»   » തിരിച്ചുവരവിനൊരുങ്ങി ഫാസില്‍

തിരിച്ചുവരവിനൊരുങ്ങി ഫാസില്‍

Posted By:
Subscribe to Filmibeat Malayalam
Fazil
കുടുംബപ്രേക്ഷകരുടെ പ്രിയസംവിധായകന്‍ ഫാസില്‍ വീണ്ടുമെത്തുന്നു. ആദ്യ സിനിമയൊരുക്കി മൂന്ന് പതിറ്റാണ്ട് തികയുന്ന വേളയില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്ത് കൊണ്ട് ശക്തമായൊരു തിരിച്ചുവരവിനാണ് ഫാസില്‍ ശ്രമിയ്ക്കുന്നത്.

ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനെ അനുസ്്മരിപ്പിയ്ക്കും വിധം ഒട്ടേറെ പുതുമുഖങ്ങളുമായിട്ടാണ് അടുത്ത ഫാസില്‍ ചിത്രം തിയറ്ററുകളിലെത്തുക. മെയ് മാസത്തില്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്ന ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെല്ലാം പുതുമുഖങ്ങളായിരിക്കും.

തിരക്കഥ പൂര്‍ത്തിയായ ഈ ചിത്രത്തിലെ നായികയെ കണ്ടെത്തിക്കഴിഞ്ഞു. നായക നടന് വേണ്ടിയുള്ള അന്വേഷണം പുരോഗമിയ്ക്കുകയാണ്. പ്രേമം ഹോബിയാക്കി മാറ്റിയ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഫാസില്‍ പുതിയ ചിത്രത്തില്‍ പറയുന്നത്.

ഇതിന് ശേഷം ഫാസില്‍ ഒരുക്കുന്ന രണ്ടാം ചിത്രത്തില്‍ നായികയാവുന്നത് നദിയാ മൊയ്തുവാണ്. 25 വര്‍ഷം മുമ്പ് ഫാസില്‍ ചിത്രമായ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരത്തിന് ശക്തമായൊരു കഥാപാത്രമാണ് ഫാസില്‍ വീണ്ടും സമ്മാനിയ്ക്കുന്നത്.

കുഞ്ഞായിരിക്കുമ്പോള്‍ വിദേശത്തേക്ക് ദത്തെടുക്കപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയായി നാട്ടില്‍ തിരിച്ചെത്തുകയും തന്റെ അച്ഛനെയും അമ്മയേയും കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് കഥ. കഴിഞ്ഞ കുറെക്കാലമായി മികച്ച ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ട ഫാസില്‍ ഈ സിനിമകളിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam