»   » ഗാനഗന്ധര്‍വന് 6000 രൂപ തിരികെക്കിട്ടി

ഗാനഗന്ധര്‍വന് 6000 രൂപ തിരികെക്കിട്ടി

Posted By:
Subscribe to Filmibeat Malayalam
KJ Yesudas
സംസ്ഥാന സര്‍ക്കാറിന്റെ സ്വാതി പുരസ്‌കാരം ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് സമ്മാനിച്ചു. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.എ. ബേബിയില്‍ നിന്നാണ് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങിയത്. അവാര്‍ഡ് തുക ബജറ്റില്‍ പ്രഖ്യാപിച്ച 'ഹൃദയരാഗം ഹൃദയ താളം' പദ്ധതിക്കായി നല്‍കുമെന്ന് യേശുദാസ് വ്യക്തമാക്കി.

ചടങ്ങിനിടെ സര്‍ക്കാരിന്റെ മറ്റൊരു അപൂര്‍വ സമ്മാനവും ഗാനഗന്ധര്‍വനെ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് യേശുദാസ് സംഗീത നാടക അക്കാദമിയ്ക്ക് വേണ്ടി ചെലവാക്കിയ ആറായിരം രൂപ തിരികെ നല്‍കി മന്ത്രി എംഎ ബേബിയാണ് യേശുദാസിനെ വിസ്മയിപ്പിച്ചത്. സ്വാതി സംഗീത പുരസ്‌കാരമായ ഒരു ലക്ഷം രൂപയ്‌ക്കൊപ്പം മറ്റൊരു കവറിലിട്ടാണ് 6000 രൂപ നല്‍കിയത്. അക്കാദമി യേശുദാസിന് മടക്കി നല്‍കേണ്ടതായിരുന്നു ഈ തുക.

വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുദാസ് അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത് കലാകാരന്മാര്‍ക്ക് സ്വര്‍ണത്തിന്റെ ചെറിയ പതക്കം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി 6000 രൂപയാണ് ചെലവാക്കിയത്. എന്നാല്‍ പണം അനുവദിയ്ക്കാന്‍ ചില സാങ്കേതികതടസ്സങ്ങളുണ്ടായി. രണ്ട് വര്‍ഷത്തിന് ശേഷം യേശുദാസ് രാജിവെയ്ക്കുകയും ചെയ്തു.

പഴയകാലത്തെ സംഭവം അടുത്തിടെ യേശുദാസ് മന്ത്രി എംഎ ബേബിയോട് സാന്ദര്‍ഭികമായി പറഞ്ഞിരുന്നു. വെറുതെ പറഞ്ഞതാണെങ്കിലും ഇക്കാര്യം പരിശോധിയ്ക്കാന്‍ മന്ത്രി അക്കാദമിയ്ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് ഈ തുകയും സ്വാതി പുരസ്‌കാരത്തോടൊപ്പം മടക്കിനല്‍കാന്‍ തീരുമാനിച്ചത്.

അക്കാദമി മടക്കിത്തന്ന തുക ഏതെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കണമെന്നാണ് ആഗ്രഹിയ്ക്കുന്നതെന്ന് ഗാനഗന്ധര്‍വന്‍ പറയുന്നു. അന്ന് മുടക്കിയ പണത്തിന് പലിശ വാങ്ങിയിട്ടില്ല. അതിന് രസീത് നല്‍കുമെന്നും ഗായകന്‍ പറയുന്നു.

യേശുദാസ്, സംഗീതം, എംഎ ബേബി, സംഗീത നാടക അക്കാദമി, പണം

Read more about: ma baby yesudas
English summary
Swathi Puraskaram, the highest musical award of Kerala government, was presented to noted singer KJ Yesudas at a function in Thiruvananthapuram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam