»   » സുരേഷ്‌ ഗോപി വീണ്ടും കാക്കിയ്‌ക്കുള്ളില്‍

സുരേഷ്‌ ഗോപി വീണ്ടും കാക്കിയ്‌ക്കുള്ളില്‍

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
വെള്ളിത്തിരയില്‍ കാക്കിയുടെ കരുത്തുമായി സുരേഷ്‌ ഗോപി വീണ്ടുമെത്തുന്നു. മാടമ്പിയിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകന്‍മാരിലൊരാളായി മാറിയ ബി. ഉണ്ണികൃഷ്‌ണന്‍ ഒരുക്കുന്ന ഐജിയിലൂടെയാണ്‌ സുരേഷ്‌ ഗോപി വീണ്ടും കാക്കിയണിയുന്നത്‌.

'കമ്മീഷണര്‍' എന്ന ചിത്രത്തിലൂടെ മോളിവുഡിലെ പോലീസ്‌ വേഷങ്ങള്‍ക്ക്‌ പുതിയ നിര്‍വചനം നല്‌കിയ സുരേഷ്‌ ഗോപി താനിപ്പോഴും അത്തരം വേഷങ്ങളില്‍ കസറുമെന്ന്‌ തെളിയിച്ചിട്ട്‌ അധികകാലമായിട്ടില്ല.

ചരിത്ര വിജയമായി മാറിയ ട്വന്റി20യില്‍ സുരേഷ്‌ ഗോപി അവതരിപ്പിച്ച ആന്റണി പുന്നക്കാടന്‍ ഐപിഎസ്‌
ലാല്‍-മമ്മൂട്ടിമാരുടെ കഥാപാത്രങ്ങളെക്കാള്‍ ഒരുപടി മുന്നില്‍ നില്‌ക്കുന്നുണ്ടെന്ന്‌ പലര്‍ക്കും തോന്നിയെങ്കില്‍ അതിനെ കുറ്റം പറയാനൊക്കില്ലായിരുന്നു. അത്രയ്‌ക്ക്‌ ഉജ്ജ്വമായ പ്രകടനമാണ്‌ സുരേഷ്‌ ഗോപി ഈ അച്ഛായന്‍ പോലീസ്‌ വേഷത്തിലൂടെ കാഴ്‌ചവച്ചത്‌.

സുരേഷ്‌ ഗോപിയുടെ കാക്കി വേഷമെന്ന പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലെത്തുന്നത്‌ കേരളത്തിലെ സമകാലീന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ്‌.

സംസ്ഥാനത്ത്‌ വേരാഴ്‌ത്തിയ തീവ്രവാദ പ്രസ്ഥാനങ്ങളുടെയും ലക്ഷ്‌ക്കറി തോയ്‌ബ പോലുള്ള സംഘടനകള്‍ക്ക്‌ വേണ്ടി ചാവേറുകളാകാന്‍ ഇറങ്ങിത്തിരിയ്‌ക്കുന്ന യുവത്വത്തിന്റെയും കഥ കൂടിയാണ്‌ സുരേഷ്‌ ഗോപി നായകനാകുന്ന ഐജിയിലൂടെ സംവിധായകന്‍ ബി. ഉണ്ണികൃഷ്‌ണന്‍ പറയുന്നത്‌.

മുംബൈ ആക്രമണത്തിനിടെ കൊല്ലപ്പെട്ട എടിഎസ്‌ തലവന്‍ ഹേമന്ത്‌ കാര്‍ക്കറെയുടെ ജീവിതത്തോട്‌ ഒട്ടിനില്‌ക്കുന്ന കഥാപാത്രത്തെയായിരിക്കും സുരേഷ്‌ ഗോപി ഐജിയിലൂടെ അവതരിപ്പിയ്‌ക്കുക. ഇത്‌ രണ്ടാം തവണയാണ്‌ ബി. ഉണ്ണികൃഷ്‌ണന്റെ ചിത്രത്തില്‍ സുരേഷ്‌ നായകനായെത്തുന്നത്‌.

അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ സ്‌മാര്‍ട്ട്‌ സിറ്റിയില്‍ സുരേഷ്‌ ഗോപിയായിരുന്നു നായകന്‍. ചിത്രം ബോക്‌സ്‌ ഓഫീസില്‍ അത്ര വിജയമായില്ലെങ്കിലും ഒരു പ്രതിഭാധനനായ സംവിധായകന്റെ വരവ്‌ വെളിപ്പെടുത്തിയ ചിത്രമായിരുന്നു അത്‌.

ഐജിയില്‍ സുരേഷ്‌ ഗോപിയ്‌ക്ക്‌ പുറമെ ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍ ദേവന്‍, രാജന്‍ പി ദേവ്‌, ആഷിഷ്‌ വിദ്യാര്‍ത്ഥി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അഭിനയിക്കുന്നുണ്ട്‌.
സൂപ്പര്‍ സ്‌റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ മഹിയാണ്‌ ഐജിയുടെ നിര്‍മാതാവ്‌. വിഷുവിന്‌ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam