»   » മള്‍ട്ടിസ്റ്റാര്‍ മൂവികള്‍ എത്രകാലം കൂടി?

മള്‍ട്ടിസ്റ്റാര്‍ മൂവികള്‍ എത്രകാലം കൂടി?

Posted By:
Subscribe to Filmibeat Malayalam
Mammootty-Mohanlal
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമ മള്‍ട്ടി സ്റ്റാര്‍ പ്രൊജക്ടുകള്‍ക്ക് പിന്നാലെ പായുമ്പോള്‍ ട്രെന്റിന് എത്ര നാള്‍ നീണ്ടുനില്‍ക്കുമെന്നാണ് ഇന്‍ഡസ്ട്രി ഉറ്റുനോക്കുന്നത്. ട്വന്റി20യോടൈ ആരംഭിച്ച മള്‍ട്ടിമൂവി തരംഗം ചൈനാ ടൗണും കഴിഞ്ഞ് സീനിയേഴ്‌സില്‍ എത്തിനോക്കുമ്പോള്‍ മലയാളസിനിമയ്ക്ക് അത്ര മെച്ചമൊന്നും കിട്ടിയിട്ടില്ലെന്ന് തന്നെ ഉറപ്പിയ്ക്കാം.

സത്യന്‍-നസീര്‍-മധു, സോമന്‍-സുകുമാരന്‍-ജയന്‍, മോഹന്‍ലാല്‍-മമ്മൂട്ടി മള്‍ട്ടി മൂവികളുടെ ചരിത്രം പറയുമ്പോള്‍ ഇവരെ ഒരിയ്ക്കലും ഒഴിവാക്കാനാവില്ല. പുതുതലമുറയില്‍ പൃഥ്വിയും ജയസൂര്യയും ദിലീപും കുഞ്ചാക്കോ ബോബനുമൊക്കെ പലപ്പോഴും ഒന്നിയ്ക്കുന്നുണ്ടെങ്കിലും ഒരുപരിധിയ്ക്കപ്പുറം ട്രെന്റാവാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല,

മുപ്പതുവര്‍ഷക്കാലം ഏറ്റകുറച്ചിലുകള്‍ ഏല്‍ക്കാതെ സിനിമയില്‍ നിലനില്‍ക്കുക എന്ന ഒരു പ്രതിഭാസം മോഹന്‍ലാല്‍, മമ്മൂട്ടി,താരങ്ങള്‍ക്കപ്പുറത്തേക്ക് ഇനി സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. ഇന്നും മലയാസിനിമ ഇവര്‍ക്കുചുറ്റും കറങ്ങുന്നു. അടുത്തകാലത്തൊന്നും വലിയ ഒരു വ്യത്യാസം പ്രതീക്ഷിക്കേണ്ടതുമില്ല. നമ്മുടെ സിനിമയുടെ സാമ്പത്തിക സാഹചര്യം രണ്ടു സൂപ്പര്‍ സ്റ്റാറുകളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടു മുന്നോട്ടുപോവുക അസാധ്യമാണ്. പലപ്പോവും ഇവരുടെ സിനിമകള്‍ പരാജയപ്പെടുന്നത് വന്‍ സാമ്പത്തിക ബാധ്യതകളാണ് മോളിവുഡിന് വരുത്തിവെയ്ക്കുന്നത്.

ഈ സാഹചര്യത്തിലാണ് മള്‍ട്ടിസ്റ്റാര്‍ മൂവികളെപ്പറ്റി നിര്‍മാതാക്കള്‍ ചിന്തിച്ചു തുടങ്ങിയത്. ട്വന്റി ട്വന്റിയുടെ പരീക്ഷണം അമ്മയുടെ കെയ്‌റോഫില്‍ നടന്നതുകൊണ്ട്മാത്രം സാദ്ധ്യമായതെന്ന് കരുതിയിരിക്കെ അത് ഇത്തരം സിനിമകള്‍ക്ക് വീണ്ടും വഴിമരുന്നായി.

വമ്പന്‍ മുതല്‍മുടക്കില്‍ നിര്‍മിയ്ക്കുന്ന സിനിമകള്‍ ചിലപ്പോള്‍ നഷ്ടക്കച്ചവടമാകുമെന്ന് മുന്‍കൂട്ടിക്കണ്ട് പ്രൊഡ്യൂസേഴ്‌സ് യൂനിയനും ഫിലിം ചേമ്പറും ഒരുമുഴം മുമ്പേ ബഡ്ജറ്റെന്ന തുരുപ്പുശീട്ടെടുത്ത് ഒന്നു കളിച്ചുനോക്കിയെങ്കിലും എല്ലാം അതിജീവിച്ച് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പുറത്തുവന്നു. മോശമല്ലാത്ത വിധം രക്ഷപ്പെടുകയും ചെയ്തു. ചൈനാ ടൗണും അത്യാവശ്യം ബോക്‌സ്ഓഫീസില്‍ വാരി. എന്നാല്‍ രണ്ടാംനിര താരങ്ങള്‍ ഒന്നിച്ച സീനിയേഴ്‌സ് വന്‍ വിജയമാണ് കൊയ്തത്. ലാലും മമ്മൂട്ടിയും ഉള്ളതുകൊണ്ട് മാത്രം മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ കാണാന്‍ പ്രേക്ഷകരെത്തില്ലെന്ന സൂചനകളാണ് ഇതിലൂടെ ലഭിയ്ക്കുന്നത്. താരങ്ങള്‍ മാത്രമല്ല സിനിമയുടെ മൊത്തം പെര്‍ഫോമന്‍സും പ്രേക്ഷകര്‍ കണക്കിലെടുക്കുന്നുവെന്ന് ചുരുക്കം.

കിങ് ആന്റ് കമ്മീഷണര്‍, കസിന്‍സ്, മമ്മൂട്ടി-പൃഥ്വി ചിത്രം ഈ ട്രെന്റ് ഇനിയും നീളും കുറച്ചുകാലം കൂടി. പലപ്പോഴും സ്റ്റാര്‍ഡം വെച്ചുള്ള കളിമാത്രമാണ് ഇത്തരം സിനിമകളുടെ ഏകമാനദണ്ഡം എന്നതാണ് സത്യം. മള്‍ട്ടിസ്റ്റാര്‍ സിനിമകളിലൂടെ മികച്ച സൃഷ്ടികള്‍ കണ്ടുകിട്ടിയാല്‍ ഭാഗ്യം എന്നേ പറയാനൊക്കൂ. കാരണം ഒരു പരീക്ഷണത്തിന് മുതിരാന്‍ മാത്രം മണ്ടന്‍മാരല്ല കാശുമുടക്കികള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam