»   » രക്ഷകനായത് മമ്മൂട്ടി: ഷാജി കൈലാസ്

രക്ഷകനായത് മമ്മൂട്ടി: ഷാജി കൈലാസ്

Posted By:
Subscribe to Filmibeat Malayalam
Mammootty
ഒരു പടം പൊട്ടിയാല്‍ അതിലെ നായകനും സംവിധായകനും പരസ്പരം മിണ്ടാതെ നടക്കുകയാണ് നാട്ടുനടപ്പ്. സിനിമ വിജയിച്ചാല്‍ ക്രെഡിറ്റ് നായകനെടുക്കും, മറിച്ചാണെങ്കില്‍ അത് സംവിധായകന്റെ തലയില്‍ വന്നു വീഴുകയും ചെയ്യും.

മലയാളത്തില്‍ മാത്രമല്ല പൊതുവെ എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി. എന്നാല്‍ ഇതിനൊക്കെ ഒരു മാറ്റം വരികയാണോ? വമ്പന്‍ പരാജയങ്ങളേറ്റു വാങ്ങി നില്‍ക്കുന്ന സംവിധായകന്‍ ഷാജി കൈലാസിനുണ്ടായ അനുഭവമാണ് മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നത്. ഇനി ഷാജിയെ വിളിച്ചതാരെന്നല്ലേ, വേറാരുമല്ല, സാക്ഷാല്‍ മമ്മൂട്ടി!

ഇരുവരും അവസാനമായി ഒന്നിച്ച 'ദ്രോണ 2010' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിതകര്‍ന്നിരുന്നു. ഈ പരാജയത്തോടെ സിനിമയോട് തന്നെ വിടപറയാന്‍ ആലോചിച്ചിരുന്നുവെന്ന് ഷാജി പറയുന്നു. എന്നാല്‍ ഇതിനിടെയാണ് മമ്മൂട്ടിയുടെ ഫോണ്‍ ഷാജിയെ തേടിയെത്തിയത്.

"ദ്രോണ പരാജയപ്പെട്ടതിന്റെ വിഷമത്തിലിരിയ്ക്കുമ്പോഴാണ് മമ്മൂക്ക എന്നെ വിളിയ്ക്കുന്നത്. എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. സിനിമ പരാജയപ്പെട്ടതിന്റെ വിഷമത്തിലിരിയ്ക്കുകയാണെന്ന് പറഞ്ഞു. അതുവേണ്ടി നീ ഇങ്ങോട്ടു വാ എന്നാണ് അദ്ദേഹം പറഞ്ഞത്. ആഗസ്റ്റ് 15 എന്ന പ്രൊജക്ടിന്റെ എല്ലാ കാര്യങ്ങളും തീരുമാനിച്ച ശേഷമാണ് മമ്മൂക്ക എന്നെ വിളിച്ചത്"- ഷാജി പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാജി തന്റെ മനസ്സ് തുറന്നത്.

സിനിമയുടെ പരാജയം സംവിധായകന് തിരിച്ചടി തന്നെയാണ്. അങ്ങനെയൊരു സമയത്ത് മമ്മൂട്ടിയെ പോലൊരാള്‍ വിളിച്ച് ആശ്വസിപ്പിയ്ക്കുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിയ്ക്കുകയാണ്. ഷാജി പറയുന്നു.

കരിയറില്‍ ഇതുപോലുള്ള പ്രതിസന്ധികള്‍ ആര്‍ക്കുമുണ്ടാകാം. സിനിമയില്‍ നിന്ന് ഞാനും ഒരിയ്ക്കല്‍ പുറത്താകാമെന്ന ഘട്ടം വന്നതാണ്. അവിടെ നിന്നാണ് തിരിച്ചുവന്നത്. ഇങ്ങനെയെല്ലാം പറഞ്ഞാണ് മമ്മൂക്ക എന്റെ കോണ്‍ഫിഡന്‍സ് ഉയര്‍ത്തിയത്. ആഗസ്റ്റ് 15ന് താന്‍ സംവിധായകനായി എത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഷാജി മമ്മൂട്ടിയ്ക്കാണ് നല്‍കുന്നത്.

ഇരുവരും ഒന്നിയ്ക്കുന്ന ആഗസ്റ്റ് 15ന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിയ്ക്കുകയാണ്. എസ്എന്‍ സ്വാമി തിരക്കഥയൊരുക്കുന്ന ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam