»   » ആഗസ്റ്റ് 1ന് രണ്ടാം ഭാഗമൊരുങ്ങുന്നു

ആഗസ്റ്റ് 1ന് രണ്ടാം ഭാഗമൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Mammootty
പുത്തന്‍ ട്രെന്‍ഡുകളുടെ പിന്നാലെയല്ല, മുന്നില്‍ തന്നെ പോകുന്ന താരമാണ്. മമ്മൂട്ടി. സിനിമയിലെ നവാഗത പ്രതിഭകളെ തിരിച്ചറിയുകയും അവര്‍ക്ക് അവസരം കൊടുക്കുകയും ചെയ്യുന്നതില്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിയ്ക്കാറുണ്ട്. ഇതുമാത്രമല്ല, സിനിമയിലെ പുതിയ ട്രെന്‍ഡ് എന്തെന്ന് മനസ്സിലാക്കാനും അതിനോട് കൃത്യമായി പ്രതികരിയ്ക്കാനും താരം ശ്രദ്ധിയ്ക്കാറുണ്ട്.

മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന താരത്തിന്റെ കരിയര്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. ഇപ്പോള്‍ മലയാളത്തിലെ തരംഗമായി മാറിയിരിക്കുന്ന തുടരന്‍ സിനിമകളുടെ കാര്യത്തിലും താരം ഇതേ നിലപാട് തന്നെയാണ് പുലര്‍ത്തുന്നത്. ഏതാനും വര്‍ഷം മുമ്പ് സിബിഐ സിനിമകളുടെ പരമ്പരകളുമായി മലയാളത്തില്‍ ഈ ട്രെന്റിനെ സജീവമാക്കിയ താരം ഇപ്പോഴിതാ തന്റെ മറ്റൊരു പഴയ ഹിറ്റ് കഥാപാത്രത്തെ കൂടി തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.

1988ല്‍ പുറത്തിറങ്ങിയ ആഗസ്റ്റ് 1ന്റെ തുടര്‍ച്ചയ്ക്കാണ് മമ്മൂട്ടി വീണ്ടും തയാറായിരിക്കുന്നത്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് ഒന്നിലെ പെരുമാള്‍ എന്ന കഥാപാത്രം മലയാള സിനിമയിലെ പൊലീസ് കഥാപാത്രങ്ങളില്‍ തികച്ചും വേറിട്ട് നില്‍ക്കുന്ന ഒന്നായിരുന്നു.

അടിയും തടയുമൊന്നുമില്ലാതെ ബുദ്ധിപൂര്‍വം കുറ്റവാളിയെ കുടുക്കുകയെന്നതായിരുന്നു പെരുമാളിന്റെ പ്രത്യേകത. അതേ സമയം മമ്മൂട്ടിയുടെ പെരുമാളിനെക്കാളും ഒരുപടി ഉയര്‍ന്നുനില്‍ക്കുന്നത് ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച വാടകക്കൊലയാളിയുടെ വേഷമായിരുന്നുവെന്നത് മറ്റൊരുകാര്യം. മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നായിരുന്നു അത്.

അടുത്തവര്‍ഷമാദ്യം ചിത്രീകരണം തുടങ്ങാന്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്ന സിനിമയുടെ സംവിധായകന്‍ സിബി മലയില്‍ ആയിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു യുവസംവിധായകന് വേണ്ടിയാണ് സ്വാമി തൂലിക ചലിപ്പിയ്ക്കുന്നതെന്നാണ് സൂചനകള്‍. എന്തായാലും ആഗസ്റ്റ് 1 നേടിയ വിജയത്തിന്റെ ആവര്‍ത്തനം രണ്ടാം ഭാഗത്തിനും ലഭിയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

സ്വകാര്യം- പെരുമാളിന്റെ പിതൃത്വം സ്വാമിയ്ക്കല്ലെന്നത് അധികമാരും അറിയാത്ത രഹസ്യമാണ്. 1973ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക്കായ 'ദ ഡേ ഓഫ് ദ ജക്കാള്‍' എന്ന ചിത്രമാണ് മലയാളത്തില്‍ ആഗസ്റ്റ് ഒന്നായി പുനര്‍ജ്ജനിച്ചത്. ഫ്രഞ്ച് പ്രസിഡന്റിനെ വധിയ്ക്കാനെത്തുന്ന വാടകക്കൊലയാളിയുടെ കഥയാണ് 'ദ ഡേ ഓഫ് ദ ജക്കാള്‍' പറഞ്ഞത്. മലയാളത്തിലെത്തിയപ്പോള്‍ സ്വാമി ഫ്രഞ്ച് പ്രസിഡന്റിന് പകരം കേരള മുഖ്യമന്ത്രിയെ ആ വേഷത്തിലേക്ക് നിയോഗിച്ചുവെന്ന് മാത്രം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam