For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അസാധ്യമായി നയന്‍സിന് ഒന്നുമില്ല....

  By Super
  |

  അസാധ്യമായി ഒന്നുമില്ലെന്ന് സ്വന്തം പ്രവൃത്തി കൊണ്ട് തെളിയിച്ചിട്ടുണ്ട് നയന്‍താര. മേജര്‍ രവിയും മമ്മൂട്ടിയും ഒരുമിച്ച തൊണ്ണൂറു നാള്‍ ദൗത്യത്തിനും നയന്‍സിനു വേണ്ടി വഴിമാറിക്കൊടുക്കേണ്ടി വന്നത് ദിവസങ്ങള്‍ മാത്രം പഴക്കമുളള സിനിമാ ചരിത്രം.

  കൊടികെട്ടിയ വമ്പന്‍മാര്‍ക്കോ തുണിയുടുത്തതോ ഉടുക്കാത്തതോ ആയ ഗ്ലാമര്‍ ശിങ്കങ്ങള്‍ക്കോ ഇന്നോളം കഴിയാത്ത മറ്റൊരു റെക്കാര്‍ഡും സ്വന്തം പേരിലെഴുതിച്ചേര്‍ത്തു നമ്മുടെ സ്വന്തം നയന്‍സ് എന്ന നയന്‍താര.

  തുടര്‍ച്ചയായി 200 ദിനങ്ങള്‍ വിദേശത്ത് ഷൂട്ടിംഗില്‍ പങ്കെടുത്താണ് വെളളിത്തിരയിലെ ഈ നക്ഷത്രം പുതിയ ചരിത്രമെഴുതിയത്.

  നയന്‍ നായികയായ മൂന്നു ചിത്രങ്ങളാണ് കഴിഞ്ഞ ദീപാവലിക്ക് റിലീസ് ചെയ്തത്. നയന്‍സിന്റെ ചുണ്ടും കടിച്ചെടുത്ത് ഹിറ്റായി പറന്ന വല്ലവന്‍, ഇ, തിരുമുരുകന്‍. മൂന്നും തമിഴ് പേശും പടങ്ങള്‍.

  ഈ മൂന്നു ചിത്രങ്ങളോടെ നയന്‍സിന്റെ പെരുമ തെലുങ്കിലും കൊടിപാറി.

  പിന്നെ സംഭവിച്ചതിന്റെ രത്നച്ചുരുക്കം ദാ ഇങ്ങനെ. കഴിഞ്ഞ നവമ്പറിലാണ് വിദേശത്തെ നയന്‍സ് തേരോട്ടം തുടങ്ങിയത്. തെലുങ്കു സിനിമയായ ദി ബോസിനു വേണ്ടി കാനഡയില്‍ ഷൂട്ടിംഗ്.

  >നായകന്‍ നാഗാര്‍ജുന. സംവിധാനം വി എന്‍ ആദിത്യ. പടവും പാട്ടുകളും തെലുങ്കരുടെ മനം കവര്‍ന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.

  ബോസ് പൂര്‍ത്തിയായപ്പോള്‍ അടുത്ത ചിത്രം യോഗി. യോഗിയുടെ ചിത്രീകരണത്തിന് നയന്‍സും സംഘവും പറന്നത് ഈജിപ്തിലേയ്ക്ക്. ചിത്രം സംവിധാനം ചെയ്തത് വി വി വിനായക്. നായകന്‍ പ്രഭാസ്. ഈജിപ്തില്‍ ചിത്രീകരിച്ച ഗാനരംഗങ്ങളില്‍ നയന്‍ മനം നിറഞ്ഞാടി. പടം സൂപ്പര്‍ ഹിറ്റ്.

  അടുത്തത് ദുബായ് സീനു. മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത ദുബായ് സീനു എത്തിയപ്പോഴാണ് രാജീവ് വധാന്വേഷണം ഡോക്യുമെന്ററി ശൈലിയില്‍ പകര്‍ത്തിയ മിഷന്‍ 90 ഡേയ്സ് തീയേറ്ററുകാര്‍ മടക്കിക്കൊടുത്തത്.

  ദുബായ് സീനുവില്‍ നയന്‍സിന്റെ നായകന്‍ രവി തേജ. നയന്‍സിന്റെ ഗ്ലാമര്‍ യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചാല്‍ ഗംഭീരമാവുമെന്ന് നിര്‍മ്മാതാവ് ധനയ്യയ്ക്കും സംവിധായകന്‍ വൈറ്റ്ലയ്ക്കും തോന്നിയതില്‍ ഒട്ടും അതിശയിക്കേണ്ട. ദക്ഷിണേന്ത്യയിലാകെ പടം തകര്‍ത്തു വാരിയപ്പോള്‍ പണം മുടക്കിയതില്‍ ഒട്ടും പശ്ചാത്തപിക്കേണ്ടി വന്നില്ല ഇരുവര്‍ക്കും.

  രജനിയുടെ മരുമകന്‍ ധനുഷ് നായകനാകുന്ന യാരെടീ നീ മോഹിനിയ്ക്കു വേണ്ടി ബാങ്കോക്കിലേയ്ക്ക് പറന്നു നയന്‍ പിന്നീട്. പ്രകടനം ഗംഭീരമാണെന്ന് അണിയറയില്‍ അടക്കം പറയുന്നു. ഒട്ടും മോശമാവാന്‍ വഴിയില്ല. തെലുങ്കരെക്കാള്‍ ഒട്ടും മോശമല്ല തമിഴ് നിര്‍മ്മാതാക്കളും.

  ബാങ്കോക്കില്‍ നിന്നും നക്ഷത്രനടി പറന്നത് മൗറീഷ്യസിലേയ്ക്ക്. അജിത്ത് നായകനാകുന്ന ബില്ല 2007 ലെ കിടിലോല്‍ക്കിടിലം സീനുകള്‍ സംവിധായകന്‍ പ്ലാന്‍ ചെയ്തത് മൗറീഷ്യസില്‍ വച്ച്.

  ബിക്കിനിയുമണിഞ്ഞ് ലാസ്യമദാലസയായി നില്‍ക്കുന്ന നയന്‍സും നായകന്‍ അജിത്തും നടിച്ച രംഗങ്ങളാണ് മൗറീഷ്യസില്‍ ഷൂട്ട് ചെയ്തത്. ചിത്രം റിലീസ് ചെയ്യുമ്പോള്‍ ശാലിനിയുടെ നെഞ്ചിടിപ്പ് കൂടുമെന്നും അജിത്തിനെ വീട്ടില്‍ പൂട്ടിയിടുമെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പരസ്പരം പറയുന്നു.

  മലയാളത്തില്‍ തുടങ്ങി മറുനാടിന്റെ നെറുകയിലേയ്ക്ക് വളര്‍ന്നുകയറിയ ഒട്ടേറെ സിനിമാ താരങ്ങളും സാങ്കേതിക വിദഗ്ധരുമുണ്ട്. അവര്‍ക്കൊന്നും കഴിയാത്തതാണ് നയന്‍സ് നേടിയത്. റിക്കാര്‍ഡുകളുടെ പെരുമഴയ്ക്കൊപ്പം വിവാദങ്ങളുടെ ഇടിമിന്നലുകളും ഒപ്പമുണ്ടെങ്കിലും നയന്‍സിന് കുലുക്കമില്ല. സമ്പത്തു കാലത്ത് പറന്നഭിനയിച്ചാല്‍ വയസുകാലത്ത് വയറു നിറച്ചു തിന്നാം. ഓര്‍ക്കാന്‍ സുഖമുളള ഓര്‍മ്മകളും കൂട്ടിന്. ഒരു വെടിക്ക് പക്ഷികള്‍ എത്രയെന്ന് ആരെണ്ണുന്നു...?

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X