»   » 22 എഫ്‌കെയില്‍ നായകനാകാന്‍ ആര്‍ക്കുണ്ട് ചങ്കൂറ്റം?

22 എഫ്‌കെയില്‍ നായകനാകാന്‍ ആര്‍ക്കുണ്ട് ചങ്കൂറ്റം?

Posted By: Super
Subscribe to Filmibeat Malayalam

മലയാളത്തില്‍ നിന്നും ഹിന്ദിയുള്‍പ്പെടെയുള്ള അന്യഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്ത ചിത്രങ്ങള്‍ ഒട്ടേറെയുണ്ട്. സംവിധായകന്‍മാരായ പ്രിയദര്‍ശനും സിദ്ദിഖുമെല്ലാം ഇത്തരത്തില്‍ മലയാളചിത്രങ്ങള്‍ റീമേക്ക് ചെയ്ത് അന്യഭാഷകളില്‍ വിജയക്കൊടി പാറിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇത്തരമൊരു ബഹുഭാഷാ റീമേക്കിനായി ഊഴം കാത്തുനില്‍ക്കുകയാണ് പോയവര്‍ഷം ഏറെ പ്രശംസ നേടിയ 22 ഫീമെയില്‍ കോട്ടയം എന്ന ആഷിക് അബു ചിത്രം.

എല്ലാ കാര്യങ്ങളും അനുകൂലമായി മാറുകയാണെങ്കില്‍ 22 എഫ്‌കെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടും. നടനും നിര്‍മ്മാതാവുമായ രാജ്കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 22 എഫ്‌കെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം താന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും മൂന്ന് ഭാഷകള്‍ക്കും അനുയോജ്യമായ രീതിയില്‍ ചിത്രത്തിന്റെ തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും രാജ്കുമാര്‍ പറയുന്നു.

22 Female Kottyam

രാജ്കുമാറിന്റെ ഭാര്യയും മുന്‍കാല നടിയുമായ ശ്രീപ്രിയയാണ് എല്ലാ ഭാഷകളിലും ചിത്രം സംവിധാനം ചെയ്യുക. ശ്രീപ്രിയ ഏതാണ്ട് മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 22 എഫ്‌കെ കൈകാര്യം ചെയ്ത വിഷയത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ശ്രീപ്രിയയ്ക്ക് വലിയ താല്‍പര്യമായിരുന്നു. വളരെ പെട്ടന്നുതന്നെ മൂന്നു ഭാഷകളിലും ചിത്രം യാഥാര്‍ത്ഥ്യമാക്കാനാണ് ഞങ്ങളുടെ തീരുമാനം- രാജ്കുമാര്‍ പറയുന്നു.

മലായാളത്തില്‍ അഭിനയിച്ച ആരും തന്നെ മറ്റ് മൂന്ന് ഭാഷാ ചിത്രങ്ങളിലും ഉണ്ടാകില്ലെന്നാണ് അറിയുന്നത്. മാത്രമല്ല മൂന്ന് ഭാഷകളിലും സ്വീകാര്യയായിട്ടുള്ള ഒരു നടിയെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കാനായി അണിയറക്കാര്‍ അന്വേഷിക്കുന്നത്. മൂന്ന് ഭാഷാചിത്രങ്ങളിലും നായകനെ കണ്ടെത്തുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മലയാളത്തില്‍ ഫഹദ് ഫാസില്‍ മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ഫഹദ് ഈ വേഷം ഏറ്റെടുത്തതുപോലെ മറ്റ് ഭാഷകളിലെ മുന്‍നിരതാരങ്ങളൊന്നും വില്ലന്‍ സ്വഭാവവും വ്യത്യസ്തമായ ക്ലൈമാക്‌സുമുള്ള ഈ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ തയ്യാറായേയ്ക്കില്ല- രാജ്കുമാര്‍ പറയുന്നു. ഹിന്ദിയില്‍ ഈ റോള്‍ അഭിനയിക്കാന്‍ തയ്യാറായേയ്ക്കാവുന്ന ഒരു നടന്‍ തന്റെ മനസ്സിലുണ്ടെന്നും രാജ്കുമാര്‍ പറയുന്നു.

ദില്ലി മാനഭംഗം വാര്‍ത്തയായതോടെ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ഇമേജ് ഇടിഞ്ഞിരിക്കുകയാണെന്നും ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തില്‍ ഏറെ പ്രസക്തിയുള്ള ചിത്രമാണിതെന്നും രാജ്കുമാര്‍ പറയുന്നു. ഇതിനിടെ 22 എഫ്‌കെയുടെ നിര്‍മ്മാതാവായ ഒ ജി സുനില്‍ താന്‍ ചിത്രത്തിന്റെ കന്നഡ റീമേക് നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ചിത്രം ഒരു മലയാളി സംവിധായകനാണ് സംവിധാനം ചെയ്യുകയെന്നും അദ്ദേഹം പറയുന്നു.

English summary
If all goes well, Aashiq Abu's 22 Female Kottayam (22FK) will soon be remade into Hindi, Tamil and Telugu. Yesteryear actor-turned-producer Rajkumar has confirmed the news.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam