»   » ശിക്കാര്‍ മുന്നില്‍, പ്രാഞ്ചി-എല്‍സമ്മ പിന്നാലെ

ശിക്കാര്‍ മുന്നില്‍, പ്രാഞ്ചി-എല്‍സമ്മ പിന്നാലെ

Posted By:
Subscribe to Filmibeat Malayalam
Ramzan movie report
ഓണം സീസണില്‍ തിരിച്ചടി നേരിട്ട മലയാള സിനിമാ വിപണി റംസാന്‍ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് ആഘോഷിയ്ക്കുന്നു. എം പത്മകുമാറിന്റെ മോഹന്‍ലാല്‍ ചിത്രമായ ശിക്കാര്‍, മമ്മൂട്ടി-രഞ്ജിത് ടീമിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ആന്‍ എന്ന പുതുമുഖം നായികയാവുന്ന എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ സിനിമകളാണ് മലയാള സിനിമയ്ക്ക് വീണ്ടും പുതുജീവന്‍ നല്‍കിയിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മിന്നിത്തിളങ്ങിയ മലയാള സിനിമയ്ക്ക് റംസാന്‍ സിനിമകളിലൂടെ മാറ്റേറുകയാണ്.

ഇരയുടെയും വേട്ടക്കാരന്റെയും കഥ പറയുന്ന പത്മകുമാറിന്റെ ശിക്കാര്‍ തന്നെയാണ് റംസാനിലെ ഒന്നാം നമ്പര്‍ മൂവി. ഏറെ നാള്‍ നീണ്ട തിരിച്ചടികള്‍ക്ക് ശേഷം ശിക്കാറിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ലാല്‍ നടത്തിയിരിക്കുന്നത്. മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ താനിപ്പോഴും ഒന്നാമന്‍ തന്നെയാണെന്ന് ലാല്‍ ശിക്കാറിലൂടെ അടിവരയിട്ടുറപ്പിക്കുകയാണ്. ലാല്‍ ആരാധകര്‍ക്ക് വേണ്ട വിഭവങ്ങളെല്ലാം ശിക്കാര്‍ നല്‍കുന്നുണ്ട്.

സെപ്റ്റംബര്‍ പത്തിന് ചെന്നൈയിലും ബാംഗ്ലൂരിലുമടക്കം 110 ഓളം തിയറ്ററുകളില്‍ റിലീസ് ചെയ്ത ശിക്കാര്‍ ബോക്‌സ് ഓഫീസിലെ വേട്ട തുടരുകയാണ്. സെപ്റ്റംബര്‍ 18 വരെയുള്ള കണക്കുകളനുസരിച്ച് 2,10,15,000 രൂപയാണ് ശിക്കാറിന് ഷെയര്‍ വന്നിരിയ്ക്കുന്നത്. മറ്റു റംസാന്‍ സിനിമകള്‍ക്കൊന്നും ശിക്കാറിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു.എന്നാല്‍ അഞ്ചരക്കോടിയോളം മുടക്കി നിര്‍മിച്ച ഈ സിനിമയുടെ ലോങ് റണ്‍ ഏറെ പ്രധാനമാണ്.

ആന്‍ എന്ന പുതുമുഖത്തെയും ചോക്ലേറ്റ് നായകനായ കുഞ്ചാക്കോ ബോബനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് ഒരുക്കിയ എല്‍സമ്മയെന്ന ആണ്‍കുട്ടിയാണ് ബോക്‌സ് ഓഫീസില്‍ രണ്ടാമത്. കുഞ്ചാക്കോ ബോബന് പുതിയൊരു ഇമേജ് സമ്മാനിയ്ക്കുന്ന എല്‍സമ്മയുടെ പ്രധാന ഹൈലൈറ്റ് ആന്‍ എന്ന പെണ്‍കുട്ടി തന്നെയാണ്. 63 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ എട്ട് ദിവസം കൊണ്ട് 1,10,00,000 രൂപ ഷെയര്‍ നേടിക്കഴിഞ്ഞു.

സംവിധായകന്‍ രഞ്ജിത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റാണ് കളക്ഷനില്‍ മൂന്നാമത് നില്‍ക്കുന്നത്. പോക്കിരിരാജയും ചട്ടമ്പിനാടും പോലുള്ള തട്ടുപൊളിപ്പന്‍ പടങ്ങള്‍ ഒരുക്കാനുള്ള സാഹചര്യമുണ്ടായിട്ടും നല്ല സിനിമയുടെ ഭാഗമാകാനുള്ള മമ്മൂട്ടിയുടെ തീരുമാനമാണ് പ്രാഞ്ചിയേട്ടന് കൈയ്യടി നേടിക്കൊടുക്കുന്നത്. ഏറെ നിരൂപകപ്രശംസ നേടിയ ചിത്രം ഇതുവരെ 92,00,000 രൂപയാണ് നേടിയിരിക്കുന്നത്. തീരെ കുറച്ച് ബജറ്റില്‍ ഒറ്റ ഷെഡ്യൂളിലായി പൂര്‍ത്തിയാക്കിയ സിനിമ സാറ്റലൈറ്റ്-ഹോം വീഡിയോ അവകാശങ്ങളിലൂടെ ലാഭകരമാവുമെന്നാണ് വിലയിരുത്തല്‍.

സല്‍മാന്‍ ഖാന്റെ പുതിയ ഹിറ്റായ ദബാങ് കേരളത്തിലും മികച്ച കളക്ഷനാണ് നേരിടുന്നത്. ഇരുപതോളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ദബാങിന്റെ പ്രധാന പ്രേക്ഷകര്‍ യുവാക്കളാണ്. അതേ സമയം വമ്പന്‍ സിനിമകളുടെ വരവോടെ വിനയന്റെ യക്ഷിയും ഞാനും ചെറിയ തിയറ്ററുകളിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്.

ഏറെക്കാലത്തിന് ശേഷമാണ് ഒരേ ദിവസമിറങ്ങിയ മൂന്ന് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്. മലയാള സിനിമയില്‍ നിന്നും പ്രേക്ഷകര്‍ അകന്നിട്ടില്ലെന്് തന്നെയാണ് ഈ സിനിമകള്‍ നേടുന്ന വിജയം തെളിയിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam