»   » മീരയുടെ കൈയ്യിലിരിപ്പ്‌ ശരിയല്ല: കമല്‍

മീരയുടെ കൈയ്യിലിരിപ്പ്‌ ശരിയല്ല: കമല്‍

Posted By:
Subscribe to Filmibeat Malayalam

മീര ജാസ്‌മിന്‍ എവിടെ പോയി കഴിഞ്ഞ കുറെ നാളായി മലയാള സിനിമാ പ്രേക്ഷകര്‍ ആകാക്ഷപൂര്‍വം തിരക്കുന്ന കാര്യമാണ്‌. വ്യത്യസ്‌തവും തനിമയാര്‍ന്നതുമായ വേഷങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന മീര ഇപ്പോള്‍ മലയാള സിനിമയില്‍ ഇപ്പോഴില്ലെന്ന്‌ വേണമെങ്കില്‍ പറയാം.

മലയാളം മീരയെ വേണ്ടെന്ന്‌ വെച്ചുവെന്നും അതല്ല മീര മലയാളത്തെ ഉപേക്ഷിച്ചുവെന്നുള്ള അഭ്യൂഹങ്ങളാണ്‌ ഇപ്പോള്‍ സിനിമാ രംഗത്ത്‌ പ്രചരിയ്‌ക്കുന്നത്‌.

എന്തായാലും മീരയുടെ അസാന്നിധ്യത്തെക്കുറിച്ച്‌ സംവിധായകന്‍ കമല്‍ പ്രതികരിയ്‌ക്കാന്‍ തയാറായിരിക്കുന്നു. ഒരു അഭിമുഖത്തിനിടെ കമല്‍ രൂക്ഷമായാണ്‌ മീരയുടെ ചെയ്‌തികളെ വിമര്‍ശിച്ചിരിയ്‌ക്കുന്നത്‌.

മലയാള സിനിമയിലേക്ക്‌ മീരയെ വിളിയ്‌ക്കാത്തത്‌ താരത്തിന്റെ കൈയ്യിലിരിപ്പ്‌ ശരിയാവാത്തത്‌ കാരണമാണെന്ന്‌ കമല്‍ പറയുന്നു. സമയത്ത്‌ ഷൂട്ടിംഗിന്‌ വരില്ലെന്ന്‌ മാത്രമല്ല സെറ്റില്‍ മറ്റുള്ളവരോടുള്ള മീരയുടെ പെരുമാറ്റവും മോശമാണ്‌.

എത്ര ഉദാത്തമായ നടിയാണെങ്കിലും ഇങ്ങനെയൊക്കെയാണ്‌ പെരുമാറുന്നതെങ്കില്‍ ആരും വിളിയ്‌ക്കില്ലെന്ന്‌ കമല്‍ ചൂണ്ടിക്കാട്ടുന്നു. ഏതോ അസുഖത്തിന്റെ മരുന്ന്‌ കഴിയ്‌ക്കുന്നത്‌ കൊണ്ട്‌ രാവിലെ എഴുന്നേല്‌ക്കാന്‍ വൈകുന്നതാണ്‌ മീര സെറ്റില്‍ വൈകിയെത്തുന്നതെന്ന പ്രചാരണങ്ങള്‍ കമല്‍ തള്ളിക്കളയുന്നു. ഇതൊന്നും വിശ്വസിയ്‌ക്കാന്‍ സിനിമാക്കാര്‍ അത്ര വിഡ്‌ഢികളല്ല, മീരയ്‌ക്ക്‌ സിനിമയോടുള്ള താത്‌പര്യം കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിയ്‌ക്കുന്നു. കഴിഞ്ഞ കുറെക്കാലമായി പണത്തിനോടും ബാഹ്യസുഖ ചിന്തകളിലുമാണ്‌ അവര്‍ക്ക്‌ താത്‌പര്യം.

മീര അവസാനമായി മലയാളത്തില്‍ അഭിനയിച്ച മിന്നാമിന്നിക്കൂട്ടത്തിന്റെ സംവിധായകന്‍ കമലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുള്ള മീരയുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക്‌ അലോസരം ഉണ്ടാക്കിയിരുന്നുവെന്ന്‌ കമല്‍ പറയുന്നു. അടുത്ത കാലത്തായി മീരയുടെ അഭിനയം കൃത്രിമമായി മാറിയിട്ടുണ്ട്‌. അതേക്കുറിച്ച്‌ പറയുമ്പോള്‍ അത്‌ ചെവിക്കൊള്ളാന്‍ അവര്‍ തയാറാവുന്നില്ല.

കഴിവുള്ള നടിയാണ്‌ മീര. പക്ഷേ അത്‌ മനസ്സിലാക്കി ഇവിടെ കുറെക്കാര്യങ്ങള്‍ തനിയ്‌ക്ക്‌ ചെയ്യാനുണ്ട്‌ എന്ന തിരിച്ചറിവ്‌ അവര്‍ക്കുണ്ടാകുന്നില്ല, അങ്ങനെയൊന്നുണ്ടായാല്‍ മീരയ്‌ക്ക്‌ വീണ്ടും മലയാളത്തില്‍ അവസരങ്ങള്‍ ലഭിയ്‌ക്കുമെന്ന്‌ കമല്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam