»   » കോളെജ് കുമാരന്‍ മികച്ച ചിത്രം-തുളസീദാസ്

കോളെജ് കുമാരന്‍ മികച്ച ചിത്രം-തുളസീദാസ്

Posted By:
Subscribe to Filmibeat Malayalam
Colleg Kumaran
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ദുരന്തങ്ങളിലൊന്നായ കോളെജ് കുമാരന്‍ മികച്ച ചിത്രമാണെന്ന് സംവിധായകന്‍ തുളസീദാസ്. മലയാളത്തില്‍ ഒരു പ്രശസ്ത ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ പോലും പറയാന്‍ സാധ്യതയില്ലാത്ത കാര്യം തുളസീദാസ് പറഞ്ഞിരിയ്ക്കുന്നത്.

മോഹന്‍ലാലും വിമലാ രാമനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കോളെജ് കുമാരനെ വാര്‍ത്തയിലെത്തിച്ചത് ലാലിന്റെ എട്ടക്കമുള്ള പ്രതിഫലമായിരുന്നു. പ്രതിഫലമായി ഒന്നേ കാല്‍ കോടി രൂപ വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ ലാല്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. ലാലിനെ ഏറ്റവുമധികം വിലപിടിപ്പുള്ള താരമാക്കി മാറ്റിയെന്ന ബഹുമതി കൂടി മലയാള സിനിമാ ചരിത്രത്തില്‍ കോളെജ് കുമാരനുണ്ട്. .

കോളെജ് കുമാരനെക്കുറിച്ച് മാത്രല്ല, മമ്മൂട്ടിയുടെയും ലാലിന്റെയും സമീപനങ്ങളെയും കുറിച്ച് തുളസീദാസ് അഭിമുഖത്തില്‍ വിശദീകരിയ്ക്കുന്നുണ്ട്.

വളരെ മനോഹരമായി വര്‍ക്ക് ചെയ്ത സിനിമയായിരുന്നു കോളെജ് കുമാരന്‍. നല്ലൊരു സന്ദേശവും സിനിമയിലുണ്ടായിരുന്നു സിനിമയ്ക്ക് ദോഷമായത് അതിന്റെ ടൈറ്റിലായിരുന്നു. അത്തരമൊരു പേര് സിനിമയ്ക്ക് പാടില്ലായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

സിനിമ പരാജയപ്പെട്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും നിര്‍മാതാവ് മാര്‍്ട്ടിന്റെ തലയിലാണ് സംവിധായകന്‍ വെച്ചുകെട്ടുന്നത്. സുരേഷ് പൊതുവാളിന്റെ പിടിവാശിയിലായിരുന്നു സിനിമയ്ക്ക് കോളെജ് കുമാരന്‍ എന്ന് പേരിട്ടത്. താന്‍ എതിര്‍ത്തുവെങ്കിലും നിര്‍മാതാവിനെ സ്വാധീനിച്ച് ആ പേര് തന്നെ സിനിമയ്ക്ക് നല്‍കി. എന്റെ നിര്‍ദ്ദേശങ്ങളും തിരുത്തുകളുമൊന്നും നിര്‍മാതാവും തിരക്കഥാകൃത്തും അംഗീകരിച്ചില്ല. എന്നാല്‍ മോഹന്‍ലാല്‍ ഞാന്‍ പറഞ്ഞ തിരുത്തലുകളെ അംഗീകരിച്ചിരുന്നു.

സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ലാല്‍ കഥാഗതിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് എന്നോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ നിര്‍മാതാവും തിരക്കഥാകൃത്തും കഥയില്‍ നൂറ് ശതമാനം സംതൃപ്തരാണെന്ന് കേട്ടതോടെ ലാല്‍ പിന്നീട് ഒന്നും പറഞ്ഞില്ലെന്നും തുളസി വെളിപ്പെടുത്തി.

സിനിമയുടെ ചിത്രീകരണം തുടങ്ങിയാല്‍ മറ്റൊരു നടനുമില്ലാത്ത ഒരു ഗുണം മോഹന്‍ലാലിനുണ്ടെന്നും തുളസി പറയുന്നു. സംവിധായകനെ ബഹുമാനിയ്ക്കുക, സംവിധായകന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിയ്ക്കുക. നമ്മളോട് ഒന്നും ചെയ്യണമെന്ന് പറയാറില്ല.

ഇക്കാര്യത്തില്‍ മമ്മൂട്ടിയുടെ നിലപാട് എന്താണെന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ തുളസീദാസ് തയാറായില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം എ്‌ന്നെക്കൊണ്ട പറയിപ്പിക്കണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. മമ്മൂട്ടിയുടെ ആയിരം നാവുള്ള അനന്തന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു തുളസീദാസ്.

തന്റെ കാലം കഴിഞ്ഞുവെന്ന് പറഞ്ഞ യുവനടനെയും തുളസി അഭിമുഖത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട് താരസംഘടനയായ അമ്മയുമായി ഉണ്ടായ വിവാദമുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളെപ്പറ്റി തുളസീദാസ് അഭിമുഖത്തില്‍ വിശദീകരിയ്ക്കുന്നു.

അവസാനമായി സംവിധാനം ചെയ്ത എഗെയ്ന്‍ കാസര്‍കോട് കാദര്‍ഭായി ഹിറ്റാണെന്നും തുളസീദാസ് അവകാശപ്പെട്ടിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam