»   » കാണ്ഡഹാര്‍ നിലംപരിശായി

കാണ്ഡഹാര്‍ നിലംപരിശായി

Posted By:
Subscribe to Filmibeat Malayalam
Kandahar
വന്‍ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്റെ കാണ്ഡഹാറിന് വന്‍തിരിച്ചടി. വിമാനറാഞ്ചലിന്റെ കഥ പറയുന്ന ഈ ബിഗ് ബജറ്റ് ചിത്രം ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുകയാണെന്ന് തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് അടുത്ത കാലത്ത് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയാണത്രേ കാണ്ഡഹാര്‍ നേരിടുന്നത്.

ഡിസംബര്‍ 16ന് 125 തിയറ്ററുകളില്‍ റിലീസായ ചിത്രം രണ്ടാം ദിവസത്തിന് ശേഷം 80 കേന്ദ്രങ്ങളിലേക്ക് ചുരുങ്ങിയിരുന്നു. അമിതാഭ് ബച്ചനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകത പോലും സിനിമയ്ക്ക് രക്ഷയായില്ല.

അഞ്ചരക്കോടിയോളം മുടക്കി നിര്‍മിച്ച സിനിമയ്‌ക്കേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പരതുന്ന തിരക്കിലാണ് സിനിമാ പണ്ഡിറ്റുകള്‍. ആദ്യപകുതിയിലെ വിരസത പരത്തുന്ന സെന്റിമെന്റ്‌സ് സീനുകളും ക്ലൈമാക്‌സിലെ പാളിച്ചകളും കാണ്ഡഹാറിന് തിരിച്ചടിയായെന്നാണ് വിലയിരുത്തലുകള്‍. സിനിമയുടെ ഹൈലൈറ്റായി മാറേണ്ട കമാന്‍ഡോ ഓപ്പറേഷന്‍ രംഗങ്ങള്‍ ലാലിന്റെ കടുത്ത ആരാധകരെ പോലും ആകര്‍ഷിയ്ക്കാന്‍ പോന്നവയായിരുന്നില്ല. ലാലും ബച്ചനുമുള്‍പ്പെടയുള്ള താരങ്ങള്‍ തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയെങ്കിലും തിരക്കഥയാണ് കാണ്ഡഹാറിന്റെ നട്ടെല്ലൊടിച്ചതെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നു.

മധ്യകേരളത്തിലെ ലാലിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും സിനിമ വന്‍തിരിച്ചടിയാണ് നേരിടുന്നത്. വലിയ സീറ്റിങ് കപ്പാസിറ്റിയുള്ള തിയറ്ററുകളില്‍ ഫസ്റ്റ ഷോയ്ക്ക് പോലും 150ല്‍ പരം ആളുകള്‍ മാത്രമാണ് എത്തുന്നതെന്ന് തിയറ്റര്‍ ഉടമകള്‍ പറയുന്പോള്‍ സിനിമ നേരിടുന്ന പ്രതിസന്ധിയുടെ ചിത്രം വ്യക്തമാവും.
ഹോള്‍ഡ് ഓവറാവുന്നതോടെ അധികം വൈകാതെ സിനിമ തിയറ്ററുകളില്‍ നിന്ന് മാറ്റുമെന്ന സൂചനകളും അവര്‍ നല്‍കിയിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam