»   » ചില തിരക്കഥകളോര്‍ക്കുന്പോള്‍ ലജ്ജതോന്നുന്നു: റസാഖ്

ചില തിരക്കഥകളോര്‍ക്കുന്പോള്‍ ലജ്ജതോന്നുന്നു: റസാഖ്

Posted By:
Subscribe to Filmibeat Malayalam
Film Script
ചലച്ചിത്രലോകത്തെ പ്രശ്‌നങ്ങള്‍ക്കെതിരെ മുന്‍നിരതിരക്കഥാകൃത്തുക്കളില്‍ ഒരാളായ ടിഎ റസാഖ് ശബ്ദമുയര്‍ത്തുന്നു. കുട്ടികളുടെ ചലച്ചിത്രക്യാമ്പിന്റെ സമാപനച്ചടങ്ങില്‍ റസാഖ് മനസ്സുതുറന്നത് സ്വയം വിമര്‍ശിച്ചുകൊണ്ടാണ്. ചലച്ചിത്രമെന്ന പേരില്‍ കൊണ്ടുവരുന്ന കെട്ടുകാഴ്ചകളെയും അമിത അശ്ലീലത്തെയുമെല്ലാം റസാഖ് വാവിട്ട് വിമര്‍ശിച്ചിരിക്കുകയാണ്.

ഇന്ന് സിനിമ ഒരുപാട് അപസ്വരങ്ങളുടെയും അപശകുനങ്ങളുടെയും സമ്മേളനമാണ്. സിനിമക്കുള്ളിലിരുന്നുകെണ്ട് ഇത്രയും കാലം ഞാനും അതുതന്നെചെയ്തു. സമൂഹത്തിന്റെ ചിന്തയിലും പ്രവൃത്തിയിലും ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സിനിമ അതിന്റെ ഏറ്റവും മോശമായ അവസ്ഥയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു- റസാഖ് പറഞ്ഞു.

വര്‍ഷങ്ങളായി സിനിമയുടെ ചോറുണ്ണുന്ന ഞാനും അതുതന്നെയാണ് തുടരുന്നത്. എന്റെ സിനിമകളെ എടുത്തു നിരത്തിയാല്‍ കാണാകിനാവ്, പെരുമഴക്കാലം പോലുള്ള ചില സിനിമകള്‍ മാത്രമെ സ്വാസ്ഥ്യം നല്‍കുന്നുള്ളു. കമ്പോളത്തിന്റെ വിപണനത്തിന് കൂട്ടു നിന്നുകൊണ്ട് എഴുതി കടന്നുപോകുന്ന എന്നെ പോലുള്ളവര്‍ ഇത്തരം വേദികളിലാണ് ശിരസ്സ് കുനിക്കേണ്ടിവരുന്നത്.

നമ്മുടെ വീടുകളില്‍ ടിവിയില്‍ നിന്നു പുറന്തള്ളിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളെ, സിനിമപാട്ടുകളുടെ ദൃശ്യഖണ്ഡങ്ങള്‍ വര്‍ഷിക്കുന്ന അമിതമായ അശ്‌ളീലം കുടുംബസദസ്സ് ഏറെ പഥ്യത്തോടെ സ്വീകരിക്കപ്പെടുന്നതുകാണുമ്പോള്‍ ഞാനുള്‍പ്പെടുന്നവര്‍ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളെ ഓര്‍ത്തു പരിതപിക്കുകയാണ്.

വളര്‍ന്നുവരുന്ന പുതിയ തലമുറ ഈ നീരാളി പിടുത്തത്തില്‍ നിന്ന് രക്ഷനേടണം. സമുഹത്തെ ഗുണപരമായ് സ്വാധീനിക്കുന്ന സൃഷ്ടികള്‍ക്കു ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തന മാതൃക നിങ്ങള്‍ കൈമുതലാക്കണം. പോക്കറ്റിലെ പേന ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി കൂടുതല്‍ ആഴത്തിലും അര്‍ത്ഥവത്തായും ക്യാമറകള്‍ ഏറ്റെടുക്കുന്ന കാലമാണിത്.

ശക്തമായ ഒരായുധമാണത് നിങ്ങളുടെ മുമ്പില്‍ പുതിയ ആശയങ്ങളും രീതികളും വളര്‍ന്നുവരട്ടെ. ഒരിക്കലും മുഖ്യ ധാരയുടെ വക്താക്കളായ് മാറാതെ ശക്തമായ സിനിമകള്‍ തീര്‍ക്കാന്‍ കഴിയട്ടെ-അദ്ദേഹം പറഞ്ഞു.

English summary
Prominent script writer TA Rasaq criticized the Malayalam filmdom over the present cituation. And he also criticized his own work

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam