»   » തിലകനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം?

തിലകനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം?

Posted By:
Subscribe to Filmibeat Malayalam
Thilakan
സൂപ്പര്‍താരങ്ങള്‍ക്കും ചലച്ചിത്ര സംഘടനകള്‍ക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ അഴിച്ചുവിട്ട നടന്‍ തിലകന് വധഭീഷണി.

വെള്ളിയാഴ്ച ആലപ്പുഴ നഗരത്തിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാന്‍ കയറിയപ്പോഴാണ് മൊബൈല്‍ ഫോണില്‍ ഭീഷണി സന്ദേശം വന്നത്.

യുഎഇയില്‍ നിന്നും വിളിച്ചയാള്‍ തിലകനല്ലേയെന്ന് ചോദിച്ചാണത്രേ സംസാരം തുടങ്ങിയത്. ഒരു പ്രമുഖ നടനെതിരെ തിലകന്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിയ്ക്കുകയും ഇനി ഇത് തുടര്‍ന്നാല്‍ ശരിപ്പെടുത്തിക്കളയുമെന്ന് പറയുകയും ചെയ്തു.

കൊല്ലാനായി ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെന്നും ഒരാഴ്ചകൂടിയേ ആയുസ്സുളള്ളുവെന്നും വിളിച്ചയാള്‍ പറഞ്ഞുവത്രേ. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും തന്റെ ജീവന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് തിലകന്‍ രാത്രിതന്നെ സൗത്ത് സിഐയ്ക്ക് പരാതി നല്‍കി.

എന്തായാലും സംഭവത്തെക്കുറിച്ച് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് സൈബര്‍ സെല്ലിന് പരാതി കൈമാറിയിരിക്കുകയാണ്.

ഇത് ഒരു നടനെതിരായ പ്രശ്‌നമാണെന്നും ഇതില്‍ താരസംഘടനയായ അമ്മ ഇടപെടണമെന്നും തിലകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒട്ടേറെ കോളുകള്‍ തനിക്ക് കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ശനിയാഴ്ച ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തിലകന്‍ വീണ്ടും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ തിരിഞ്ഞിട്ടുണ്ട്.

ഉണ്ണികൃഷ്ണന്‍ വിവരംകെട്ടവനാണെന്നും തന്നിലെ നടന്‍ ആത്മഹത്യ ചെയ്‌തെന്ന് താന്‍ പറഞ്ഞത് ഏതര്‍ത്ഥത്തിലാണെന്ന് ഉണ്ണികൃഷ്ണന് മനസ്സിലായിട്ടില്ലെന്നും തിലകന്‍ പറഞ്ഞു.

എന്തായാലും പുതിയ പ്രസ്താവന ഇപ്പോള്‍ എരിയുന്ന പ്രശ്‌നത്തിലേയ്ക്ക് ഇത്തിരി എണ്ണകൂടി കോരിയൊഴിയ്ക്കുന്ന ഫലമായിരിക്കുമുണ്ടാക്കുകയെന്നതില്‍ സംശയമില്ല.

ഇതിനകം തന്നെ തിലകന്‍ മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട് അമ്മ നോട്ടീസ് നല്‍കിയിട്ടുണ്ട്. തിലകന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ അമ്മയില്‍ നിന്നുള്ള അംഗത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെക്കുറിച്ചാണ് സംഘടനയുടെ ഭാരവാഹികള്‍ ആലോചിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam