»   » നിര്‍മാണ-വിതരണ രംഗത്തേക്ക് മമ്മൂട്ടി

നിര്‍മാണ-വിതരണ രംഗത്തേക്ക് മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്‌ പിന്നാലെ മലയാളത്തിലെ മറ്റൊരു മെഗാതാരമായ മമ്മൂട്ടിയും സിനിമാ നിര്‍മാണ-വിതരണ രംഗത്തേക്ക്‌. നിര്‍മാതാവ്‌ ആന്റോ ജോസഫുമായി ചേര്‍ന്ന്‌ തുടങ്ങിയ പ്ലേ ഹൗസ്‌ എന്ന കമ്പനിയിലൂടെയാണ്‌ മമ്മൂട്ടി സിനിമയില്‍ പുതിയ കാല്‍വെയ്‌പ്‌ നടത്തിയിരിക്കുന്നത്‌.

ഞായറാഴ്‌ച എറണാകുളത്തെ പുല്ലേപടിയില്‍ നടന്ന പ്ലേ ഹൗസിന്റെ ഓഫീസ്‌ ഉദ്‌ഘാടന ചടങ്ങുകള്‍ക്ക്‌ ഏറെ പ്രത്യേകതകളുണ്ടായിരുന്നു.

ഒരുമിച്ച്‌ സിനിമയിലെത്തി ഹിറ്റുകള്‍ സൃഷ്ടിക്കുകയും പിന്നീട്‌ വേര്‍പിരിയുകയും ചെയ്‌ത സിദ്ധിഖ്‌-ലാല്‍ സഖ്യമാണ്‌ പ്ലേഹൗസിന്റെ വാതില്‍ തുറന്നത്‌. ഏറെക്കാലത്തിന്‌ ശേഷം ഈ കൂട്ടുകാര്‍ ഒന്നിയ്‌ക്കുന്ന ഉദ്‌ഘാടന ചടങ്ങ്‌ കൂടിയായി ഇത്‌ മാറി.

മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ചലച്ചിത്ര മേഖലയിലെ ഏഴു സംഘടന പ്രതിനിധികള്‍ ചേര്‍ന്ന്‌ വിളക്ക്‌ തെളിയിച്ചു. അമ്മയെ പ്രതിനിധീകരിച്ച്‌ നടന്‍മാരായ ദിലീപ്‌, മുകേഷ്‌, ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്ലേ ഹൗസ്‌ ആദ്യമായി വിതരണത്തിനെടുക്കുന്ന ചിത്രം പുതുമുഖങ്ങളുടേതാണ്‌. ശ്യാമപ്രസാദ്‌ സംവിധാനം ചെയ്യുന്ന ഋതു, ലാല്‍ ജോസ്‌-എംടി കൂട്ടുകെട്ടിലൊരുങ്ങുന്ന നീലത്താമരയുമായാണ്‌ അടുത്ത കരാര്‍. മോസര്‍ ബെയര്‍ നിര്‍മ്മിയ്‌ക്കുന്ന അക്കു അക്‌ബര്‍-ജയറാം ടീമിന്റെ കാണാക്കന്മണിയും തിയറ്ററുകളിലെത്തിയ്‌ക്കുന്നത്‌ പ്ലേ ഹൗസായിരിക്കും. സ്വന്തമായി സിനിമകള്‍ നിര്‍മ്മിയ്‌ക്കുന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ നടക്കുകയാണെന്ന്‌ ആന്റോ ജോസഫ്‌ പറഞ്ഞു.

സിനിമയ്‌ക്ക്‌ മാത്രമല്ല നാടകവതരണത്തിനും പ്ലേ ഹൗസ്‌ പ്രധാന്യം കൊടുക്കുന്നുണ്ട്‌. "പ്ലേ ഹൗസെന്നാല്‍ തിയേറ്ററെന്നാണ്‌ അര്‍ത്‌ഥം. അപ്പോള്‍ സിനിമ നിര്‍മ്മിക്കാന്‍ മാത്രമല്ല, നല്ല നാടകങ്ങള്‍ സൃഷ്‌ടിച്ച്‌ ജനമധ്യത്തില്‍ അവതരിപ്പിക്കുന്നതിനും വേണ്ടിയാണ്‌ വ്യത്യസ്‌തമായൊരു നിര്‍മ്മാണക്കമ്പനി രൂപീകരിച്ചത്‌"- ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു കൊണ്ട്‌ മമ്മൂട്ടി പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam