»   » സ്വലേയില്‍ ദിലീപിന്റെ നായികയായി ഗോപിക

സ്വലേയില്‍ ദിലീപിന്റെ നായികയായി ഗോപിക

Posted By:
Subscribe to Filmibeat Malayalam
വിവാഹം കഴിഞ്ഞാല്‍ മലയാള നടിമാര്‍ വെറുതെയൊരു ഭാര്യയായി വീട്ടിലൊതുങ്ങി കൂടുന്ന കാഴ്‌ചയാണ്‌ പൊതുവെ കണ്ടു വരാറുള്ളത്‌. പാര്‍വതി, മഞ്‌ജു വാര്യര്‍, ആനി, സംയുക്താ വര്‍മ്മ.... ഇങ്ങനെ മലയാള സിനിമയ്‌ക്ക്‌ നഷ്ടപ്പെട്ട പ്രതിഭകള്‍ ഏറെയാണ്‌. സിനിമയില്‍ തിളങ്ങി നില്‌ക്കുമ്പോഴായിരുന്നു ഇവരില്‍ പലരും ഈ കലാരംഗത്തോട്‌ വിടപറഞ്ഞത്‌.

എന്നാല്‍ ഇവരില്‍ നിന്നും വേറിട്ടൊരു വഴി സ്വീകരിയ്‌ക്കുകയാണ്‌ ഗോപിക. വിവാഹം കഴിഞ്ഞ്‌ ചെറിയൊരിടവേളയ്‌ക്ക്‌ ശേഷം വെള്ളിത്തിരയിലേക്ക്‌ ശക്തമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്‌ ഈ നടി. ദിലീപ്‌ നായകനാവുന്ന സ്വന്തം ലേഖകനിലൂടെയാണ്‌ ഗോപിക തന്റെ ജൈത്രയാത്ര തുടരുന്നത്‌.

വിവാഹത്തിന്‌ മുമ്പ്‌ സിനിമ ഉപേക്ഷിയ്‌ക്കുമോയെന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നല്‌കാന്‍ ഗോപിക തയാറായിരുന്നില്ല. അതെല്ലാം പിന്നീടാലോചിയ്‌ക്കുമെന്നായിരുന്നു താരം അന്ന്‌ പറഞ്ഞിരുന്നത്‌. പിന്നീട്‌ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയാറാണെന്ന്‌ താരം വെളിപ്പെടുത്തിയിരുന്നു.

പ്രശസ്‌ത ഛായാഗ്രാഹകന്‍ പി സുകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സ്വലേയില്‍ ദിലീപ്‌്‌ അവതരിപ്പിയ്‌്‌ക്കുന്ന പത്രപ്രവര്‍ത്തകന്റെ ഭാര്യയുടെ വേഷമാണ്‌ ഗോപികയ്‌ക്ക്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. ചാന്തുപൊട്ട്‌, പച്ചക്കുതിര ഡോണ്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷമാണ്‌ ഗോപിക വീണ്ടും ദിലീപിന്റെ നായികയാവുന്നത്‌.

കലവൂര്‍ രവികുമാര്‍ തിരക്കഥയൊരുക്കുന്ന സ്വന്തം ലേഖകന്‍ നിര്‍മ്മിയ്‌ക്കുന്നത്‌ കളര്‍ ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ പി സുകുമാറും മധു വാര്യരും ചേര്‍ന്നാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam