനും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ സെക്രട്ടറി സാബു ചെറിയാനും പറഞ്ഞു.

    ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

    ഷൂട്ടിങ്ങിനു സ്‌ഥിരം വൈകിയെത്തുന്ന താരങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്‌. ചെലവു ചുരുക്കല്‍ ചട്ടങ്ങള്‍ക്ക്‌ അന്തിമ രൂപം നല്‍കാനും മേല്‍നോട്ടം വഹിക്കാനുമായി 14 അംഗ സമിതി രൂപീകരിക്കും. താര സംഘടനയായ അമ്മയുമായി ചര്‍ച്ച ചെയ്‌ത ശേഷമാവും നിര്‍ദേശങ്ങള്‍ക്ക്‌ അന്തിമ രൂപം നല്‍കുകയെന്ന്‌ ഫെഫ്‌ക പ്രസിഡന്റ്‌ സിബി മലയിലും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌ കുമാറും പറഞ്ഞു. മേല്‍നോട്ട സമിതിയില്‍ അമ്മ പ്രതിനിധികളേയും ഉള്‍പ്പെടുത്തും.

    സൂപ്പര്‍ താര ചിത്രങ്ങളായാലും നിര്‍മാണ ചെലവു സാധാരണ നിലയില്‍ മൂന്നര കോടിക്ക്‌ അകത്ത്‌ നില്‍ക്കണമെന്നാണ്‌ നിര്‍ദേശം. ഈ സാഹചര്യത്തില്‍ മുന്‍ നിര താരങ്ങളോടു പ്രതിഫലത്തില്‍ വിട്ടുവീഴ്‌ച ചെയ്യണമെന്ന്‌ അഭ്യര്‍ഥിക്കും. ഷൂട്ടിങ്ങിനുള്ള ഫിലിമിന്റെ ഉപയോഗം 60000 അടിക്കുള്ളില്‍ നിയന്ത്രിക്കണം. ഇതില്‍ കൂടുതല്‍ ഫിലിം ഷൂട്ടിങ്ങിന്‌ ഉപയോഗിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ഷൂട്ടിങ്‌ 45 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനായി എല്ലാ ദിവസവും രാവിലെ ഏഴിനു തന്നെ ഷൂട്ടിങ്‌ ആരംഭിക്കാനാവണം. സ്ഥിരമായി വൈകിയെത്തുന്നവരെ ഒഴിവാക്കാനാണ്‌ ആലോചന.

    നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും ഇത്‌ എത്രത്തോളം വിജയിക്കുമെന്ന്‌ കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. അരക്കോടിയ്‌ക്ക്‌ മേല്‍ പ്രതിഫലം മേടിയ്‌ക്കുന്ന സൂപ്പര്‍ താരങ്ങളും അവര്‍ക്ക്‌ തൊട്ടു താഴെയുള്ള താരങ്ങളും പ്രതിഫലം കുറയ്‌ക്കാന്‍ തയാറായാല്‍ മാത്രമേ പുതിയ നിര്‍ദ്ദേശങ്ങള്‍ വിജയം കാണൂ. ബിഗ്‌ ബജറ്റ്‌ ചിത്രങ്ങള്‍ വേണ്ടെന്ന തീരുമാനവും ലംഘിയ്‌ക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്‌.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X