»   » അസിസ്റ്റന്റിനെ കാണാനില്ല; അസിനെതിരെ കേസ്‌

അസിസ്റ്റന്റിനെ കാണാനില്ല; അസിനെതിരെ കേസ്‌

Posted By:
Subscribe to Filmibeat Malayalam
Asin
ചെന്നൈ: ജോലിക്കാരനെ കാണാതായതിന്റെ പേരില്‍ തെന്നിന്ത്യന്‍-ബോളിവുഡ്‌ താരം അസിനെതിരെ കേസ്‌.

അസിന്റെ അസിസ്‌റ്റന്റായി ജോലി ചെയ്‌തിരുന്ന നല്ലമുത്തുകുമാറി(23)നെ കാണാതായതിനെത്തുടര്‍ന്ന്‌ അയാളുടെ പിതാവാണ്‌ അസിനും പിതാവ്‌ ജോസഫ്‌ തോട്ടുങ്കലിനും എതിരെ പരാതി നല്‍കിയിരിക്കുന്നത്‌.

ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ റെഡ്‌ഹില്‍സ്‌ പൊലീസ്‌ അസിനും പിതാവിനും എതിരെ കേസെടുത്തിട്ടുണ്ട്‌. നാലു കൊല്ലമായി നല്ലമുത്തുകുമാര്‍ അസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

ബോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന്‌ അസിന്‍ മുംബൈയ്‌ക്ക്‌ താമസം മാറ്റിയപ്പോള്‍ നല്ലമുത്തുവിനെയും കൂടെകൊണ്ടുപോയിരുന്നുവത്രേ. അവിടെവച്ച്‌ റോഡപകടത്തില്‍ പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.

അന്ന്‌ ഇയാളുടെ പിതാവായ മുത്തുകറുപ്പനും കൂടെയുണ്ടായിരുന്നു. പരുക്കുകള്‍ ഭേദമായപ്പോള്‍ ഇരുവരും ചെന്നൈയിലേയ്‌ക്കു തിരിച്ചുപോന്നു. പിന്നീട്‌ അസിന്‍ വിളിച്ചതിനെത്തുടര്‍ന്ന്‌ നല്ലമുത്തു വീണ്ടും മുംബൈയ്‌ക്കുപോയെന്നും പിന്നീട്‌ യാതൊരു വിവരവുമില്ലെന്നുമാണ്‌ മുത്തുകറുപ്പന്റെ പരാതിയില്‍ പറയുന്നത്‌.

ജോലിയുമായി ബന്ധപ്പെട്ട്‌ അസിന്‍ തന്നെ വല്ലാതെ വഴക്ക് പറയാറുണ്ടായിരുന്നുവെന്ന് നല്ലമുത്തു തങ്ങളോട്‌ പറഞ്ഞിരുന്നുവെന്ന്‌ അയാളുടെ അമ്മ പറയുന്നു. എന്നാല്‍ അസിന്‍ പറയുന്നത്‌ തന്നോടൊപ്പം ജോലിചെയ്യുന്നതില്‍ നല്ലമുത്തു സന്തോഷവാനായിരുന്നുവെന്നാണ്‌.

അസിന്റെ അസിസ്‌റ്റന്റ്‌ ജോലി ഉപേക്ഷിച്ച്‌ നല്ലമുത്തു പിന്നീട്‌ മുംബൈയിലെ സാമൂഹിക വിരുദ്ധരുടെ ഒരു ഗ്രൂപ്പില്‍ ചേര്‍ന്നുവെന്നാണ്‌ അസിന്റെ പിതാവ്‌ ജോസഫ്‌ പറയുന്നത്‌. ഇക്കാര്യം തങ്ങള്‍ മുംബൈയിലെ പൊലീസ്‌ സ്റ്റേഷനില്‍ അറിയിച്ചിരുന്നുവെന്നും ജോസഫ്‌ പറയുന്നു.

ജനുവരിയിലാണ്‌ ഇയാള്‍ ജോലിയില്‍ നിന്നും സ്വയം പിരിഞ്ഞുപോയതെന്നും അന്നുവരെയുള്ള ശംബളം കൊടുത്തതാണെന്നുമാണ്‌ അസിനും പിതാവും പറയുന്നത്‌.

കുറേനാളുകളായി നല്ലമുത്തുവിനെക്കുറിച്ച്‌ ഒരു വിവരവുമില്ലാതിരുന്നതിനെത്തുടര്‍ന്ന്‌ ഇയാളുടെ കുടുംബാംഗങ്ങള്‍ മുംബൈയില്‍ അന്വേഷിച്ചെത്തുകയായിരുന്നു. എന്നാല്‍ മകനെ കാണാനില്ലെന്ന്‌ മനസ്സിലാക്കിയതിനെത്തുടര്‍ന്ന്‌ ചെന്നൈയില്‌ തിരിച്ചെത്തി ഇവര്‍ പരാതി നല്‍കുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam