»   » സിനിമാ ഷൂട്ടിങ് 15ന് പുനരാരംഭിയ്ക്കും

സിനിമാ ഷൂട്ടിങ് 15ന് പുനരാരംഭിയ്ക്കും

Posted By:
Subscribe to Filmibeat Malayalam
MA Baby
മലയാള സിനിമയിലെ പ്രതിസന്ധികള്‍ താത്കാലികമായെങ്കിലും അവസാനിയ്ക്കുന്നു. ഈ മാസം 15 മുതല്‍ പുതിയ സിനിമകളുടെ ചിത്രീകരണം പുനരാരംഭിയ്ക്കാന്‍ ധാരണയായി. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ബുധനാഴ്ച വിളിച്ചുചേര്‍ത്ത വിവിധ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. നിര്‍മാതാക്കള്‍, നടന്‍മാര്‍, തിയറ്റര്‍ ഉടമകള്‍, സാങ്കേതികപ്രവര്‍ത്തകര്‍ തുടങ്ങി എട്ടു സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്.

27 ന് തുടര്‍ ചര്‍ച്ചകള്‍ നടക്കും. ഈ ചര്‍ച്ചയില്‍ പ്രതിസന്ധിയ്ക്ക് പൂര്‍ണ പരിഹാരം കാണാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രിമാരായ എംഎ. ബേബി, പാലോളി മുഹമ്മദ്കുട്ടി, എളമരം കരീം എന്നിവര്‍ പറഞ്ഞു.

സിനിമാരംഗത്ത് അടിക്കടിയുണ്ടാകുന്ന പ്രതിസന്ധികള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ എന്റര്‍ടെയ്ന്‍മെന്റ് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്നും എംഎ ബേബി അറിയിച്ചു. സിനിമാരംഗത്തെ ഏകോപനം മുതല്‍ നിയന്ത്രണം വരെ ഉള്‍പ്പെടുന്ന അതോറിറ്റിയുടെ ഘടനയും മറ്റും പിന്നീടു തീരുമാനിക്കും.

അതേ സമയം മലയാള സിനിമയുടെ വിനോദനികുതി എടുത്തുകളയണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്. സമിതിയുടെ ശുപാര്‍ശകളില്‍ പലതും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ഇക്കാര്യത്തില്‍ പിന്നീടു തീരുമാനമുണ്ടാകുമെന്നും എംഎ ബേബി പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam