»   » മുന്‍നിര താരങ്ങള്‍ സിനിമയെ വഴിതെറ്റിക്കുന്നു

മുന്‍നിര താരങ്ങള്‍ സിനിമയെ വഴിതെറ്റിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Sreenivasan
തങ്ങള്‍ അഭിനയിച്ച സനിമ എട്ടുതവണ പൊട്ടിയാലും ഒമ്പതാം തവണ വിജയിക്കുമെന്ന് കരുതുന്ന മുന്‍നിര താരങ്ങളാണ് മലയാള സിനിമയെ വഴിതെറ്റിയ്ക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. താന്‍ അഭിനയിച്ച ആത്മകഥ സിനിമയുടെ പ്രചരണാര്‍ത്ഥം എറണാകുളം പ്രസ്‌ക്‌ളബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ശ്രീനി താരവാഴ്ചയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയത്.

എട്ടുതവണ പടം പൊട്ടിയാലും മൂല്യമിടിയാത്ത താരങ്ങള്‍ മലയാള സിനിമയെ വഴിതെറ്റിക്കുകയാണ്. താരങ്ങള്‍ക്കെതിരെ മാത്രമല്ല, ചലച്ചിത്രസംഘടനകള്‍ക്കെതിരെയും രൂക്ഷമായ ആക്രമണമാണ് ശ്രീനി നടത്തിയത്. സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ യാതൊരു പണിയുമില്ലാത്തവരാണ്. ഇവരുടെ ചില പ്രവൃത്തികളെ ന്യായീകരിക്കാനാവില്ല ഇതുപറയുമ്പോഴും തനിയ്ക്ക് വിലക്കിനെ പേടിയുണ്ട്.

പല മലയാള സിനിമകളും മൂക്കാതെ പഴുക്കുന്നതുപോലെയാണ്. മലയാള സിനിമ അന്യഭാഷാ മസാല സിനിമകളോട് മത്സരിക്കുകയല്ല വേണ്ടത്.

തമിഴ് മസാല സിനിമകളോട് മത്സരിച്ച് അത്തരം സിനിമകള്‍ മലയാളത്തിലും ഇറക്കിയാല്‍ പരാജയപ്പെടും. നല്ല സിനിമയെന്ന കാഴ്ച്ചപ്പാടില്ലാത്ത നിര്‍മ്മാതാക്കളാണ് സിനിമയെ തകര്‍ക്കുന്നത്. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാത്രമാണ് പലരും സിനിമയെ സമീപിക്കുന്നത്. പണ്ടു കാലങ്ങളിലെ പോലെ ചിന്താശേഷിയുള്ള നിര്‍മ്മാതാക്കളാണ് സിനിമയ്ക്ക് ആവശ്യമെന്ന് ശ്രീനി പറഞ്ഞു.

ആത്മകഥയുടെ തിരക്കഥയാണ് തന്നെ ആകര്‍ഷിച്ചത്. ആത്മകഥ സിനിമയുടെ സംവിധായകന്‍ പ്രേംലാല്‍, നിര്‍മാതാവ് സന്തോഷ് പവിത്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam