»   » പൃഥ്വിയുടെ പ്രണയങ്ങളുമായി ഷാജി കൈലാസ്‌

പൃഥ്വിയുടെ പ്രണയങ്ങളുമായി ഷാജി കൈലാസ്‌

Posted By:
Subscribe to Filmibeat Malayalam
PrithviRaj
ആക്ഷന്‍ സിനിമകളുടെ തലതൊട്ടപ്പനായ ഷാജി കൈലാസ്‌ പതിവ്‌ ശൈലിയില്‍ നിന്നും ചുവടു മാറ്റുന്നു. പൃഥ്വിരാജിനെ നായകനാക്കി നിര്‍മ്മിയ്‌ക്കുന്ന രഘുപതി രാഘവ രാജാറാം സ്ഥിരം ആക്ഷന്‍ മൂഡില്‍ നിന്നും മാറിയാണ്‌ ഷാജി ഒരുക്കുന്നത്‌.

ഇതാദ്യമായാണ്‌ പൃഥ്വിരാജ്‌ ഒരു ഷാജി കൈലാസ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. മൂന്ന്‌ താരങ്ങള്‍ അഭിനയിക്കേണ്ട കഥാപാത്രങ്ങള്‍ പൃഥ്വി തന്നെ കൈകാര്യം ചെയ്യുന്നുവെന്നതാണ്‌ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂന്നു കഥകള്‍ പ്രത്യേക രീതിയില്‍ ചേര്‍ത്തുവെയ്‌ക്കുക, മൂന്ന്‌ വ്യത്യസ്‌ത വേഷങ്ങള്‍ എന്നതിലുപരി മൂന്ന്‌ കഥാപാത്രങ്ങളുടെ കഥയാണ്‌ രഘുപതി രാഘവ രാജാറാമെന്ന്‌ തിരക്കഥയൊരുക്കുന്ന എകെ സാജന്‍ പറയുന്നു.

മൂന്ന്‌ പ്രണയകഥകളാണ്‌ ചിത്രത്തിലൂടെ പറയുന്നത്‌. സൈക്യാട്രിസ്റ്റ്‌ ഡോ. രഘുപതി, ഗുണ്ടയായ രാജാറാം, പോലീസ്‌ ഉദ്യോഗസ്ഥനായ രാഘവന്‍ ഐപിഎസ്‌ എന്നീ കഥാപാത്രങ്ങളെയാണ്‌ പൃഥ്വി ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്‌.

തിരുവനന്തപുരം കൊച്ചി, കോഴിക്കോട്‌ എന്നിങ്ങനെ മൂന്ന്‌ നഗരങ്ങളെ കേന്ദ്രീകരിച്ചാണ്‌ കഥ നടക്കുന്നത്‌. ഇതില്‍ കോഴിക്കോട്‌ നഗരത്തില്‍ വസിയ്‌ക്കുന്ന ഗുണ്ടയായ രാജാറാമിനെ കേന്ദ്രീകരിച്ചാണ്‌ പ്രധാനമായും സിനിമ മുന്നോട്ടു പോവുക. കോഴിക്കോട്ട്‌ മിഠായി തെരുവിലെ ഗുണ്ടയാണ്‌ രാജാറാം. മംമ്‌തയാണ്‌ ഈ ഭാഗത്ത്‌ നായികയാവുന്നത്‌.

മൂന്ന്‌ കഥാപാത്രങ്ങള്‍ക്കും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും ഇവര്‍ ഒരിയ്‌ക്കലും നേരിട്ട്‌ കാണുന്നില്ലെന്നും നേരത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇങ്ങനെ തീര്‍ത്തും പുതുമയേറിയ രീതിയിലാണ്‌ ഷാജി കൈലാസ്‌ രഘുപതി രാഘവ രാജാറാം ഒരുക്കുന്നത്‌.

മംമ്‌തയ്‌ക്കു പുറമെ സംവൃതയാണ്‌ ചിത്രത്തിലെ രണ്ടാമത്തെ നായിക. മൂന്നാമത്തെ നായികയ്‌ക്ക്‌ വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്‌. യുവത്വത്തിന്‌ പ്രധാന്യം നല്‌കി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ പുതമുഖങ്ങളും അഭിനയിക്കുന്നുണ്ട്‌. ഇതാദ്യമായൊന്നുമല്ല ഷാജി ഒരു പ്രണയകഥകള്‍ വെള്ളിത്തിരയില്‍ ഒരുക്കുന്നത്‌. കിലുക്കാംപെട്ടിയും ഡോക്ടര്‍ പശുപതിയുമെല്ലാം ഷാജി തന്നെയാണെന്ന്‌ ഒരുക്കിയതെന്ന്‌ പലര്‍ക്കും അറിയില്ല. ഷാജി ചിത്രങ്ങളുടെ ചടുലത കൈവിടാതെ ഒരുക്കുന്ന പൃഥ്വി ചിത്രത്തിന്‌ സംഗീതമൊരുക്കുന്നത്‌ സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ്‌. പൃഥ്വിയുടെ റംസാന്‍ ചിത്രമായി രഘുപതി രാഘവ രാജാറാം തിയറ്ററുകളിലെത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam