»   » ഫെഫ്‌ക സിപിഎം പിന്തുണ തേടുന്നു

ഫെഫ്‌ക സിപിഎം പിന്തുണ തേടുന്നു

Posted By:
Subscribe to Filmibeat Malayalam

സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയും സിപിഎം എറണാകുളം ജില്ലാ നേതൃത്വവും തമ്മില്‍ ചര്‍ച്ച നടത്തി. ഫെഫ്‌കയെ പ്രതിനിധീകരിച്ച്‌ സംവിധായകന്‍മാരായ സിബി മലയിലും ബി ഉണ്ണികൃഷണനുമാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറയ്‌ക്കലടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയത്‌.

മാക്ട ഫെഡറേഷന്‍ സിനിമ ചിത്രീകരണം തടസപ്പെടുത്തി സമരം നടത്തുന്നതിനെതിരെ സിപിഎം നേതൃത്വത്തിന്റെ സഹായമഭ്യര്‍ത്ഥിച്ചാണ്‌ ചര്‍ച്ചയെന്ന്‌ കരുതപ്പെടുന്നു. ദിലീപും മമ്മൂട്ടിയും അഭിനയിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ തടസ്സപ്പെടുത്താനാണ്‌ മാക്ട ഫെഡറേഷന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌. ഇക്കാര്യത്തില്‍ മാക്ടയ്‌ക്ക്‌ സിപിഐ പോഷക സംഘടനയായ എഐടിയുസിയുടെ പിന്തുണയുമുണ്ട്‌. ഇതിനെതിരെ സിപിഎം നേതൃത്വത്തിന്റെ പിന്തുണ നേടാനാണ്‌ ഫെഫ്‌ക ശ്രമിയ്‌ക്കുന്നത്‌.

പ്രശ്‌നത്തില്‍ ചലച്ചിത്ര സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഇടപെടുവിയ്‌ക്കാന്‍ ശ്രമങ്ങളാരംഭിച്ചതോടെ മലയാള സിനിമയിലെ പ്രതിസന്ധി പുതിയ തലത്തിലെത്തിയിരിക്കുകയാണ്‌. സിപിഎം മാത്രമല്ല മറ്റു പാര്‍ട്ടികളുമായും ഉടന്‍ ചര്‍ച്ച നടത്തുമെന്ന്‌ ഫെഫ്‌ക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌.

അതിനിടെ സിപിഐ പിന്തുണയോടെ മാക്ട ഫെഡറേഷന്റെ സമരത്തിനെതിരെ സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു രംഗത്തെത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിലേക്ക്‌ മാക്ട ഫെഡറേഷന്‍ നടത്തിയ സമരത്തിനിടെ മമ്മൂട്ടിയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു.

ഏപ്രില്‍ 23ന്‌ തിരുവനന്തപുരത്ത്‌ സിപിഐ ആസ്ഥാനമായ എംഎന്‍ സ്‌മാരകത്തില്‍ ചര്‍ച്ച നടത്താമെന്ന്‌ ധാരണയായതോടെ മാക്ട നേതൃത്വം പ്രതിഷേധ പരിപാടികള്‍ താത്‌കാലികമായി നിര്‍ത്തിവെച്ചിരിയ്‌ക്കുകയാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam