»   » ദിലീപ് സിങും പൃഥ്വി സിങും നേര്‍ക്കുനേര്‍

ദിലീപ് സിങും പൃഥ്വി സിങും നേര്‍ക്കുനേര്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj
മമ്മൂട്ടി-ലാല്‍ ദ്വയങ്ങളെ കടത്തിവെട്ടി സൂപ്പര്‍താര പദവിയിലെത്താനുള്ള പൃഥ്വിയുടെയും ദിലീപിന്റെയും ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റ വര്‍ഷമാണ് കടന്നുപോകുന്നത്. എന്നാല്‍ 2011ലെങ്കിലും വമ്പന്‍ വിജയങ്ങള്‍ നേടി മുന്നിലെത്താനുള്ള പദ്ധതികള്‍ ഇരുവരും ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. അതേ സമയം ഇരുവരുടെയും ആലോചനയിലുള്ള രണ്ട് സിനിമകള്‍ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു.

പഞ്ചാബി സിങുമാരായി വെള്ളിത്തിരയിലെത്താനുള്ള നടന്‍മാരുടെ ശ്രമമാണ് ഏറെ കൗതുകം സൃഷ്ടിയ്ക്കുന്നത്. പഞ്ചാബി ഹൗസ് എന്ന മെഗാഹിറ്റിന് ശേഷം ദിലീപ് റാഫി മെക്കാര്‍ട്ടിനുമൊത്ത് ലക്കി സിങ് എന്നൊരു കഥാപാത്രത്തെ തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. നേരത്തെ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗമാണ് ഇവര്‍ ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിനിടെ ദിലീപിന്റെ എതിരാളിയായ പൃഥ്വിയും ഒരു പഞ്ചാബി സിങായി മാറാനുള്ള ഒരുക്കത്തിലാണ്. പോക്കിരി രാജ ഫെയിം വൈശാഖ് ഒരുക്കുന്ന മല്ലു സിങിലൂടെയാണ് പൃഥ്വി പഞ്ചാബിയാവുന്നത്. സിനിമയില്‍ ഹരി സിങ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. പഞ്ചാബില്‍ വേഷം മാറി ലേശം തരികിടയുമായി കഴിയുന്ന രസകരമായൊരു കഥാപാത്രമാണ് പൃഥ്വിയ്ക്ക് ചിത്രത്തിലുള്ളത്.

ഈ പ്രൊജക്ടിന് വേണ്ടി കഴിഞ്ഞയാഴ്ച നടത്തിയ സിങ് വേഷത്തിലുള്ള പൃഥ്വിയുടെ ഫോട്ടോഷൂട്ട് തകര്‍പ്പനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയിപ്പോള്‍ ഏത് സിങ് ആദ്യം തിയറ്ററുകളിലെത്തുമെന്നാണ് മോളിവുഡ് കൗതുകത്തോടെ കാത്തിരയ്ക്കുന്നവര്‍ക്ക്. ആദ്യമെത്തുന്നവര്‍ക്ക് അതിന്റെ ഗുണം അനുഭവിയ്ക്കാമെന്ന മെച്ചവുമുണ്ട്.

ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകള്‍ പ്രകാരം പൃഥ്വിയുടെ മല്ലുസിങ് ആദ്യം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. റാഫി മെക്കാര്‍ട്ടിന്റെ തന്നെ ചൈനാ ടൗണില്‍ അഭിനയിക്കുന്ന ദിലീപിന് ഇത് പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത മാര്‍ച്ചോടെ മാത്രമേ ലക്കി സിങിന്റെ ജോലികള്‍ ആരംഭിയ്ക്കാന്‍ കഴിയൂ. മലയാള സിനിമയില്‍ വീണ്ടുമൊരു പഞ്ചാബി തരംഗം സൃഷ്ടിയ്ക്കാന്‍ ആര്‍ക്കു കഴിയുമെന്ന ചോദ്യത്തിന് 2011 ഉത്തരം നല്‍കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam