»   » സാജു കൊടിയന്‍ തിരക്കഥാകൃത്താകുന്നു

സാജു കൊടിയന്‍ തിരക്കഥാകൃത്താകുന്നു

Posted By:
Subscribe to Filmibeat Malayalam

ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സാജു കൊടിയന്‍ എന്ന അഭിനേതാവിനെ പ്രേക്ഷകന്‍ അടുത്തറിഞ്ഞത്‌ ഏഷ്യാനെറ്റിലെ സിനിമാലയെന്ന ഹാസ്യപരിപാടിയിലൂടെയാണ്‌. വര്‍ഷങ്ങളായി ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‌തുവരുന്ന സിനിമാലയുടെ അവിഭാജ്യഘടകമായ സാജു കൊടിയന്‍ തിരക്കഥാരംഗത്തേക്ക്‌ പ്രവേശിയ്‌ക്കുന്നു. വലിയങ്ങാടി എന്ന ചിത്രത്തിന്‌ ശേഷം സലീംബാവ സംവിധാനം ചെയ്യുന്ന ടയ്‌ലറാം ബാലന്‍ എന്ന ചിത്രത്തിലൂടെയാണ്‌ സാജു കൊടിയന്‍ തിരക്കഥാകൃത്താകുന്നത്‌.

തീര്‍ത്തും ഒരു ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രാരാബ്ധക്കാരനായ ബാലന്‍ എന്ന ടയ്‌ലറുടെ കഥയാണ്‌ സാജു പറയുന്നത്‌. കെട്ടിച്ചുവിടാന്‍ പ്രായമായ അഞ്ച്‌ പെങ്ങമാരാണ്‌ ബാലനുള്ളത്‌. ഇവരെയെല്ലാം നല്ലനിലയില്‍ കെട്ടിച്ചുവിടാന്‍ ബാലന്‍ ശ്രമിയ്‌ക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം വിനയായി തീരുന്നത്‌ അയാളുടെ ആറാമിന്ദ്രിയമാണ്‌. ഈയൊരു അതീന്ദ്രയ സിദ്ധിയിലൂടെ ബാലന്‍ വരുംവരായ്‌കകളും കാലേക്കൂട്ടി അറിയുന്നു. എന്നാല്‍ ഇതെല്ലാം തനിയ്‌ക്ക്‌ തന്നെ പാരയാകുന്നതിലൂടെ ബാലന്‍ നട്ടംതിരിയുകയാണ്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

സ്റ്റാര്‍ സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌ മുഹമ്മദ്‌ കോട്ടയ്‌ക്കലാണ്‌. മുകേഷ്‌, നവാസ്‌, ഇന്ദ്രന്‍സ്‌, സുധീഷ്‌, സാജു കൊടിയന്‍, ജഗദീഷ്‌, ജഗതി, സലീം കുമാര്‍, സൈജു കുറുപ്പ്‌, പത്മപ്രിയ, ഭാനുപ്രിയ, ഊര്‍മ്മിള ഉണ്ണി സീനത്ത്‌ തുടങ്ങി വന്‍താര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. നവംബര്‍ അവസാനത്തോടെ പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായി ടയ്‌ലറാം ബാലന്റെ ചിത്രീകരണം ആരംഭിയ്‌ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X