»   » മുന്തിരിപ്പൂക്കളുടെ അതിഥിയല്ല; പകരം ആഗതന്‍

മുന്തിരിപ്പൂക്കളുടെ അതിഥിയല്ല; പകരം ആഗതന്‍

Posted By:
Subscribe to Filmibeat Malayalam
Dilip
ദിലീപിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആഗതന്റെ ചിത്രീകരണം ആരംഭിച്ചു. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ചാര്‍മി നായികയായെത്തുന്ന ചിത്രത്തില്‍ തമിഴ്‌ നടന്‍ സത്യരാജ്‌ ഒരു മേജറുടെ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്‌. ഊട്ടിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‌ നേരത്തെ മുന്തിരിപ്പൂക്കളുടെ അതിഥിയെന്നായിരുന്നു പേരിട്ടിരുന്നത്‌. പിന്നീടത്‌ ആഗതന്‍ എന്നാക്കി മാറ്റുകയായിരുന്നു.

ഏറെക്കാലം മുമ്പെ കമലിന്റെയും തിരക്കഥാകൃത്ത്‌ കലവൂര്‍ രവികുമാറിന്റെയും മനസ്സിലുണ്ടായിരുന്ന പ്രൊജക്ടാണ്‌ ഇത്‌. വിമാനപകടത്തില്‍ മരിച്ച സൗന്ദര്യയേയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി ചിത്രം ചെയ്യാന്‍ കമല്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സൗന്ദര്യയുടെ അകാലത്തിലുള്ള മരണം അതെല്ലാം കീഴ്‌മേല്‍ മറിച്ചു. പിന്നീട്‌ മറ്റു ചില താരങ്ങളെ വെച്ച്‌ സിനിമ ചെയ്യാന്‍ ആലോചിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ഒടുവില്‍ സിനിമ ചെയ്യാനുള്ള സാഹചര്യമൊരുങ്ങിയപ്പോള്‍ പൃഥ്വിയ്‌ക്ക്‌ പകരം ദിലീപിനെയാണ്‌ കമല്‍ നായകനായി തിരഞ്ഞെടുത്തത്‌. പച്ചക്കുതിരയ്‌ക്ക്‌ വേണ്ടിയാണ്‌ ദിലീപും കമലും അവസാനമായി ഒന്നിച്ചത്‌. ബോക്‌സ്‌ ഓഫീസില്‍ നേട്ടമുണ്ടാക്കാന്‍ ആ ചിത്രത്തിന്‌ കഴിഞ്ഞിരുന്നില്ല.

പ്രണയവും പ്രതികാരവും ഇഴ ചേര്‍ത്തൊരുക്കുന്ന ആഗതനില്‍ ഗൗതം മേനോന്‍ എന്നൊരു ഐടി പ്രൊഫഷണലായാണ്‌ ദിലീപ്‌ അഭിനയിക്കുന്നത്‌. പാസഞ്ചറിലൂടെ ദിലീപിന്റെ ഭാഗ്യനായികയായി മാറിയ മംമ്‌തയെയാണ്‌ ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നതെങ്കിലും അസുഖമാണെന്ന കാരണം പറഞ്ഞ്‌ നടി പിന്‍മാറി. തുടര്‍ന്ന്‌ നടത്തിയ അന്വേഷണമാണ്‌ ചാര്‍മ്മിയില്‍ അവസാനിച്ചത്‌.

Dilip
ദിലിപീനൊപ്പം നായകതുല്യ വേഷത്തിലാണ്‌ സത്യരാജ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. സത്യരാജിന്‌ പുറമെ ഒരു കാലത്ത്‌ മലയാളിയുടെ പ്രിയനായികയായിരുന്ന സറീന വഹാബും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. കലണ്ടര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മടങ്ങിയെത്തിയതിന്‌ ശേഷം സറീന അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്‌. ഔസേപ്പച്ചനാണ്‌ ആഗതന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്‌.

ഊട്ടിയ്‌ക്ക്‌ പുറമെ കശ്‌മീര്‍, കൂര്‍ഗ്‌, ബാംഗ്ലൂര്‍ എന്നിവിടങ്ങളും ആഗതന്റെ ഷൂട്ടിങ്‌ ലൊക്കേഷനുകളാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam