»   » മീശ പ്രശ്‌നം:യുഗപുരുഷനില്‍ നിന്നും ലാല്‍ പിന്‍മാറി

മീശ പ്രശ്‌നം:യുഗപുരുഷനില്‍ നിന്നും ലാല്‍ പിന്‍മാറി

Posted By:
Subscribe to Filmibeat Malayalam
Mohanlal
ആര്‍ സുകുമാരന്‍ സംവിധാനം ചെയ്യുന്ന യുഗപുരുഷനില്‍ നിന്നും മോഹന്‍ലാല്‍ പിന്‍മാറി. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി നിര്‍മ്മിയ്‌ക്കുന്ന സിനിമയില്‍ സ്വാമി വിവേകാനന്ദന്റെ വേഷമായിരുന്നു ലാലിന്‌ നിശ്ചയിച്ചിരുന്നത്‌.

സിനിമയില്‍ അഭിനയിക്കാമെന്ന്‌ മോഹന്‍ലാലും സമ്മതിച്ചിരുന്നു. എന്നാല്‍ വിവേകാനന്ദന്റെ വേഷം അവതരിപ്പിയ്‌ക്കാന്‍ വേണ്ടി മീശയെടുക്കണമെന്ന നിബന്ധനയാണ്‌ യുഗപുരുഷനില്‍ നിന്നും ലാലിനെ അകറ്റിയത്‌. യുഗപുരുഷനിലെ രണ്ടു ദിവസത്തെ ചിത്രീകരണത്തിന്‌ വേണ്ടി മീശയെടുത്താല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്ന അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ ചിത്രീകരണത്തെ ബാധിയ്‌ക്കും. ഇതെ തുടര്‍ന്ന്‌ ആര്‍ സുകുമാരനുമായി ചര്‍ച്ച നടത്തി ലാല്‍ പ്രൊജക്ടില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ലാല്‍ അഭിനയിക്കുന്ന വിവേകാനന്ദ സ്വാമിയുടെ രംഗങ്ങള്‍ മൈസൂരില്‍ വെച്ച്‌ ചിത്രീകരിയ്‌ക്കാനാണ്‌ ഉദ്ദേശിച്ചിരുന്നത്‌. എന്നാല്‍ ലാലിന്റെ കഥാപാത്രത്തിന്‌ പകരം മറ്റൊരാളെ കണ്ടെത്തി ചിത്രീകരിയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ്‌ ആര്‍ സുകുരമാരന്‍. ഈയൊരു മാറ്റം സിനിമയുടെ കഥയെയോ മറ്റു കാര്യങ്ങളെയോ ബാധിയ്‌ക്കില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഇത്‌ രണ്ടാം തവണയാണ്‌ യുഗപുരുഷനില്‍ ഇത്തരമൊരു മാറ്റം ഉണ്ടാകുന്നത്‌. നേരത്തെ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശ്രീനാരായണ ഗുരുവിന്റെ വേഷം അവതരിപ്പിയ്‌ക്കാന്‍ നിശ്ചയിച്ചിരുന്നത്‌ മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ തന്റെ താരപരിവേഷം കഥാപാത്രത്തിന്‌ ദോഷമാകുമെന്ന്‌ കണ്ട്‌ മമ്മൂട്ടി തന്നെ ആ റോളില്‍ നിന്നും പിന്‍മാറുകയായിരുന്നു. അതിന്‌ പകരം കെസി കുട്ടന്‍ എന്നൊരു കഥാപാത്രത്തെ യുഗപുരുഷനില്‍ അവതരിപ്പിയ്‌ക്കാന്‍ മമ്മൂട്ടി തയാറായി. മമ്മൂട്ടി പിന്‍മാറിയതിനെ തുടര്‍ന്ന്‌ തമിഴ്‌ നടനായ തലൈവാസലാണ്‌ ശ്രീനാരായണ ഗുരുവിന്റെ വേഷം അവതരിപ്പിയ്‌ക്കുന്നത്‌. ഷൂട്ടിംഗ്‌ കൃത്യ സമയത്ത്‌ പൂര്‍ത്തിയായാല്‍ യുഗപുരുഷന്‍ ഓണത്തിന്‌ റിലീസ്‌ ചെയ്‌തേക്കുമെന്നാണ്‌ സൂചന.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam