»   » ശോഭന പരമേശ്വരന്‍ നായര്‍ അന്തരിച്ചു

ശോഭന പരമേശ്വരന്‍ നായര്‍ അന്തരിച്ചു

Subscribe to Filmibeat Malayalam

തൃശ്ശൂര്‍: മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവന്‍മാരിലൊരാളായ പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ്‌ ശോഭന പരമേശ്വരന്‍ നായര്‍ അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. വൃക്കരോഗം ബാധിച്ച്‌ ഏറെ നാളായി ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാവിലെ തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളെജ്‌ ആസ്‌പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏക മകള്‍ സുപ്രിയയും മരുമകന്‍ വിജയകുമാറും ആശുപത്രിയിലെത്തിയിരുന്നു.

കലാകാരനായ ചലച്ചിത്ര നിര്‍മാതാവ് എന്നറിയപ്പെട്ടിരുന്ന ശോഭനാ പരമേശ്വരന്‍ നായര്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് ചലച്ചിത്ര രംഗത്തെത്തിയത്. പ്രസിഡന്റിന്റെ പുരസ്കാരം ലഭിച്ച'നീലക്കുയിലി'ന്റെ സ്‌റ്റില്‍ ഫോട്ടോഗ്രാഫറായാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. മലയാള സിനിമയിലെ വഴിത്തിരിവുകളായി മാറിയ ഒട്ടേറെ സിനിമകളുടെ നിര്‍മാതാവായി മാറിയ പരമേശ്വരന്‍ അന്പതോളം ചലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

മലയാളത്തിലെ മികച്ച സാഹിത്യ രചനകള്‍ സിനിമയാക്കുന്നതില്‍ അദ്ദേഹം എന്നും ഉത്സാഹം കാണിച്ചിരുന്നു. സാഹിത്യത്തേയും സിനിമയേയും സര്‍ഗാത്മകമായി സഹകരിപ്പിയ്ക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തിരുന്നു.

പാറപ്പുറത്തിന്റെ 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍' , എംടിയുടെ 'മുറപ്പെണ്ണ്‌', നഗരമേ നന്ദി, കൊച്ചുതെമ്മാടി, സി രാധാകൃഷ്‌ണന്റെ 'തുലാവര്‍ഷം', എന്‍ മോഹനന്റെ 'പൂജക്കെടുക്കാത്ത പൂക്കള്‍', പെരുമ്പടവത്തിന്റെ 'അഭയം', ജി വിവേകാനന്ദന്റെ 'കള്ളിച്ചെല്ലമ്മ', എസ്‌എല്‍ പുരത്തിന്റെ 'നൃത്തശാല', കെഎസ്‌.കെ തളിക്കുളത്തിന്റെ ' അമ്മുവിന്റെ ആട്ടിന്‍കുട്ടി' ഈ ചലച്ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു അദ്ദേഹം.

തച്ചോളി ഒതേനന്‍, ഭാര്‍ഗവീ നിലയം, മുടിയനായ പുത്രന്‍, മൂടുപടം തുടങ്ങിയ ഒട്ടേറെ സിനിമകളുടെ സ്‌റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു.

ചിറയിന്‍കീഴ്‌ പാലവിള നാരായണപിള്ളയുടേയും കുഞ്ഞിയമ്മയുടേയും മകനായി ജനിച്ച പരമേശ്വരന്‍ നായര്‍ പത്താംക്ലാസുവരെ പ്രേംനസീറിന്റെ സഹപാഠിയായിരുന്നു.

പഠനശേഷം നിശ്ചല ഛായാഗ്രാഹകനായി ജീവിതം ആരംഭിച്ച അദ്ദേഹം 1954ല്‍ തൃശ്ശൂരില്‍ ശോഭന എന്നപേരില്‍ സ്റ്റുഡിയോ ആരംഭിച്ചു. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട്‌ രാമുകാര്യാട്ടുമായി പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

എംടി വാസുദേവന്‍ നായര്‍, കെ രാഘവന്‍ മാസ്റ്റര്‍, സംവിധായകന്‍ വിന്‍സെന്റ്, നടന്‍ മധു, ഗായകന്‍ ജയചന്ദ്രന്‍ തുടങ്ങിയ ഒട്ടേറെ പേരെ സിനിമാ ലോകത്ത് എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ഏറെ വലുതാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam