»   » ആലം ആര- ഇന്ത്യന്‍ സിനിമയുടെ വെളിച്ചം

ആലം ആര- ഇന്ത്യന്‍ സിനിമയുടെ വെളിച്ചം

Posted By:
Subscribe to Filmibeat Malayalam
Alam Ara: A milestone in Indian cinema
1931 മാര്‍ച്ച് 14 ശനിയാഴ്ച വൈകിട്ട് 3 മണി. ഇന്ത്യന്‍ സിനിമ ആദ്യമായി ശബ്ദത്തിന്റെ മാന്ത്രികത എന്തെന്നറിഞ്ഞ നിമിഷം. അന്നേ ദിവസം പഴയ ബോംബെയിലെ മജസ്റ്റിക് തിയറ്ററിന്റെ ഇരുട്ടിലിരുന്ന് ആലം ആര എന്ന സിനിമ കണ്ടവര്‍ തങ്ങളൊരു ചരിത്രനിമിഷത്തിനാണ് സാക്ഷ്യം വഹിയ്ക്കുന്നതെന്ന കാര്യം അറിഞ്ഞിരുന്നുവോയെന്ന കാര്യം സംശയമാണ്.

'ആലം ആര' എന്നാല്‍ ലോകത്തിന്റെ വെളിച്ചമെന്നാണ് അര്‍ത്ഥം. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ പ്രകാശം പകര്‍ന്ന ചിത്രമെന്ന നിലയ്ക്കാണ് ആലം ആര ചരിത്രത്തില്‍ ഇടം കണ്ടെത്തുന്നത്. അന്നുവരെയുണ്ടായിരുന്ന വെള്ളിത്തിരയിലെ നിശബ്ദത ഭഞ്ജിയ്ക്കപ്പെട്ടത് ആലം ആരയിലൂടെയായിരുന്നു. ശബ്ദത്തിന്റെ അകമ്പടിയില്ലാതെ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന വെള്ളിത്തിരയിലൂടെ ദൃശ്യങ്ങളിലൂടെ സിനിമ കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് ആലം ആര അദ്ഭുതമായി മാറി.

സിനിമയില്‍ ശബ്ദത്തിന്റെ പ്രാധാന്യമെന്തെന്ന് തിരിച്ചറിഞ്ഞ ആര്‍ദേഷിര്‍ ഇറാനിയാണ് ആലം ആരയുടെ സംവിധായകന്‍. ഹിന്ദിയിലും ഉറുദുവിലും സംസാരിയ്ക്കുന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച് പ്രേക്ഷകരെ അദ്ഭുതപ്പെടുത്താന്‍ ഇറാനിയ്ക്ക് കഴിഞ്ഞു. രാജകുമാരന്റെയും നാടോടി പെണ്‍കൊടിയും തമ്മിലുള്ള പ്രണയകഥ പ്രമേയമാക്കിയ ആലം ആരയുടെ രചിയിതാവ് പാര്‍സി തീയേറ്ററിലെ പ്രമുഖനായിരുന്ന ജോസഫ് ഡേവിഡാണ്.

ശബ്ദത്തിന്റെ സാധ്യകള്‍ ആവോളമുപയോഗിച്ച ചിത്രത്തില്‍ ഏഴോളം ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. ചതിയും വഞ്ചനയും പ്രണയവുമെല്ലാം ഉള്‍ക്കൊള്ളിച്ചിരുന്നെങ്കിലും സിനിമയിലെ നായകനായ പൃഥ്വിരാജ് കപൂറിന് ഗാനരംഗങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ നായിക സുബൈദയ്ക്കാവട്ടെ യഥേഷ്ടം പാട്ടും സംഭാഷണവും ഒക്കെയുണ്ടായിരുന്നു.

ഇന്ന് കോടികള്‍ കിലുങ്ങുന്ന ബോളിവുഡ് സിനിമയുടെ ചരിത്രവും ആലം ആരയിലൂടെ ആരംഭിയ്ക്കുന്നു. ആദ്യശബ്ദ സിനിമ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നത് പൊലീസായിരുന്നു. സിനിമ വന്‍വിജയമായതോടെ ചലച്ചിത്രനിര്‍മ്മാണരംഗത്ത് മുതല്‍ മുടക്കാന്‍ കൂടുതല്‍ പേര്‍ തയാറായി. അതുവരെ സംഗീതനാടക വേദികളില്‍ വ്യാപരിച്ചിരുന്ന കലാകാരന്മാരെ വെള്ളിത്തിരയുടെ അദ്ഭുതലോകത്തേക്ക് വഴിതിരിച്ചുവിടാന്‍ കഴിഞ്ഞത് ആലം ആരയ്ക്ക് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സവിശേഷ സ്ഥാനം നേടിക്കൊടുത്തു.

ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം പിറന്നിട്ട് എട്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ സിനിമയുടെ ഒരു പ്രിന്റ് പോലും ഇപ്പോഴില്ലെന്ന കാര്യവും അറിയുക. 2003ല്‍ പുനെ ഫിലിം നാഷണല്‍ ആര്‍ക്കൈവ്‌സിലുണ്ടായി അഗ്നിബാധയില്‍ സിനിമയുടെ ശേഷിച്ചിരുന്ന പ്രിന്റ് നശിച്ചുപോയി. ആലം ആരയുടെ പ്രിന്റ് കണ്ടെത്താന്‍ അധികൃതര്‍ ഭഗീരഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല.

ആലം ആരയുടെ എണ്‍പതാം പിറന്നാള്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗിളും ആഘോഷിയ്ക്കുകയാണ്. സിനിമയിലെ രംഗം ചിത്രീകരിയ്ക്കുന്ന ഡൂഡില്‍ തയാറാക്കിയാണ് ഗൂഗിള്‍ ആലം ആരയെ സ്മരിയ്ക്കുന്നത്.

English summary
Alam Ara was directed by Ardeshir Irani and was the first Indian sound film. The famous song of the movie - De de khuda ke naam per by actor Wazir Mohammed Khan was recorded live with musical accompaniment of a harmonium and a tabla. One should remember that movie was featured much ahead of the time of playback singing in Indian cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam