For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടാാാസ്‌കി വിളിയെടാാാ....പപ്പുവിന്റെ ഓര്‍മകള്‍ക്ക് 15വയസ്സ്

  By Aswathi
  |

  താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക്, എനിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാന്‍ ആരാണെന്നും..ടാാാാസ്‌കി വിളിയെടാാ. എത്രയാവര്‍ത്തി കേട്ടാലും മലയാളികള്‍ക്ക് മടുക്കാത്ത ഡയലോഗ്, സാഹ്യം, എന്നും ചിരിക്കുന്ന മുഖം..പപ്പു..കുതിരവട്ടം പപ്പു..

  കോഴിക്കോടിനേയും താമരശ്ശേരിയേയും വിശ്വപ്രസിദ്ധമാക്കിയ കുതിരവട്ടം പപ്പു ഓര്‍മ്മയായിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ലോകത്തിന്റെ ഏതുഭാഗത്തുള്ള മലയാളിയും കോഴിക്കോട്ടുകാരനോട് സിനിമയെ കുറിച്ച് അഞ്ചു മിനിട്ട് സംസാരിക്കുമ്പോള്‍ അതില്‍ താമരശ്ശേരി ചൊരം വന്നിരിക്കും. പപ്പുവിനെ ഇന്നും സജ്ജീവമായ് ഓര്‍മ്മയില്‍ നിര്‍ത്തുവാന്‍ അത്രമേല്‍ പര്യാപ്തമായിരുന്നു വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ താമരശ്ശേരി ചൊരം.

  kuthiravattam-pappu-01

  വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയില്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗ്ഗവീനിലയത്തിലെ കഥാപാത്രത്തിന്റെ പേരായ കുതിരവട്ടം പപ്പുവിനെയാണ് പത്മദളാക്ഷന്‍ എന്ന ഈ കോഴിക്കോട്ടുകാരന്‍ പിന്നീട് കൂടെ കൂട്ടിയത്. പപ്പുവിന്റെ ഓര്‍മ ദിവസമായ ഇന്ന് (25-02-2015) തന്നെ എ വിന്‍സന്റും അന്തരിച്ചത് ആ ബന്ധത്തിന്റെയോ മുകളിലെ നിശ്ചയമോ എന്തോ...തീര്‍ത്തും ആകസ്മികമാവാം.

  കുട്ടിക്കാലത്തെ നാടക അഭിനയത്തില്‍ താല്പര്യം പ്രകടിപ്പിച്ച പത്മദളാക്ഷന്റെ ആദ്യത്തെ മികച്ച നാടക പ്രകടനം പതിനേഴാം വയസ്സിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ നാടകത്തിന്റെ നട്ടെല്ലുകളിലൊരാളായ് പപ്പു വളര്‍ന്നു. കുഞ്ഞാണ്ടി, തിക്കോടിയന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കെ ടി മുഹമ്മദ് എന്നിവരുടെ ടീമില്‍ സജീവമായിരുന്ന പപ്പു ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

  kuthiravattam-pappu-02

  സിനിമ സംവിധായകരായ രാമു കാര്യാട്ടിന്റേയും എ വിന്‍സന്റിന്റേയും ശ്രദ്ധയില്‍ പെട്ട പപ്പുവിന് നാടക അഭിനയം സിനിമയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു, മൂടുപടം എന്ന ആദ്യ ചിത്രത്തിലൂടെ. ഭാര്‍ഗ്ഗവീനിലയത്തിലൂടെയാണ് കുതിരവട്ടം പപ്പു ശ്രദ്ധിക്കപ്പെടുന്നത്.

  കോഴിക്കോടന്‍ സ്ലാങ്ങിലുള്ള സംഭാഷണ രീതിയും പ്രത്യേക ശാരീരികഭാഷയും കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ പപ്പു മൂന്ന് പതിറ്റാണ്ട് മലയാളസിനിമയില്‍ നിറഞ്ഞുനിന്നു. ഹാസ്യനടനത്തിന്റെ പപ്പു സ്‌റൈല്‍ ഇന്നും വേറിട്ടു നില്‍ക്കുന്നു. ഹാസ്യതാരമായ് സിനിമയില്‍ നിറഞ്ഞു നില്ക്കുമ്പോഴും നാടകത്തിന്റെ ഈറ്റില്ലം സമ്മാനിച്ച അഭിനയ തികവ് പുറത്തെടുക്കാന്‍ ചില ക്യാരക്ടര്‍ വേഷങ്ങള്‍ പപ്പുവിനെ തേടിവന്നിരുന്നു.

  kuthiravattam-pappu-03

  ആയിരത്തിലധികം ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളില്‍ നിറഞ്ഞു നിന്നിട്ടും ഒരു പുരസ്‌കാരം കൊണ്ട് അദ്ദേഹത്തെ ആരും ആദരിച്ചില്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ, അങ്ങാടി കാണാകിനാവ്, ഏതോ തീരം, ചെമ്പരത്തി, അവളുടെ രാവുകള്‍, മണിചിത്രത്താഴ്, ചാകര, അഹിംസ, ടി.പി.ബാലഗോപാലന്‍ എം.എ, തേന്മാവിന്‍ കൊമ്പത്ത്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, അടിയൊഴുക്കുകള്‍, 1921, ചന്ദ്രലേഖ, ഏയ് ഓട്ടോ, വിയറ്റ്‌നാം കോളനി, മിഥ്യ തുടങ്ങി പപ്പുവിന്റെ മികച്ച വേഷങ്ങള്‍ തേടിയിറങ്ങുമ്പോള്‍ താമരശ്ശേരി ചൊരത്തില്‍ വീണതുപോലെ പോവും.

  kuthiravattam-pappu-04

  നായകനെയും നായികയെയും പ്രതിനായകനെയും എടുത്തു പൊക്കുന്ന കാലത്ത് പപ്പുവിനെ പോലുള്ള പ്രതിഭകളെ പേരിലൊതുക്കുകയായിരുന്നു മലയാള സിനിമ. പ്രേക്ഷകഹൃദയങ്ങളില്‍ ടാാാസ്‌കി വിളിയെടാാാ എന്ന് ആക്രോശിക്കുന്ന കുതിരവട്ടം പപ്പു നിറശോഭയോടെ ഇന്നുമുണ്ട്. അംഗീകാരങ്ങള്‍ക്കും അവാര്‍ഡുകള്‍ക്കുമപ്പുറത്ത് പപ്പുവിന്റെ കഥാപാത്രങ്ങള്‍ കാലാതീതമായ് നിലനില്‍ക്കുന്നതാണ് വലിയ നേട്ടം.

  English summary
  15th death anniversary of veteran Kuthiravattam Pappu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X