»   » യക്ഷി നിര്‍മാതാവും വിനയനെ കൈവിട്ടു

യക്ഷി നിര്‍മാതാവും വിനയനെ കൈവിട്ടു

Posted By:
Subscribe to Filmibeat Malayalam
Vinayan
സ്വന്തം പാളയത്തിലുള്ളവരെ വെറുപ്പിച്ച് മറുകണ്ടം ചാടിച്ച ചരിത്രമാണ് സംവിധായകന്‍ വിനയന് എന്നും പറയാനുള്ളത്. ഈ നിരയിലേക്ക് ഒരാള്‍ കൂടി ചേര്‍ന്നിരിയ്ക്കുന്നു. വേറാരുമല്ല, മലയാള സിനിമയിലെ പ്രബല വിഭാഗം ഒന്നടങ്കം എതിര്‍ത്തപ്പോഴും വിനയനൊപ്പം ഉറച്ചു നിന്ന് യക്ഷിയും ഞാനും നിര്‍മിച്ച സംവിധായകന്‍ റൂബന്‍ ഗോമസാണ് വിനയനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വിനയനെതിരെ ശക്തമായ ആരോപണങ്ങളാണ് റൂബന്‍ ഉന്നയിച്ചിരിയ്ക്കുന്നത്. പറഞ്ഞ ബജറ്റില്‍ സിനിമ തീര്‍ക്കാതെ വിനയന്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് നിര്‍മാതാവിന്റെ പരാതി. വന്‍ സാമ്പത്തിക ബാധ്യതയാണ് വിനയന്‍ വരുത്തിവെച്ചത്. എല്ലാവരും കൈവിട്ട വിനയനെ സഹായിച്ചതാണോ താന്‍ ചെയ്ത തെറ്റെന്നും റൂബന്‍ ചോദിയ്ക്കുന്നു.

യക്ഷിയും ഞാനും സിനിമ നിര്‍മ്മിച്ചതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. കൂടാതെ താനറിയാതെ സിനിമയുടെ തമിഴ്-തെലുങ്ക് പകര്‍പ്പവകാശം രഹസ്യമായി വില്‍ക്കാനും വിനയന്‍ ശ്രമിച്ചുവെന്നും റൂബന്‍ ആരോപിയ്ക്കുന്നു. ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണനെ ശാരീരികമായി കൈകാര്യം ചെയ്യാന്‍ വിനയന്‍ ആവശ്യപ്പെട്ടെന്നൊരു ഗുരുതരമായ ആരോപണവുംറൂബന്‍ ഉന്നയിച്ചിട്ടുണ്ട്. നിര്‍മാതാക്കളെ കുടുക്കാന്‍ പറ്റിയ ചെപ്പടിവിദ്യകള്‍ വിനയന്റെ പക്കലുണ്ടെന്നും താന്‍ വിനയന്റെ കെണിയില്‍ പെടുകയാണുണ്ടായതെന്നും റൂബന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ നിര്‍മാതാവിന്റെ പരാതികളെല്ലാം വിനയന്‍ നിഷേധിച്ചിട്ടുണ്ട്. സൂപ്പര്‍താരത്തിന്റെ ഡേറ്റ് ഒപ്പിയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. ഈ സൂപ്പര്‍താരവും ഫെഫ്ക ഭാരവാഹികളും ഒത്തുകളിച്ച് മമ്മൂട്ടിയുടെ ഡേറ്റ് സംഘടിപ്പിച്ചു നല്‍കിയതിനാലാണ് റൂബന്‍ മറുകണ്ടം ചാടിയത്.

യക്ഷിയും ഞാനും സാമ്പത്തിക ബാധ്യത വരുത്തിവെച്ചുവെന്ന വാദം ശുദ്ധ അസംബന്ധമാണ്. രണ്ട് കോടിയാണ് സിനിമയുടെ നിര്‍മാണ ചെലവ്. ഇതില്‍ 1.10 കോടി സാറ്റലൈറ്റ് വഴി നേടിയെടുക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. തിയറ്റര്‍ പ്രദര്‍ശനത്തിലൂടെയും ഒരു കോടി കളക്ഷന്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. പടം ഓടുമ്പോള്‍ തന്നെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് എങ്ങനെ പറയാനാവുമെന്ന് വിനയന്‍ ചോദിച്ചു. സിനിമയുടെ വിതരണാവകാശം വില്‍ക്കാന്‍ നിയമപരമായി നിര്‍മ്മാതാവിന് മാത്രമാണ് അധികാരമെന്നും വിനയന്‍ പറഞ്ഞു.

എന്തായാലും റുബന്റെ പരാതിപ്രകാരം മാക്ട വിനയനെതിരെ അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയില്‍ നടക്കാനിരിക്കുന്ന മാക്ടയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും സൂചനകളുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X