twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ സിനിമയുടെ ലൊക്കേഷനില്‍ കാമറൂണ്‍

    By Ajith Babu
    |

    James Cameron and Priyadarshan
    മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ പുതിയ ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും സിനിമയുടെ ലൊക്കേഷനില്‍ എത്തിയ അതിഥിയെ കണ്ട് സിനിമാലോകം ഞെട്ടിക്കാണും. ഹോളിവുഡിലൂടെ ചലച്ചിത്രലോകത്തിന്റെ അവതാരപുരുഷനായി മാറിയ സാക്ഷാല്‍ ജയിംസ് കാമറൂണായിരുന്നു പ്രിയന്റെ അതിഥിയായെത്തിയത്. അതേ ടെര്‍മിനേറ്ററും ടൈറ്റാനിക്കും ഏറ്റവുമൊടുവില്‍ അവതാറും ഒരുക്കി വിശ്വം കീഴക്കിയ ചലച്ചിത്രകാരന്‍ ജയിംസ് കാമറൂണ്‍.

    അബുദാബിയിലെ ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ലൊക്കേഷനിലേക്കാണ് പ്രിയന്‍ അടക്കമുള്ള യൂണിറ്റംഗങ്ങളെ അദ്ഭുതപ്പെടുത്തി കാമറൂണ്‍ എത്തിയത്. മോഹന്‍ലാല്‍, മുകേഷ്, ലക്ഷ്മി റായി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ഷൂട്ടിങ് അബുദാബിയിലെ കറ്റീന മരുഭൂമിയിലാണ് നടന്നിരുന്നത്.

    രംഗങ്ങള്‍ ക്യാമറമാന്‍ അഴകപ്പന്‍ ചിത്രീകരിച്ചു കൊണ്ടിരിയ്‌ക്കെ ഒരു ജീപ്പ് ലൊക്കേഷനിലെത്തി. നാടകീയമായി ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ കാമറൂണിനെക്കണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും ഹോളിവുഡ് സംവിധായകനെ പെടുന്നനെ എല്ലാവരും തിരിച്ചറിഞ്ഞു.

    ആദ്യത്തെ അമ്പരപ്പില്‍ കാമറൂണിനോട് സംസാരിയ്ക്കാന്‍ തന്നെ കഴിഞ്ഞില്ലെന്ന് പ്രിയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 2011 അബുദാഹി മീഡിയ സമ്മിറ്റുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇവിടെയെത്തിയത്. 3ഡിസാങ്കേതികതയുമായി ബന്ധപ്പെട്ട് ഇവിടെ ഒരു പ്രഭാഷണവും അദ്ദേഹം നടത്തി.

    കഴിഞ്ഞ ദിവസം കാമറൂണ്‍ താമസിയ്ക്കുന്ന ഹോട്ടലിലെത്തി അദ്ദേഹവുമായി കാണാന്‍ പ്രിയന്‍ അവസരം ചോദിച്ചിരുന്നു. രാത്രി ഭക്ഷണത്തിനിടെ കാണാമെന്ന് കാമറൂണ്‍ സമ്മതിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം മാറ്റിവെച്ച് തീര്‍ത്തും അപ്രതീക്ഷിതമായി കാമറൂണ്‍ പ്രിയന്‍ ചിത്രത്തിന്റെ ലൊക്കേഷനിലെത്തുകയായിരുന്നു.

    ലൊക്കേഷനില്‍ ഒരു മണിക്കൂറോളം ചെലവഴിച്ച അവതാര്‍ സംവിധായകന്റെ ലക്ഷ്യം ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ് നേരില്‍ കാണുക തന്നെയായിരുന്നു. മോഹന്‍ലാലിന്റെ അഭിനയത്തെ അഭിനന്ദിച്ച അദ്ദേഹം പരിമിതമായ സൗകര്യങ്ങളില്‍ സിനിമയെടുക്കുന്നതില്‍ അദ്ഭുതപ്പെടുകയും ചെയ്തു. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ലാലിനുള്ള പൊന്‍തൂവല്‍ തന്നെയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. പ്രിയന്റെ സംവിധാനമികവിനെ നോക്കിക്കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ രീതികളില്‍ സംതൃപ്തി പ്രകടിപ്പിയ്ക്കുകയും ചെയ്തു. മാധ്യമങ്ങളില്‍നിന്നു മാറി നടന്നിരുന്ന അദ്ദേഹം ലൊക്കേഷനില്‍ എല്ലാവര്‍ക്കുമൊപ്പം ചിത്രങ്ങളെടുക്കാന്‍ നില്‍ക്കുകയും സ്വന്തം ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

    കൂടിക്കാഴ്ചയില്‍ എന്തൊക്കെയാവും കാമറൂണ്‍ പ്രയനോട് പറഞ്ഞിട്ടുണ്ടാവുക? ബോളിവുഡില്‍ ഒരു ബിഗ് ബജറ്റ് 3ഡി ചിത്രം ഒരുക്കുന്നതിന്റെ സാധ്യതകളെ കുറിച്ചാവുമോ? എന്നാല്‍ അതൊന്നുമല്ല, ഹോളിവുഡില്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന 3ഡി വിപ്ലവത്തെക്കുറിച്ചാണ് കാമറൂണ്‍ വാചാലനായത്. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്നും കളറിലേക്ക് സിനിമ മാറിയതിന് സമാനമായ മാറ്റങ്ങളാണ് ഇതിലൂടെ ഹോളിവുഡില്‍ ഉണ്ടായതെന്ന് കാമറൂണ്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

    3ഡിയില്‍ ഒരു സിനിമ എടുക്കാന്‍ ആലോചനയുണ്ടെങ്കില്‍ അത് 3ഡിയില്‍ തന്നെ ഷൂട്ട് ചെയ്യണമെന്നും കാമറൂണ്‍ ഉപദേശിച്ചുവത്രേ. അതല്ലാതെ 3ഡി ഇഫ്ക്ടുകള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കുന്നത് സമയവും പണവും പാഴാക്കുമെന്ന് മാത്രമല്ല നിലവാരം മോശമാക്കുമെന്നും കാമറൂണ്‍ പറഞ്ഞു.

    വെളിച്ചം പോകുന്നതിന് മുമ്പ് പ്രിയനോടും അഴകപ്പനോടും ഷൂട്ടിങ് തുടരാന്‍ നിര്‍ബന്ധിച്ചാണ് ജെയിംസ് കാമറൂണ്‍ മടങ്ങിയത്. തന്റെ കരിയറിലെ ഒരിയ്ക്കലും മറക്കാനാവാത്ത കൂടിക്കാഴ്ചയെന്നാണ് ഇതേപ്പറ്റി പ്രിയന്‍ പറയുന്നത്. ബോളിവുഡില്‍ ഒരു 3ഡി ചിത്രമൊരുക്കാനുള്ള ആത്മവിശ്വാസം ഇതിലൂടെ ലഭിച്ചെന്ന് മലയാളത്തില്‍ നിന്നും ബോളിവുഡിന്റെ ഉയരങ്ങള്‍ കീഴടക്കിയ സംവിധായകന്‍ പറയുന്നു.

    English summary
    Director Priyadarshan was shooting a crucial scene along with his cameraman Azhagappan in the Al Kateena deserts, which is an hour's drive from Abu Dhabi. In the scene, his lead actors are shown as being on the run and as a result, losing their way in the desert. When this scene was being shot, a desert jeep suddenly arrived at the location and James Cameron, one of the most famous directors in the world, stepped out! Everyone in the unit who recognised him was spellbound!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X