»   » ലഫ്‌. കേണലിനൊപ്പം ഹൈജാക്കിന്‌ മേജര്‍ രവി

ലഫ്‌. കേണലിനൊപ്പം ഹൈജാക്കിന്‌ മേജര്‍ രവി

Posted By:
Subscribe to Filmibeat Malayalam
Mohanlal
കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ ഹിറ്റുകള്‍ക്ക്‌ ശേഷം മേജര്‍ രവിയും മോഹന്‍ലാലും വീണ്ടുമൊന്നിയ്‌ക്കുന്നു. ഹൈജാക്ക്‌ എന്ന്‌ പേരിട്ടിരിയ്‌ക്കുന്ന ഈ പ്രൊജക്ട്‌ ലഫ്‌റ്റനന്റ്‌ കേണല്‍ പദവി ലഭിച്ചതിന്‌ ശേഷം ലാല്‍ സൈനിക വേഷത്തിലെത്തുന്ന ആദ്യ ചിത്രം കൂടിയായിരിക്കും.

ആര്‍മി ചിത്രങ്ങളിലൂടെ ബോക്‌സ്‌ ഓഫീസ്‌ കീഴടക്കിയ ഹിറ്റ്‌ ടീം വീണ്ടുമൊന്നിയ്‌ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമുയരുമെന്ന കാര്യമുറപ്പാണ്‌. ഈ പ്രതീക്ഷകള്‍ക്ക്‌ കോട്ടം തട്ടാതെ ഒരു മികച്ച ആക്ഷന്‍ ചിത്രമൊരുക്കാനാണ്‌ മേജര്‍ രവിയുടെ ശ്രമം. ചിത്രത്തില്‍ മോഹന്‍ലാലനൊപ്പം കോളിവുഡ്‌ ആക്ഷന്‍ ഹീറോ അര്‍ജ്ജുനും അഭിനയിക്കുന്നുണ്ട്‌. മിക്കവാറും ലാലും അര്‍ജ്ജുനും കമാന്‍ഡോകളുടെ വേഷത്തിലായിരിക്കും ഹൈജാക്കില്‍ എത്തുകയെന്നറിയുന്നു.

രണ്ടായിരത്തില്‍ ഇന്ത്യന്‍ വിമാനം തീവ്രവാദികള്‍ റാഞ്ചിയ സംഭവം ഇതിവൃത്തമാക്കിയായിരിക്കും ഹൈജാക്ക്‌ ഒരുക്കുകയെന്നറിയുന്നു. അതേ സമയം ഈ സംഭവം അതേപടി പകര്‍ത്താനായിരിക്കില്ല മേജറിന്റെ ശ്രമം. യഥാര്‍ത്ഥ സംഭവം അതേപടി സിനിമയാക്കിയാല്‍ ലക്ഷ്യം കാണില്ലെന്ന്‌ മേജര്‍ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്‌. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മിഷന്‍-90 ഡേയ്‌സില്‍ നിന്നും പാഠമുള്‍ക്കൊണ്ട്‌ വാണിജ്യ സിനിമയ്‌ക്കു വേണ്ട ചേരുവകളുമായിട്ടായിരിക്കും ഹൈജാക്ക്‌ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുക. മിഷന്‍ 90 ഡേയ്‌സിന്റെ ക്ലൈമാക്‌സില്‍ ചെറിയൊരു മാറ്റം വരുത്താന്‍ തയാറായിരുന്നെങ്കില്‍ ചിത്രം ഹിറ്റാവുമെന്ന്‌ മേജര്‍ രവി പിന്നീട്‌ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

അഞ്ച്‌ കോടിയോളം ചെലവ്‌ പ്രതീക്ഷിയ്‌ക്കുന്ന ഹൈജാക്കിന്‌ വേണ്ടി ലാല്‍ ഇതിനോടകം ഡേറ്റുകള്‍ നല്‌കിയിട്ടുണ്ട്‌. അര്‍ജ്ജുനെ നായകനാക്കി ഒരുക്കുന്ന മെയ്‌ക്കണ്ണിനും കീര്‍ത്തിചക്രയുടെ ബോളിവുഡ്‌ പതിപ്പിനും ശേഷമായിരിക്കും മേജര്‍ രവി ഹൈജാക്കിന്റെ വര്‍ക്കുകള്‍ ആരംഭിയ്‌ക്കുക. മോഹന്‍ലാലിന്റെ അടുത്ത വര്‍ഷത്തെ പ്രധാന ചിത്രങ്ങളിലൊന്നായിരിക്കും ഇത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam