»   » പ്രതീക്ഷകളോടെ ഇന്ത്യ ഓസ്ക്കാര്‍ വേദിയില്‍

പ്രതീക്ഷകളോടെ ഇന്ത്യ ഓസ്ക്കാര്‍ വേദിയില്‍

Subscribe to Filmibeat Malayalam
Slumdog Millionaire' closing in on Oscars glory
കാത്തിരിപ്പ്‌ അവസാനിയ്‌ക്കുന്നു. കൊഡാക്‌ തിയറ്ററിന്‌ മുമ്പിലെ റെഡ്‌കാര്‍പ്പെറ്റ്‌ അതിഥികളെ വരവേല്‌ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സത്യജിത്ത്‌ റേയും ഭാനു അത്തയ്യയും സുവര്‍ണലിപികളില്‍ കുറിച്ച ചരിത്രം ആവര്‍ത്തിയ്‌ക്കാന്‍ ഒരു മലയാളിയ്‌ക്ക്‌ കഴിയുമോ എന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. മലയാളി ശബ്ദ ലേഖകന്‍ റസൂല്‍ പൂക്കുട്ടിയും സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാനും മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള രണ്ട്‌ ഷോര്‍ട്ട്‌ ഫിലിമുകള്‍ കൂടി എണ്‍പത്തിയൊന്നാം ഓസ്‌ക്കാര്‍ പുരസ്‌ക്കാര പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിയ്‌ക്കുന്നു.

തിങ്കളാഴ്‌ച രാവിലെ ഇന്ത്യന്‍ സമയം ആറരയോടെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ച്‌ തുടങ്ങുമ്പോള്‍ ഇന്ത്യയുടെ പുത്രന്‍മാര്‍ ഓസ്‌ക്കാര്‍ വേദി കീഴടക്കുമെന്ന പ്രതീക്ഷയിലാണ്‌ രാജ്യത്തെ ജനത. ഗോള്‍ഡന്‍ ഗ്ലോബും ബ്രിട്ടീഷ്‌ അക്കാദമി അവാര്‍ഡുകളും അവരുടെ പ്രതീക്ഷകള്‍ക്ക്‌ ആത്മവിശ്വാസമേകുന്നു.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ്‌ സംവിധായകന്‍ ഒരുക്കിയ സ്ലംഡോഗ്‌ മില്യനെയര്‍ ഓസ്‌ക്കാര്‍ വേദിയില്‍ കറുത്ത കുതിരയാകുമെന്നാണ്‌ നിരീക്ഷകര്‍ കരുതുന്നത്‌. പത്ത്‌ നാമനിര്‍ദ്ദേശങ്ങളാണ്‌ മുംബൈ ചേരിയുടെ കഥപറയുന്ന സ്ലംഡോഗ്‌ നേടിയിരിക്കുന്നത്‌. മികച്ച സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനുമായി മൂന്ന്‌ നാമനിര്‍ദ്ദേശങ്ങള്‍ സ്വന്തമാക്കിയ എ ആര്‍ റഹ്മാനും മികച്ച ശബ്ദലേഖനത്തിന്‌ മലയാളിയായ റസൂല്‍ പൂക്കുട്ടിയുമാണ്‌ ഇന്ത്യന്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയിരിക്കുന്നത്‌.

ഇതിന്‌ പുറമെ മികച്ച ചിത്രം, സംവിധായകന്‍, ഛായാഗ്രഹണം, തിരക്കഥ, ശബ്ദ സങ്കലനം, എഡിറ്റിംഗ്‌, തുടങ്ങിയവക്കും സ്ലംഡോഗ്‌ നാമനിര്‍ദ്ദേശം നേടിയിട്ടുണ്ട്‌. 13 നാമനിര്‍ദ്ദേശങ്ങളുമായി ബ്രാഡ് പിറ്റ് നായകനായ 'ദ ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബഞ്ചമിന്‍ ബര്‍ട്ടനാ'ണ്‌ സ്ലംഡോഗിന്‌ മുമ്പിലെ പ്രധാന വെല്ലുവിളി.

ഉത്തര്‍പ്രദേശിലെ പിങ്കി എന്ന ദരിദ്ര പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന സ്‌മൈല്‍ പിങ്കി, പോളിയോ നിര്‍മാര്‍ജ്ജന പ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങള്‍ പ്രമേയമാക്കുന്ന ദ ഫൈനല്‍ ഇഞ്ച്‌ എന്നീ ഡോക്യുമെന്ററികളും ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക്‌ ചിറകാവുന്നു.

ലോകത്തിന്‌ മുന്നില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ യശസ്സ്‌ വാനോളമുയര്‍ത്തിയ റഹ്‌മാനും പൂക്കുട്ടിയും ഓസ്‌ക്കാര്‍ വേദിയില്‍ ജൈത്രയാത്ര നടത്തുമെന്ന്‌ തന്നെ നമുക്ക്‌ പ്രതീക്ഷിയ്‌ക്കാം, പ്രാര്‍ത്ഥിയ്ക്കാം. കാതോര്‍ക്കുക ദ ഓസ്‌ക്കാര്‍ ഗോസ്‌ ടു.....

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam