»   » ട്രിപ്പിള്‍ ഇഫക്ടില്‍ ചൈനാ ടൗണ്‍

ട്രിപ്പിള്‍ ഇഫക്ടില്‍ ചൈനാ ടൗണ്‍

Posted By:
Subscribe to Filmibeat Malayalam
വെള്ളിത്തിരയിലെ ഒറ്റയാള്‍ പ്രകടനത്തിനേക്കാള്‍ സാധ്യത മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ക്കാണെന്ന തിരിച്ചറിവില്‍ ഈ വര്‍ഷം ലാലിന്റെ നായകത്വത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ചൈനാ ടൗണ്‍. കോമഡിയുടെ വെടിക്കെട്ടുമായി വിഷു ആഘോഷിയ്ക്കാന്‍ ലാലിനൊപ്പം ജയറാമും ദിലീപുമാണ് അണിനിരക്കുന്നത്.

മാത്തുക്കുട്ടിയെന്ന ഒരൊത്ത ചട്ടമ്പിയായാണ് ലാല്‍ അവതരിപ്പിയ്ക്കുന്നത്. ഗോവയിലെ ചൈനാ ബസാറില്‍ അന്യാധീനപ്പെട്ടുപോയ കാസനോവ വീണ്ടെടുക്കുന്നതിന് മാത്തുക്കുട്ടിയുംസ്‌കറിയ(ജയറാം)യും ബിനോയ്(ദിലീപ്)യും പോകുന്ന കഥയാണ് ഹാസ്യത്തിന്റെ മെമ്പൊടിയോടെ സംവിധായകന്‍ റാഫി മെക്കാര്‍ട്ടിന്‍ പറയുന്നത്. ആക്ഷനും കോമഡിയും സമാസമം ചേരുന്ന ചൈനാ ടൗണിനെ പക്കാ എന്റര്‍ടൈന്‍മെന്റെന്നാണ് സംവിധായകന്‍ വിശേഷിപ്പിയ്ക്കുന്നത്.

ലാലിന്റെ നായികയായ റോസാമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് കാവ്യ മാധവനാണ്. പൂനം ബജ് വയും ദീപീഷയും നായികമാരായുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ക്യാപ്റ്റന്‍ രാജു, ശങ്കര്‍, കലാഭവന്‍ ഹനീഫ്, ഷാനവാസ്, അജിത്, നന്ദു, അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളണിയുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ഹിറ്റ്. ചൈനാ ടൗണിലൂടെ മോളിവുഡ് പ്രതീക്ഷിയ്ക്കുന്നത് അതാണ്. ഡബിള്‍സിനും ഒരു ദിനം മുമ്പെ ഏപ്രില്‍ 14ന് 100 തിയറ്ററുകളിലാണ് ചൈനാ ടൗണ്‍ റിലീസ് ചെയ്യുന്നത്.

തിരഞ്ഞെടുപ്പ്, ലോകകപ്പ് ക്രിക്കറ്റ് എന്നീ മാമാങ്കങ്ങള്‍ കഴിഞ്ഞതും മധ്യവേനലവധിക്കാലമാണെന്നതും ഡബിള്‍സിനും ചൈനാ ടൗണിനും അനുകൂലഘടകങ്ങളാണ്. വന്‍താരനിര അണിനിരക്കുന്നതിനാല്‍ ചൈനാ ടൗണിന് തന്നെയാണ് സിനിമാ പണ്ഡിറ്റുകള്‍ ലേശം മുന്‍തൂക്കം നല്‍കുന്നത്. ലാലിന്റെ താരമൂല്യവും ദിലീപ്, ജയറാം എന്നിവരുടെ ജനപ്രിയതയും ചൈനാ ടൗണിന് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചോക്ലേറ്റ്, ഛോട്ടാമുംബൈ എന്നീ ഹിറ്റുകളുടെ തിരക്കഥയൊരുക്കിയ സച്ചി സേതു ടീം അണിയറയിലുള്ളതും മമ്മൂട്ടി-നദിയ കൂട്ടുകെട്ടും ഡബിള്‍സിനെ പ്രവചനാതീതമാക്കുന്നു.

അതേ സമയം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ചചിത്രമായി വാഴ്ത്തപ്പെടുന്ന ഉറുമി തിയറ്ററുകളില്‍ തുടരുന്നതാണ് മമ്മൂട്ടി-ലാല്‍ ചിത്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. ഉറുമി രണ്ടു സിനിമകളെയും കടത്തിവെട്ടി മുന്നേറിയാല്‍ ലാല്‍-മമ്മൂട്ടി താരവാഴ്ചയ്ക്ക് അന്ത്യമായെന്ന പ്രചാരണം വീണ്ടും ശക്തിയാര്‍ജ്ജിയ്ക്കും
മുന്‍പേജില്‍
മമ്മൂട്ടി-ലാല്‍: ആരാഘോഷിക്കും വിഷു?

English summary
Again, a big clash between Mammootty and Mohanlal for Vishu 2011.Mohanlal’s China Town will clash with Mammootty’s Doubles on Vishu day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam