»   » എല്ലാ വഴികളും ഹരിഹര്‍ നഗറിലേക്ക്‌

എല്ലാ വഴികളും ഹരിഹര്‍ നഗറിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam

വിഷു-ഈസ്‌റ്റര്‍ ചിത്രങ്ങളില്‍ ടു ഹരിഹര്‍ നഗര്‍ വമ്പന്‍ കളക്ഷനുമായി മുന്നോട്ട്‌ കുതിയ്‌ക്കുന്നു. മലയാള സിനിമാ വിപണിയിലെ ഏറ്റവും പ്രധാന സീസണുകളിലൊന്നായ മധ്യവേനലവധിക്കാലം മുഴുവന്‍ ഈ നാല്‍വര്‍ സംഘം തിയറ്ററുകള്‍ ഭരിയ്‌ക്കുമെന്ന്‌ ഉറപ്പായി കഴിഞ്ഞു.

റിലീസ്‌ ചെയ്‌ത്‌ ആദ്യ പത്ത്‌ ദിനത്തിനുള്ളില്‍ നാലു കോടിയ്‌ക്കടുത്ത്‌ ഗ്രോസ്‌ കളക്ഷനാണ്‌ ലാല്‍ ചിത്രം വാരിക്കൂട്ടിയിരിക്കുന്നത്‌. ഇതില്‍ വിതരണക്കാരുടെ വിഹിതം മാത്രം 2.25 കോടിയോളം വരും. 63 കേന്ദ്രങ്ങളിലാണ്‌ ചിത്രം റിലീസ്‌ ചെയ്‌തതെങ്കിലും പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത്‌ അഞ്ച്‌ ദിവസത്തിനുള്ളില്‍ 11 കേന്ദ്രങ്ങളില്‍ കൂടി സിനിമ റിലീസ്‌ ചെയ്യുകയായിരുന്നു.

തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടുമടക്കമുള്ള വന്‍നഗരങ്ങളിലെല്ലാം ടു ഹരിഹര്‍ നഗറിന്‌ വമ്പന്‍ വരവേല്‌പാണ്‌ ലഭിച്ചു കൊണ്ടിരിയ്‌ക്കുന്നത്‌. ഏറെക്കാലത്തിന്‌ ശേഷം ഗ്രാമപ്രദേശങ്ങളിലെ തിയറ്ററുകളില്‍ ഹൗസ്‌ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങുന്ന കാഴ്‌ചയ്‌ക്കും ചിത്രം സാക്ഷ്യം വഹിച്ചു.

2009ലെ മധ്യവേനല്‍ സീസണിലെ സൂപ്പര്‍ ഹിറ്റായി ടു ഹരിഹര്‍ നഗര്‍ മാറുമെന്നാണ്‌ തിയറ്ററുകളില്‍ നിന്ന്‌ ലഭിയ്‌ക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്‌ക്കുന്നത്‌. ഈ സീസണില്‍ ഇറങ്ങിയ മറ്റൊരു സിനിമയ്‌ക്കും ജനക്കൂട്ടത്തെ തിയറ്ററുകളിലേക്ക്‌ ആകര്‍ഷിയ്‌ക്കാന്‍ കഴിയുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്‌.

ഏറെ പ്രതീക്ഷകളോടെ എത്തിയ അമല്‍ നീരദ്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ സാഗര്‍ ഏലിയാസ്‌ ജാക്കിയ്‌ക്ക്‌ പോലും ടു ഹരിഹര്‍ നഗറിനോട്‌ എതിര്‍ത്ത്‌ നില്‌ക്കാനാകുന്നില്ല. ഈ രണ്ട്‌ ചിത്രങ്ങളും പ്രദര്‍ശിപ്പിയ്‌ക്കുന്ന തിയറ്റര്‍ കോംപ്ലക്‌സുകള്‍ മോഹന്‍ലാല്‍ ചിത്രത്തെ ചെറിയ തിയറ്ററിലേക്കും ഹരിഹര്‍ നഗറിനെ വലിയ തിയറ്ററിലേക്കും മാറ്റിക്കഴിഞ്ഞു.

സുരേഷ്‌ ഗോപിയുടെ ഐജിയാണ്‌ നാല്‍വര്‍ സംഘത്തിന്റെ ആക്രമണത്തില്‍ മലര്‍ന്നടിച്ചു വീണ മറ്റൊരു സിനിമ. വിഷുവിന്‌ തൊട്ടുമുമ്പ്‌ പ്രദര്‍ശനത്തിനെത്തിയ ജയറാമിന്റെ സമസ്‌ത കേരളം പിഒയുടെ സ്ഥിതി ഇതിലും ദയനീയമാണ്‌. അവധി ദിനങ്ങളില്‍ പോലും ഹൗസ്‌ ഫുള്‍ ബോര്‍ഡ്‌ തൂങ്ങാതെയാണ്‌ ഈ ജയറാം ചിത്രം സമസ്‌ത കേരളമാകെ പ്രദര്‍ശനം തുടരുന്നത്‌.

വിഷു ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ ദിലീപ്‌-ഫാസില്‍ കൂട്ടുകെട്ടിന്റെ മോസ്‌ ആന്‍ഡ്‌ ക്യാറ്റ്‌സും പ്രതീക്ഷിച്ച നിലവാരത്തിലെത്താത്ത സാഹചര്യത്തില്‍ ഇനിയുള്ള ദിനങ്ങളും ടു ഹരിഹര്‍ നഗര്‍ പടയോട്ടം തുടരുമെന്നാണ്‌ വിപണി വിദഗ്‌ധരുടെ വിലയിരുത്തല്‍. അവധിക്കാലം അവസാനിയ്‌ക്കാന്‍ ഇനിയും ഒന്നര മാസം ബാക്കി നില്‌ക്കുന്ന സാഹചര്യത്തില്‍ ഹരിഹര്‍ നഗര്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

മാര്‍ച്ച്‌ 23ന്‌ പ്രദര്‍ശനത്തിനെത്തുന്ന സത്യന്റെ ജയറാം ചിത്രമായ ഭാഗ്യദേവതയാണ്‌ ഇനി ബോക്‌സ്‌ ഓഫീസില്‍ ഹരിഹര്‍ നഗറിന്‌ വെല്ലുവിളി ഉയര്‍ത്തുക. അതേ സമയം മലയാള സിനിമയുടെ നിലനില്‌പിന്‌ ഈ സീസണില്‍ മറ്റൊരു വാണിജ്യ വിജയം കൂടി അനിവാര്യമാണ്‌. കാത്തിരിയ്‌ക്കാം ഭാഗ്യദേവത ജയറാമിനും സത്യനും ഭാഗ്യം കൊണ്ടു വരുമോയെന്ന്‌....

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam