»   » ഗണേഷിനെ നിയമസഭ കാണിക്കില്ല: തിലകന്‍

ഗണേഷിനെ നിയമസഭ കാണിക്കില്ല: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
തന്റെ കമ്യൂണിസ്റ്റ്പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ ബി. ഗണേഷ്‌കുമാറിനെ അടുത്തതവണ നിയമസഭ കാണിക്കില്ലെന്നും അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും നടന്‍ തിലകന്‍.

പേരെടുത്തുപറയാതെ, മുന്‍മന്ത്രിയായ എംഎല്‍എ എന്നുപറഞ്ഞാണ് തിലകന്‍ ഗണേഷ്‌കുമാറിനെതിരെ ആഞ്ഞടിച്ചത്. കാക്കനാട്ട് നടന്ന എഐവൈഎഫ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് എന്തുചെയ്തുവെന്ന് പറയാന്‍ ഈ മുന്‍മന്ത്രിയായ എംഎല്‍എ തയ്യാറാവണം. ശ്രീവിദ്യയുടെ സ്വത്ത് കൈകാര്യംചെയ്തത് ഈ മുന്‍മന്ത്രിയാണ്. തന്റെ സ്വത്ത് പാവപ്പെട്ടവര്‍ക്കുവേണ്ടി ചലവഴിക്കണമെന്നായിരുന്നു ശ്രീവിദ്യയുടെ ആഗ്രഹം.

ഇക്കാര്യം എന്നോടും പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊന്നും ചെലവഴിച്ചതായി കണ്ടില്ല. ഞാന്‍ കമ്യൂണിസ്റ്റാണെന്നു പറഞ്ഞപ്പോള്‍ അത് കള്ളമാണെന്നു പറഞ്ഞ ആളാണ് ഇയാള്‍- തിലകന്‍ പറഞ്ഞു.

കമലഹാസനെ ആദരിക്കുന്ന സര്‍ക്കാര്‍ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ച താരസംഘടനയായ അമ്മയുടെ നിലപാടിനെയും തിലകന്‍ വിമര്‍ശിച്ചു.

അമ്മ എന്ന സംഘടന പിരിച്ചുവിടണം. തമിഴ്‌നാട്ടില്‍ നമ്മുടെ താരങ്ങളെ ആദരിച്ചിട്ടുണ്ടോ എന്നാണ് കമലഹാസനെ ആദരിക്കുന്ന കാര്യം വന്നപ്പോള്‍ അമ്മയുടെ പ്രസിഡന്റ് ചോദിച്ചത്.

ഇത് തീര്‍ത്തും പ്രാദേശികമായൊരു വാദമാണ്. മലയാളിയായ എം.ജി. രാമചന്ദ്രനെ സിനിമാതാരവും പിന്നീട് മുഖ്യമന്ത്രിയുമാക്കിയ ചരിത്രമാണ് തമിഴര്‍ക്കുള്ളതെന്നു മറക്കേണ്ടെന്നും തിലകന്‍ പറഞ്ഞു.

എഐവൈഎഫ് ദേശാഭിമാന റാലിക്കുശേഷം നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിലകന്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam