»   » 'കോ ബ്രദേഴ്‌സേ' ഇതു വേണ്ടിയിരുന്നില്ല

'കോ ബ്രദേഴ്‌സേ' ഇതു വേണ്ടിയിരുന്നില്ല

Posted By:
Subscribe to Filmibeat Malayalam
Cobra
സിനിമയെ കലാരൂപമെന്ന രീതിയില്‍ ആസ്വദിക്കാനല്ല ഭൂരിഭാഗം പേരും തിയേറ്ററിലെത്തുന്നത്. വിനോദമെന്ന നിലയില്‍ സിനിമയെ കാണുന്നവരാണ് മിക്കവരും. ഒരു സിനിമയെ കുറിച്ച് കേള്‍ക്കുമ്പോള്‍ ചില മുന്‍വിധികള്‍ എല്ലാവര്‍ക്കുമുണ്ടാകും.

നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ലാല്‍ വര്‍ഷങ്ങള്‍ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രം, ബോക്‌സ് ഓഫിസില്‍ തുടര്‍ച്ചയായി തിരിച്ചടിയേറ്റുകൊണ്ടിരിക്കുന്ന മമ്മുട്ടിക്കുള്ള കച്ചിത്തുരുമ്പ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ ഒഴുകിയ പ്രിവ്യു റിപ്പോര്‍ട്ടുകള്‍, ഏതൊരു സിനിമാപ്രേമിയെയും എത്രയും വേഗം ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് മുകളില്‍ പറഞ്ഞതെല്ലാം. 'നന്നാവും' എന്നു ചിന്തിച്ച് തിയേറ്ററിലെത്തിയ എല്ലാവരെയും ഒരിക്കല്‍ പോലും സന്തോഷിപ്പിക്കാന്‍ കോബയ്ക്കായില്ലെന്നതാണ് സത്യം.

കരുത്തുകുറഞ്ഞ കഥ അല്ലെങ്കിയില്‍ കഥയില്ലായ്മ, ബ്രദറേ ബ്രദറേ എന്ന് എപ്പോഴും കാറി കൊണ്ടിരിക്കുന്ന അറുബോറന്‍ തിരക്കഥ, സലിം കുമാറും മണിയന്‍പിള്ള രാജുവും ചേര്‍ന്ന് തീര്‍ക്കുന്ന നാലാംകിട മോണോ ആക്ടുകള്‍, മദ്യപാനത്തെ ഉത്സവമാക്കുന്ന സിനിമയുടെ പോക്കും വാക്കുകളും. ഒരു പതിവു സിനിമ എന്നു പോലും പറയാന്‍ പറ്റാത്ത വിധമുള്ള നിലവാരത്തകര്‍ച്ച കോബ്രയ്ക്കുണ്ട്. മമ്മുട്ടിയെയും ലാലിനെയും സലിം കുമാറിനെയും പോലുള്ള താരങ്ങള്‍ ഇത്തരം പൊറാട്ട് നാടകത്തിന് ഇറങ്ങിപുറപ്പെട്ടത് പണത്തിനു വേണ്ടിയാണെങ്കില്‍ അതിന്റെ കാലം കഴിഞ്ഞുവെന്ന് ഓര്‍ഡിനറിയും 22 ഫിമെയിലും സാള്‍ട്ട് ആന്റ് പെപ്പറും തെളിയിച്ചതാണ്. കുറഞ്ഞ ബജറ്റില്‍ കണ്ടിരിക്കാവുന്ന സിനിമകളുണ്ടാക്കാന്‍ സാധിക്കുന്നവരും കേരളത്തിലുണ്ട്. മുകളില്‍ പറഞ്ഞ സിനിമകളെല്ലാം ജനങ്ങള്‍ ആസ്വദിച്ചിട്ടുണ്ട്. തിയേറ്ററിന്റെ പടിയിറങ്ങുമ്പോള്‍ നന്നായി എന്നു പറയാന്‍ ചില കാര്യങ്ങള്‍ ഈ ചിത്രങ്ങളിലുണ്ടായിരുന്നു.

കരിയും രാജയും വിദ്യാഭ്യാസം തീരെയില്ലാത്ത പണക്കാരാണ്. എത്ര സിനിമകളില്‍ പയറ്റിയ തന്ത്രം. കഥാപാത്രങ്ങള്‍ക്കുവേണ്ടി ലാലും മമ്മുട്ടിയും കാട്ടുന്ന കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നത് അവരോട് തന്നെയാണ്. ലാലു അലക്‌സ് തനിക്ക് കിട്ടിയ കഥാപാത്രത്തെ പതിവുപോലെ ഉത്സവമാക്കിയിട്ടുണ്ട്. ഉത്സവപറമ്പുകളില്‍ മിമിക്‌സ് പരേഡുമായെത്തുന്ന ലോക്കല്‍ ടീമുകള്‍ക്കുപോലും ഇതിനേക്കാള്‍ നന്നായി ആളുകളെ ചിരിപ്പിക്കാന്‍ സാധിക്കും.

നല്ല ക്ഷമയുണ്ടെങ്കില്‍ മാത്രം കോബ്രയുടെ കടികൊള്ളാനായി തിയേറ്ററിലെത്തുക. ഇവിടെ ഊട്ടിയുറപ്പിക്കുന്ന രണ്ടു കാര്യമുണ്ട്. മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും ഇത്തരം കോപ്രായ സിനിമകള്‍ ബഹിഷ്‌കരിക്കുക തന്നെ വേണം. സൂപ്പര്‍താരങ്ങളുടെ ബ്രാന്‍ഡ് വാല്യു വിറ്റഴിച്ച് പണമുണ്ടാക്കാമെന്ന പഴയ തന്ത്രം ഇനി വിലപ്പോകില്ലെന്ന് ഈ കരിയും രാജയും തെളിയിക്കും. മറ്റൊന്നു ഫേസ്ബുക്കിലൂടെയും ടിവി ചാനലുകളിലൂടെയും പുറത്തുവരുന്ന റിവ്യു റിപ്പോര്‍ട്ടുകള്‍ കണ്ട് സിനിമ കാണാന്‍ പോകരുത്. പണവും പോകും സമയവും പോകും. മാനസിക ഉല്ലാസത്തിനുവേണ്ടി മാറ്റിവെച്ച സമയം ഏറ്റവും വലിയ പീഡനകാലമായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

English summary
Cobra not came up to the level what expected. A talented team made a flop. No minimum guarantee. Its waste of money and time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam