»   » മാക്ട സമരത്തില്‍ നിന്നും പിന്മാറി

മാക്ട സമരത്തില്‍ നിന്നും പിന്മാറി

Subscribe to Filmibeat Malayalam

തിരുവനന്തപുരം: ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനയായ മാക്ട വ്യാഴാഴ്‌ച തുടങ്ങാനിരുന്ന സമരത്തില്‍ നിന്നും പിന്‍മാറി. തൊഴില്‍മന്ത്രി പികെ ഗുരുദാസനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ സമരത്തില്‍ നിന്നും പിന്മാറാന്‍ മാക്ട ഭാരവാഹികള്‍ തീരുമാനിച്ചത്‌.

ചലച്ചിത്രരംഗത്തെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മന്ത്രി ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌. ചലച്ചിത്രമേഖലയില്‍ തൊഴില്‍ നിഷേധം ഉണ്ടോയെന്ന കാര്യമാണ്‌ കമ്മീഷണര്‍ പ്രധാനമായും അന്വേഷിക്കുക.

ഷൂട്ടിങ്‌ ലൊക്കേഷനുകളില്‍ സമരം പാടില്ലെന്നതാണ്‌ സര്‍ക്കാറിന്റെ നിലപാടെന്ന്‌ മന്ത്രി ഗുരുദാസന്‍ യോഗത്തില്‍ വ്യക്തമാക്കി. മാക്ട, ഫെഫ്‌ക നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ അമ്മയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നില്ല.

ചലച്ചിത്ര മേഖലയില്‍ നിരന്തരം തുടര്‍ന്നു വരുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ്‌ തൊഴില്‍മന്ത്രി ചര്‍ച്ച നടത്തിയത്‌. ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട പിളരുകയും പുതിയ സംഘടന നിലവില്‍വരുകയും ചെയ്‌തിരുന്നു.

സംവിധായകന്‍ വിനയനും ബൈജു കൊട്ടാരക്കരയും നേതൃത്വം നല്‍കുന്ന മാക്ട സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയില്‍ അഫിലിയേറ്റ്‌ ചെയ്‌തിട്ടുണ്ട്‌. അപരവിഭാഗത്തിന്‌ നിശബ്ദ പിന്തുണയുമായി സിഐടിയുവും രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന്‌ ഉണ്ടായ പ്രശ്‌നങ്ങള്‍ ഷൂട്ടിങ്‌ ലൊക്കേഷനുകളില്‍ മാക്ടയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കപ്പെടുന്ന സാഹചര്യവും സൃഷ്ടിച്ചു. തൊഴില്‍ നിഷേധവും ഒഴിവാക്കലും നടക്കുന്നുവെന്നാരോപിച്ച്‌ മാക്ട സമരപ്രഖ്യാപനവും നടത്തി.

ഈ പശ്ചാത്തലത്തിലാണ്‌ തൊഴില്‍ മന്ത്രി മുന്‍കയ്യെടുത്ത്‌ ചര്‍ച്ച നടത്തിയത്‌. മന്ത്രി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്‌ സമരത്തില്‍ നിന്നും പിന്‍മാറുന്നതെന്ന്‌ മാക്ട അറിയിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam