»   » മണ്ഡപമില്ലെങ്കിലും ലോഹിയെ ആരും മറക്കില്ല

മണ്ഡപമില്ലെങ്കിലും ലോഹിയെ ആരും മറക്കില്ല

Posted By:
Subscribe to Filmibeat Malayalam
Lohithadas
അന്തരിച്ച പ്രമുഖ ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ സ്മാരകമായി നിര്‍മിച്ച സമൃതി മണ്ഡപത്തിന്റെ പേര് മാറ്റാന്‍ ആലുവ നഗരസഭയില്‍ നീക്കം. സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം ഒരു ദിവസം മുമ്പ് നിര്‍ത്തിവെച്ചത് ഇതിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ ഇടതുമുന്നണി നഗരസഭയുടെ കാലത്താണ് ലോഹിതദാസിന് വേണ്ടി സ്മാരകം നിര്‍മിയ്ക്കാന്‍ തീരുമാനമായത്. പെരിയാറിനെയും ആലുവയെയും അതിരറ്റ് സ്‌നേഹിച്ചിരുന്ന ലോഹിയ്ക്കായി ആലുവയില്‍ സ്മാരകം നിര്‍മിയ്ക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യമുയര്‍ത്തിയിരുന്നു.

തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരിലാണ് ലോഹി ജനിച്ചതെങ്കിലും ആലുവയിലാണ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും അദ്ദേഹം വസിച്ചത്. പെരിയാറിനെ മനസ്സിലേറ്റി നടന്നിരുന്ന സംവിധായകന്‍ നദിയെ കേന്ദ്രമാക്കി ഒരു സിനിമ പോലും ഒരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെരിയാറിന്റെ തീരത്ത് സ്മൃതി മണ്ഡപം നിര്‍മിച്ചത്. ലോഹിയുടെ ആലുവയിലെ വീടിന് അഭിമുഖമായാണ് മണ്ഡപം.

സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി ലോഹിതദാസിന്റെ പത്‌നി സിന്ധു ലോഹിതദാസിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് നഗരസഭ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെട്ടതോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന നഗരസഭയാണ് എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്. ലോഹിയ്ക്കുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഇടതു ചായ്‌വാണ് എതിര്‍പ്പിന് കാരണമെന്നും പറയപ്പെടുന്നു.

സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടില്ലെന്നാണ് നഗരസഭ ചെയര്‍മാന്‍ എംടി ജേക്കബ് പറയുന്നത്. അതുകൊണ്ടാണ് ഉദ്ഘാടനം മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പേര് മാറ്റം തീരുമാനിച്ചിട്ടില്ലെന്ന് പറയുമ്പോഴും അത്തരത്തിലൊരു സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ചെയര്‍മാന്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ല.

ഒരു സ്മൃതി മണ്ഡപം ഉണ്ടായില്ലെങ്കിലും ലോഹി സൃഷ്ടിച്ച സിനിമകളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്‍ എപ്പോഴുമുണ്ടാവുമെന്ന് ലോഹിതദാസിന്റെ ഭാര്യ സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam