For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വിഷുപ്പാട്ടിന്‍റെ ചിറകില്‍ ഞാനിന്നലെ...

  By Super
  |

  Vishu Songs
  കെ രാഘവന്‍ സംഗീതം നല്‍കി വി റ്റി മുരളി പാടിയ "ഒരു വിഷുപ്പാട്ടിന്‍റെ ചിറകില്‍ ഞാനിന്നലെ" എന്ന ഗാനം, വിഷുപ്പാട്ടുകളെക്കുറിച്ചു പറയുമ്പോള്‍ ആരുടെയും നാവില്‍ വരാറില്ല. ആകാശവാണിക്കു വേണ്ടി ചെയ്ത ഒരു ലളിതഗാനമായതിനാലാവണം ധാരാളം ആരാധകരുണ്ടായിട്ടും സിനിമാപ്പാട്ടുകളെപ്പോലെ "പോപ്പുലര്‍" എന്ന ഗണത്തിലേക്ക് ഈ പാട്ട് ഉയരാതെ പോയത്. വിഷുവിന്‍റെ പ്രണയഭാവമാണ് ഈ പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നു പറയാം. വിഷുസംക്രമ
  സംന്ധ്യയില്‍ തന്‍റെ അരികില്‍ വന്നു ചിരിച്ച പെണ്‍കിടാവിനെ പറ്റി വിറ്റി മുരളിയുടെ നിഷ്ടകപടമായ ഗ്രാമീണ കാമുകശബ്ദം കൗതുകത്തോടെ പറയുന്നു.

  അവള്‍ തന്നെ നോക്കി ചിരിച്ചതിന്‍റെ അര്‍ത്ഥം പിടികിട്ടാതെ വലയുന്നത് വരികളില്‍ ഇങ്ങനെ കൊരുത്തിട്ടിരിക്കുന്നു: കണിയൊരുക്കാനായ് ക്ഷണിച്ചതാണോ, എന്നെ കെണിയിലാക്കാനായ് വിളിച്ചതാണോ?

  ഇവിടെ രാഘവന്‍ മാഷിന്‍റെ പാട്ടുകെട്ടല്‍ അതിന്‍റെ മാന്ത്രികത പുറത്തെടുക്കുന്നുണ്ട്. "കെണിയിലാക്കാനായ്" എന്ന വാക്കിനുള്ളില്‍ അസാധ്യമായ വിധത്തില്‍ ആ 'കെണി' ഒളിപ്പിച്ചുവെച്ചിരിക്കുന്നു.

  വിഷുപ്പാട്ടുകള്‍ എന്നു വിളിക്കാവുന്നവയില്‍ ആരുടെയും ഓര്‍മയില്‍ നില്‍ക്കുന്ന മറ്റൊരു പാട്ട് ആദ്യകിരണങ്ങള്‍ എന്ന സിനിമയിലെ 'പതിവായി പൗര്‍ണമി തോറും' എന്ന ഗാനമാണ്. നിലാവ് ഈ പാട്ടിലെ ഒരു നിറഞ്ഞ സാന്നിധ്യമാണ്. പാട്ടിന്‍റെ രചനയിലും സംഗീത പരിചരണത്തിലും അത് നന്നായി പ്രതിഫലിക്കുന്നു. പി സുശീലയുടെ ശബ്ദത്തില്‍ ഈ ശോകഗാനം അതിന്‍റെ ഉയരത്തെ കീഴടക്കിയിരിക്കുന്നു. 'മനസ്സിലെ പൂന്തേന്‍ കൂട്ടി മധുരിക്കും വെള്ളരി തിന്നാന്‍' വരാതിരുന്ന കാമുകനെക്കുറിച്ച്, 'പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ച വെക്കുന്ന കനകനിലാ'വിനോട് ചോദിക്കുകയാണ് കാമുകി. ഈ വരികള്‍ പി ഭാസ്കരന്‍റേതാണെന്ന് പറയേണ്ടതില്ലല്ലോ? ഈണമിട്ടത് രാഘവന്‍ മാഷ് തന്നെ.

  വിഷുപ്പാട്ട് എന്ന വാക്കിന്‍റെ പര്യായം പോലെയായി മാറിയിട്ടുണ്ട് 'കണികാണും നേരം കമല നേത്രന്‍റെ' എന്നു തുടങ്ങുന്ന ഗാനം. ഇതൊരു ഹിന്ദുഭക്തിഗാനമാണ്. പൂന്താനത്തിന്‍റെ കവിതയെ ഒരു രാഗമാലികയായി അവതരിപ്പിക്കുകയാണ് ജി ദേവരാജന്‍ ചെയ്തത്. വിഷുവിന്‍റെ ഭക്തിഭാവം പ്രതിഫലിപ്പിക്കാന്‍ ഈ രാഗമാലികയ്ക്ക് കഴിഞ്ഞിടത്തോളം മറ്റ് പാട്ടുകള്‍ക്ക് കഴിഞ്ഞിട്ടില്ല
  എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. പി ലീലയുടെയും രേണുകയുടെയും ഭക്തിസാന്ദ്രമായ ആലാപനം ഈ പാട്ടിനെ അതിന്‍റെ ഉയരത്തിലെത്തിച്ചിരിക്കുന്നു.

  പുകഴേന്തിയുടെ സംഗീതത്തില്‍ ജാനകി പാടിയ "തിരിയോ തിരി പൂത്തിരി" എന്ന ഗാനം പ്രശസ്തമാണ്. പാട്ടെഴുതിയിരിക്കുന്നത് പി ഭാസ്കരനാണ്. വിഷുവിന്‍റെ ആഘോഷത്തെ മനസ്സിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന പാട്ടുകളില്‍ മുന്‍നിരയിലാണ് ഈ പാട്ടിന്‍റെ സ്ഥാനം. വിഷു ആഘോഷം വിഷയമായിട്ടുള്ള പ്രശസ്തമായ മറ്റൊരു പാട്ടാണ് വാണിജയറാം പാടിയ "എന്‍റെ കൈയില്‍ പൂത്തിരി" എന്ന ഗാനം. വയലാര്‍ എഴുതി, ദക്ഷിണാമൂര്‍ത്തിയാണ് ഈ ഗാനത്തിന് ഈണമിട്ടത്. "ലാത്തിരി
  പൂത്തിരി പുഞ്ചിരി ചെപ്പോ കമ്പിത്തിരി മത്താപ്പോ" എന്നഗാനം ആഘോഷഗാനങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ്.

  മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ് എന്ന ഗാനം ദേവാസുരം എന്ന ചിത്രത്തിലേതാണ്. ഗിരീഷ് പുത്തഞ്ചേരിയാണ് വരികള്‍ നല്‍കിയിരിക്കുന്നത്. എംജി രാധാക‍ൃഷ്ണന്‍റെ ഈണം.

  English summary
  Malayalam popular music has got a huge number of romantic songs which are verily closed with their cultural celebrations like Vishu. Here is portrayal of those songs with an analysis and that goes through how the veins of the Kerala culture connected with those songs.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X