»   » ഷാരൂഖ് സ്‌റ്റൈലില്‍ ദിലീപ്

ഷാരൂഖ് സ്‌റ്റൈലില്‍ ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
ദിലീപ് നായകനാവുന്ന കാര്യസ്ഥന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. മലയാള സിനിമയില്‍ ഇന്നുവരെ കാണാത്ത രീതിയിലുള്ള ഗാന-നൃത്തരരംഗ ചിത്രീകരണത്തോടെയായിരുന്നു കാര്യസ്ഥന് തുടക്കം കുറിച്ചത്.

മിനി സ്‌ക്രീന്‍ രംഗത്തെ മുന്‍നിര താരങ്ങളെ അണിനിരത്തി വര്‍ണപൊലിമയോടെ ചിത്രീകരിച്ച ഗാനനൃത്തരംഗത്തോടെ ആഘോഷപൂര്‍വമായ അന്തരീഷത്തിലാണ് ദിലീപ് ചിത്രം തുടങ്ങിയത്. അമ്പതോളം നടീനടന്‍മാരും മുപ്പതോളം ഡാന്‍സേഴ്‌സും നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രീകരണത്തില്‍ പങ്കെടുത്തു. ഗാനചിത്രീകരണത്തിനിടെ പിന്നണി ഗാനരംഗത്തെ ശ്രദ്ധേയരായ റിമി ടോമി, അഫ്‌സല്‍, ജ്യോത്സന, ബിജു നാരായണന്‍ തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

ബോളിവുഡ് ചിത്രമായ ഓം ശാന്തി ഓമില്‍ സമാനമായ ഒരു നമ്പര്‍ സംവിധായികയായ ഫറാഖാന്‍ അവതരിപ്പിച്ചിരുന്നു. ഷാരൂഖ് നായകനായ ചിത്രത്തില്‍ ഹിന്ദി സിനിമാലോകത്തെ ഭൂരിപക്ഷം താരങ്ങളെയും പങ്കെടുപ്പിച്ചാണ് ഫറാഖാന്‍ ഗാനരംഗം കൊഴുപ്പിച്ചത്. ഈയൊരു ശൈലിയില്‍ തന്നെയാണ് കാര്യസ്ഥനിലെ ഗാനരംഗവും ചിത്രീകരിച്ചത്. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ചതിന് ശേഷമാണ് ഗാനരംഗം ചിത്രീകരിച്ചത്.

കഥയുടെ നിര്‍ണായകഘട്ടത്തില്‍ സംഭവിയ്ക്കുന്ന വിവാഹചടങ്ങിനോടനുബന്ധിച്ചാണ് ഗാന-നൃത്തരംഗം ഒരുങ്ങുന്നത്. കൈതപ്രം രചിച്ച് ബേണി ഇന്ഗ്നീഷ്യസ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് ബെന്നി ദയാളും കോറസും ചേര്‍ന്നാണ്. അടിപൊളി മൂഡിലുള്ള ഗാനത്തിന്റെ നൃത്തച്ചുവട് ചിട്ടപ്പെടുത്തിയിരിക്കുന്നത് ബൃന്ദ മാസ്‌ററ്ററാണ്.

ഉദയ് കൃഷ്ണ-സിബി തോമസ് ടീം ഒന്നിയ്ക്കുന്ന മുപ്പത്തിയൊന്നാമത് തിരക്കഥയാണ് കാര്യസ്ഥന്‍. ഇരട്ടകളുടെ തിരക്കഥയില്‍ ഇത് പതിനാലം തവണണയാണ് ദിലീപ് നായകനാവുന്നത്. കാര്യസ്ഥന്റെ വിശേഷങ്ങള്‍ ഇവിടെയും തീരുന്നില്ല. തിരക്കഥാകൃത്തുക്കളിലൊരാളായ സിബി കെ തോമാസിന്റെ സഹോദരന്‍ തോംസനാണ് കാര്യസ്ഥന്‍ ഒരുക്കുന്നത്. തോസന്റെ ആദ്യ സ്വതന്ത്ര സംവിധാനസംരഭമാണിത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam