»   » അണിയറയില്‍ 6 ചിത്രങ്ങള്‍; മമ്മൂട്ടി വിഷുവിനില്ല

അണിയറയില്‍ 6 ചിത്രങ്ങള്‍; മമ്മൂട്ടി വിഷുവിനില്ല

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടി ആരാധകര്‍ക്ക്‌ നിരാശ പകരുന്ന വിഷുക്കാലമായിരിക്കും ഇത്തവണത്തേത്‌. സൂപ്പര്‍ താരത്തെ കേന്ദ്രമാക്കി ഒരു പിടി ചിത്രങ്ങള്‍ അണിയറില്‍ ഒരുങ്ങുന്നുണ്ടെങ്കിലും ഇതിലൊന്നു പോലും വിഷുക്കാല ചിത്രമായി തിയറ്ററുകളിലെത്തില്ല.

വിഷു റിലീസ്‌ ഉദ്ദേശിച്ച്‌ ഷൂട്ടിംഗ്‌ ആരംഭിച്ച പട്ടണത്തില്‍ ഭൂതത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്‌ ഫാന്റസി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിറയെ ഗ്രാഫിക്‌സ്‌ രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന്റെ സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സമയമെടുക്കും. അതിനാല്‍ പട്ടണത്തില്‍ ഭൂതം മെയ്‌ മാസത്തില്‍ റിലീസ്‌ ചെയ്യാനാണ്‌ ഇപ്പോള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

മമ്മൂട്ടി-അര്‍ജ്ജുന്‍ ടീമിന്റെ വന്ദേമാതരമായിരുന്നു വിഷുവിന്‌ പ്രതീക്ഷിയ്‌ക്കപ്പട്ട മറ്റൊരു ചിത്രം. ഏറെക്കാലം മുമ്പേ ഷൂട്ടിംഗ്‌ ആരംഭിച്ച ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ സീനുകള്‍ ഇനിയും ചിത്രീകരിയ്‌ക്കാനുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതോടെ വന്ദേമാതരത്തിന്റെ റിലീസും ഇനിയും നീളുമെന്ന്‌ ഉറപ്പായി കഴിഞ്ഞു.

അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും വാരിക്കൂട്ടുമെന്ന്‌ പ്രതീക്ഷിയ്‌ക്കപ്പെടുന്ന കുട്ടിസ്രാങ്കാണ്‌ മറ്റൊരു മമ്മൂട്ടി സിനിമ. ഷൂട്ടിംഗും മറ്റു ചിത്രീകരണാനന്തര ജോലികളും തീര്‍ന്നെങ്കിലും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം വിദേശ രാജ്യങ്ങളിലെ ഫിലിം ഫെസ്റ്റിവെല്ലുകളിലായിരിക്കും ഉണ്ടാകുക. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന യുഗപുരുഷന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങാനിരിയ്‌ക്കുന്നതെയുള്ളൂ.

മമ്മൂട്ടി-എംടി-ഹരിഹരന്‍ കൂട്ടികെട്ടില്‍ ഒരുങ്ങുന്ന പഴശ്ശിരാജയുടെ ഡബ്ബിംഗ്‌ ജോലികള്‍ ചെന്നൈയില്‍ ആരംഭിച്ചിട്ടുണ്ട്‌. അഞ്ച്‌ ഭാഷകളില്‍ പൂര്‍ത്തിയാകുന്ന ഈ സിനിമയിലും ഏറെ ഗ്രാഫിക്‌സ്‌ രംഗങ്ങളുണ്ട്‌. സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നത്‌ കൊണ്ട്‌ പഴശ്ശിരാജ ആഗസ്‌റ്റ്‌ 15ന്‌ റിലീസ്‌ ചെയ്യാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

നവാഗത സംവിധായകനായ ആഷിക്‌ അബു ഒരുക്കുന്ന ഡാഡി കൂളാണ്‌ മമ്മൂട്ടി പുതുതായി അഭിനയിച്ചു തുടങ്ങുന്ന ചിത്രം. മാര്‍ച്ച്‌ അവസാനം ഷൂട്ടിംഗ്‌ തുടങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കൊച്ചിയാണ്‌. ഇതിന്‌ പിന്നാലെ ജയരാജ്‌ ഒരുക്കുന്ന ലൗഡ്‌ സ്‌പീക്കറിന്റെ വര്‍ക്കുകളിലേക്ക്‌ മമ്മൂട്ടി കടക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam