»   » ലാലിന്റെ കാസനോവ മുടങ്ങിയെന്ന്‌ റിപ്പോര്‍ട്ട്‌

ലാലിന്റെ കാസനോവ മുടങ്ങിയെന്ന്‌ റിപ്പോര്‍ട്ട്‌

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന റൊമാന്റിക്‌ ആക്ഷന്‍ ചിത്രം കാസനോവ മുടങ്ങിയതായി അഭ്യൂഹം. കോണ്‍ഫിഡന്റ്‌ ഗ്രൂപ്പായിരുന്നു ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നത്‌.

ഇതുസംബന്ധിച്ചും ചിത്രത്തിന്റെ കഥ സംബന്ധിച്ചും ഒട്ടേറെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ പരാജയം കാരണം നിര്‍മ്മാതാക്കള്‍ പിന്‍മാറിയെന്നാണ്‌ കേള്‍ക്കുന്നത്‌.

ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ജനുവരിയില്‍ ബാംഗ്ലൂരിലെ കോണ്‍ഫിഡന്റ്‌ കാസ്‌കേഡില്‌ നടന്നിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷഭൂഷകളോടെയായിരുന്നു ലാല്‍ അന്ന്‌ ചടങ്ങിനെത്തിയത്‌. ഏപ്രില്‍ മാസത്തില്‍ വിയന്നയില്‍ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു.

പിന്നീടാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ പ്രകടനം മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതും നിര്‍മ്മാതാക്കള്‍ പിന്‍മാറിയതും. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാസനോവയെന്ന കഥാപാത്രത്തെയാണ്‌ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കാനിരുന്നത്‌.

ഭാവന, പ്രിയങ്ക, ലക്ഷ്‌മി റായ്‌ എന്നിവരുള്‍പ്പെടെ അഞ്ചുനായികമാരെയാണ്‌ തീരുമാനിച്ചിരുന്നത്‌. മുന്‍കാല നടന്‍ ശങ്കര്‍ ഈ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവു നടക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ചിത്രം നിര്‍ത്തിവച്ചിട്ടില്ലെന്നും ഇത്‌ ലാലിന്റെ വിരോധികള്‍ വെറുതെ പറഞ്ഞുപരത്തുന്നതാണെന്നും പറയപ്പെടുന്നുണ്ട്‌. വിയന്നയിലേയ്‌ക്ക്‌ ഷൂട്ടിങിനായി പോകാന്‍ താരങ്ങള്‍ക്കും മറ്റുമുള്ള വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്‌.

അതുകൊണ്ടാണ്‌ ചിത്രം മുടങ്ങിയെന്ന വാര്‍ത്ത പരക്കുന്നതെന്നാണ്‌ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്‌. ആദ്യം ചിത്രം ആസ്‌ത്രേലിയയില്‍ ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ചിത്രീകരണം ദുബയിലേയ്‌ക്ക്‌ മാറ്റാന്‍ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ്‌ ചിത്രത്തിന്റെ ജോലികള്‍ വൈകുന്നതെന്നും കേള്‍ക്കുന്നുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam