»   » ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കലാഭവന്‍ മണി

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കലാഭവന്‍ മണി

Posted By:
Subscribe to Filmibeat Malayalam
Kalabhavan Mani
തനിയ്ക്കെതിരെ ആസ്‌ത്രേലിയയിലെ ഒരു മലയാളി സംഘടന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നടന്‍ കലാഭവന്‍ മണി.

ആസ്‌ത്രേലിയയില്‍ കഴിഞ്ഞ മാസം മണികിലുക്കം 2010 എന്ന പേരില്‍ മൂന്ന് സ്റ്റേജ് ഷോകളാണ് നടത്താന്‍ ഏറ്റിരുന്നത്. രണ്ടു സ്‌റ്റേജ് ഷോകളും നല്ല വിജയമാകുകയും സംഘടനകളില്‍നിന്ന് നല്ല സഹകരണം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഒരു മലയാളി സംഘടന പ്രതിഫലം നല്‍കാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് മണി ആരോപിച്ചു.

സ്റ്റേജ് ഷോ നടത്തുന്നതിന് മെല്‍ബണില്‍ ചെന്നപ്പോള്‍ പ്രതിഫലം നല്‍കാത്തതിനാല്‍ പരിപാടി അവതരിപ്പിയ്‌ക്കേണ്ടതില്ലെന്ന് ഷോയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്ന കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതനുസരിച്ച് താന്‍ സ്‌റ്റേജില്‍ കയറിയില്ല.

എന്നാല്‍ കാണികളുടെ ബഹളം മൂത്തപ്പോള്‍ പ്രധാന ഭാരവാഹികളില്‍ ഒരാള്‍ തന്റെ അടുത്തെത്തി പരിപാടി അവതരിപ്പിക്കണമെന്നും സ്റ്റേജ് ഷോ കഴിഞ്ഞാല്‍ പണം താന്‍ തരാമെന്നും പരിപാടി നടന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞപ്പോഴാണ് ഷോ നടത്താന്‍ സമ്മതിച്ചത്.

പരിപാടി നടക്കുന്നതിനിടയില്‍ത്തന്നെ സംഘാടകരില്‍ ചിലര്‍ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ഷോ പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ സംഘാടകര്‍ പ്രതിഫലം നല്‍കാതെ മുങ്ങുകയായിരുന്നുവെന്ന് മണി കുറ്റപ്പെടുത്തി.

തന്നോടൊപ്പമുള്ള കലാകാരന്മാര്‍ക്ക് നല്ലഭക്ഷണം പോലും ലഭിച്ചില്ല. നാട്ടില്‍ ഷൂട്ടിംഗിനായി ഉടനെ എത്തേണ്ടതുള്ളതു കൊണ്ട്് പ്രതിഫലത്തിന് കാത്തുനില്‍ക്കാതെ താനും സംഘവും മടങ്ങുകയായിരുന്നു.
പ്രതിഫലം നല്‍കാതെ കബളിപ്പിച്ച സംഘാടകര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് മണി പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam