»   » പൃഥ്വി-പ്രിയാമണിവീണ്ടും ഒരുമിക്കുന്നു

പൃഥ്വി-പ്രിയാമണിവീണ്ടും ഒരുമിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
ഒരിയ്‌ക്കല്‍ കൂടി പൃഥ്വിരാജ്‌-പ്രിയാമണി ജോഡികള്‍ വെള്ളിത്തിരയില്‍ ഒന്നിയ്‌ക്കുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ ഷാജി കൈലാസിന്റെ അസോസിയേറ്റ്‌ ഡയറക്ടറായി പ്രവര്‍ത്തിച്ച ദീപന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ മുഖം എന്ന ചിത്രത്തിലാണ്‌ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞ പഴയ ജോഡികള്‍ വീണ്ടുമൊന്നിയ്‌ക്കുന്നത്‌.

പ്രണയത്തിനും ആക്ഷനും ഒരു പോലെ പ്രധാന്യമുള്ള ചിത്രത്തില്‍ പ്രിയാമണിയ്‌ക്ക്‌ പുറമെ മീരാ നന്ദനും പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. എഞ്ചിനീയറിംഗ്‌ കോളെജ്‌ വിദ്യാര്‍ത്ഥിനിയായ അഞ്‌ജനയെന്ന കഥാപാത്രത്തെ പ്രിയാമണി അവതരിപ്പിയ്‌ക്കുമ്പോള്‍ പാലക്കാട്ടെ അഗ്രഹാരത്തിലെ ശ്രീദേവിയെന്ന ബ്രാഹ്മണ പെണ്‍കുട്ടിയായാണ് മീര വേഷമിടുന്നത്‌.

അഗ്രഹാര നിവാസിയായ കൃഷ്‌ണകുമാര്‍ എന്ന അയ്യര്‍ യുവാവിനെയാണ്‌ പൃഥ്വിരാജ്‌ അവതരിപ്പിയ്‌ക്കുന്നത്‌. നല്ലൊരു മൃദംഗ വായനക്കാരനായ കൃഷ്‌ണകുമാര്‍ എഞ്ചിനിയറിംഗ്‌ പഠനത്തിനായി കൊച്ചിയിലെ കോളെജിലെത്തുന്നു. തുടര്‍ന്ന്‌ കാമ്പസില്‍ അയാള്‍ക്ക്‌ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ്‌ പുതുമുഖത്തിന്റെ പ്രമേയം.

സത്യം, തിരക്കഥ, നിനൈത്താലെ ഇനിയ്‌ക്കും, ഷൂട്ടിംഗ്‌ തുടരുന്ന മണിരത്‌നം ചിത്രത്തിലും പ്രിയാമണി പൃഥ്വിയുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട്‌. എന്നാല്‍ മീരാ നന്ദന്‍ പൃഥ്വിയ്‌ക്കൊപ്പം ഇതാദ്യമാണ്‌. ഇവര്‍ക്ക്‌ പുറമെ വിജയരാഘവന്‍, ബാല, സായ്‌ കുമാര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ജഗദീഷ്‌, ജനാര്‍ദ്ദനന്‍, അജയന്‍ (ഉണ്ടപക്രു) തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്‌.

ബദേസ്‌താ പ്രൊഡക്ഷന്റെ ബാനറില്‍ അനില്‍ മാത്യുവും മുരുകനും ചേര്‍ന്ന്‌ നിര്‍മ്മിയ്‌ക്കുന്ന പുതിയ മുഖത്തിന്റെ വിതരണാവകാശം ടൈം ആഡ്‌സിനാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam