»   » പത്രത്തിന്റെ രണ്ടാം ഭാഗവുമായി രഞ്‌ജി

പത്രത്തിന്റെ രണ്ടാം ഭാഗവുമായി രഞ്‌ജി

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
അക്ഷരങ്ങളെ പടവാളാക്കി അനീതിയ്‌ക്കെതിരെ ഗര്‍ജ്ജിച്ച നന്ദഗോപനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. രഞ്‌ജി പണിക്കരുടെ മൂര്‍ച്ചയുള്ള തിരക്കഥയും നായകന്‍ സുരേഷ്‌ ഗോപിയുടെ ഔട്ട്‌ സ്റ്റാന്‍ഡിങ്‌ പെര്‍ഫോമന്‍സും ജോഷിയുടെ ചടുലമായ സംവിധാനവും ഒക്കെ ഒരുമിച്ച്‌ ചേര്‍ന്നപ്പോള്‍ പത്രമെന്ന മെഗാഹിറ്റ്‌ പിറന്നു.

മാധ്യമമുത്തശ്ശിമാരുടെ മുഖംമൂടി വലിച്ചു കീറിയ പത്രം സിനിമയും മാധ്യമ ലോകവും തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിവെച്ചു. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ ബഹിഷ്‌ക്കരണത്തെ അതിജീവിച്ചാണ്‌ പത്രം അന്ന്‌ വമ്പന്‍ വിജയം കൊയ്‌തത്‌.

സുരേഷ്‌ ഗോപിയ്‌ക്ക്‌ പുറമെ മഞ്‌ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരുടെ പ്രകടനവും മികച്ചതായിരുന്നു. അന്തരിച്ച എന്‍എഫ്‌ വര്‍ഗ്ഗീസ്‌ അവതരിപ്പിച്ച വിശ്വനാഥന്‍ എന്ന വില്ലന്‍ കഥാപാത്രവും പത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു.

പത്രം തിയറ്ററുകളിലെത്തി പത്തു വര്‍ഷത്തിന്‌ ശേഷം സുരേഷ്‌ ഗോപിയെ തന്നെ നായകനാക്കി അതിനൊരു രണ്ടാഭാഗമൊരുക്കാനുള്ള ആലോചനയിലാണ്‌ രഞ്‌ജി പണിക്കര്‍. രണ്ടാം ഭാഗത്തിലും ഒരു തീപ്പൊരി പത്രക്കാരന്റെ വേഷത്തില്‍ തന്നെയാണ്‌ സുരേഷ്‌ ഗോപി പ്രത്യക്ഷപ്പെടുന്നത്‌. നേരത്തെ റിപ്പോര്‍ട്ടറായി ജോലി ചെയ്‌തിരുന്ന പത്രത്തില്‍ ഇന്നദ്ദേഹം മാനേജിംഗ്‌ എഡിറ്ററാണെന്ന വ്യത്യാസം മാത്രം.

രഞ്‌ജി സിനിമയൊരുക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം ക്യത്യമായ അളവില്‍ അലിഞ്ഞു ചേര്‍ന്നിരിയ്‌ക്കുമെന്ന്‌ ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്‌. കിങിലും കമ്മീഷണറിലും തുടങ്ങി രൗദ്രം വരെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ അതിന്‌ തെളിവാണ്‌. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അത്തരമൊരു ചിത്രം തന്നെയായിരിക്കും രഞ്‌ജിയില്‍ നിന്നുണ്ടാവുകയെന്ന കാര്യമുറപ്പാണ്‌.

പത്രം പുറത്തെത്തിയ കാലത്തില്‍ നിന്നും വ്യത്യസ്‌തമായി രഞ്‌ജി പണിക്കര്‍ ഇന്ന്‌ കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ നേതൃസ്ഥാനത്ത്‌ പ്രവര്‍ത്തിയ്‌ക്കുന്നയാള്‍ കൂടിയാണ്‌. പുതിയ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ക്കും മാറ്റം വന്നിരിയ്‌ക്കുന്നു. ഇവരെയെല്ലാം പുതിയ സിനിമയിലെ വിചാരണ ചെയ്യാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

തെന്നിന്ത്യയില്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ആശിഷ്‌ വിദ്യാര്‍ത്ഥിയാണ്‌ പത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുകയെന്നറിയുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒരു സിബിഐ കേസിനെ ചുറ്റിപ്പറ്റിയായിരിക്കും സിനിമയുടെ കഥയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. പുതിയ സിനിമയുടെ സംവിധാനവും രഞ്‌ജി തന്നെയായിരിക്കുമെന്നാണ്‌ സൂചന.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam